ഫിഫ ബെസ്റ്റ്; പ്രഖ്യാപനം ഇന്ന് ദോഹയില്‍
അടുത്ത വർഷം ജനുവരിയിലെന്ന് അറിയിച്ച പുരസ്കാര പ്രഖ്യാപനം അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ചൊവ്വാഴ്ച ദോഹയില്‍ നടത്താൻ ഫിഫ തീരുമാനിച്ചത്. അന്താരാഷ്ട്ര-ക്ലബ് ഫുട്ബാള്‍ മത്സര ഷെഡ്യൂളിന്റെ തിരക്ക് കൂടി കണക്കിലെടുത്താണ് അവാർഡ് നൈറ്റില്ലാതെ ഓണ്‍ലൈൻ വഴി പുരസ്കാര പ്രഖ്യാപനം നടത്തുന്നത്. ഖത്തർ വേദിയാകുന്ന ഫിഫ ഇന്റർകോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ മത്സരത്തിന് തലേദിവസം ദോഹയിലെ ആസ്പയർ അക്കാദമിയിലാണ് പോയവർഷത്തെ മികച്ച താരങ്ങള്‍ക്കുള്ള ‘ഫിഫ ബെസ്റ്റ്’ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. 2022 ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ രണ്ടാം വാർഷികവും ഖത്തറിലെ പ്രമുഖ ഫുട്ബാള്‍ പരിശീലന കേന്ദ്രമായ ആസ്പയർ അക്കാദമിയുടെ 20ാം വാർഷികവും ആഘോഷിക്കുന്ന വേളയിലാണ് ലോക ഫുട്ബാള്‍ പുരസ്കാര പ്രഖ്യാപനം ദോഹയെ തേടിയെത്തുന്നത്. ഓണ്‍ലൈൻ വഴി നടക്കുന്ന അവാർഡ് പ്രഖ്യാപനം ഫിഫ വെബ്സൈറ്റ് വഴി സംപ്രേഷണം ചെയ്യും. ഗാല ഡിന്നറോടെ നടക്കുന്ന പരിപാടിയുടെ സമയം ഫിഫ പ്രഖ്യാപിച്ചിട്ടില്ല. ബുധനാഴ്ച ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റയല്‍ മഡ്രിഡ്- മെക്സിക്കൻ ക്ലബായ പചൂക ഫിഫ ഇന്റർകോണ്ടിനെന്റല്‍ മത്സരത്തിന്റെ ഭാഗമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, ഫിഫ കൗണ്‍സില്‍ അംഗങ്ങള്‍, ലോക ഫുട്ബാള്‍ താരങ്ങള്‍ എന്നിവർ ദോഹയിലെത്തിയിട്ടുണ്ട്. നവംബർ അവാന വാരത്തില്‍ ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചിരുന്നു. മികച്ച പുരുഷ-വനിത തരങ്ങള്‍, പുരുഷ-വനിത കോച്ച്, ഗോള്‍കീപ്പർ, മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് എന്നിവയാണ് പ്രഖ്യാപിക്കുന്നത്.ആരാധകർക്കുള്ള വോട്ട് ചെയ്യാനുള്ള അവസരം നേരത്തേ തന്നെ അവസാനിപ്പിച്ചിരുന്നു. വിവിധ ദേശീയ ടീമുകളുടെ നായകർ, പരിശീലകർ, തിരഞ്ഞെടുക്കപ്പെട്ട കായിക മാധ്യമ പ്രവർത്തകർ എന്നിവരുടെ വോട്ടിങ്ങിന്റെ കൂടി അടിസ്ഥാനത്തിലാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. വോട്ടെടുപ്പ് ഡിസംബർ 10ഓടെ അവസാനിച്ചു. ബാലൻ ഡി ഓർ കൈവിട്ട വിനീഷ്യസ് ജൂനിയറിനെ ഫിഫ പുരസ്കാരം നല്കി ആശ്വസിപ്പിക്കുമോ അതോ, യൂറോകപ്പ് കിരീടനേട്ടത്തിന്റെ തിളക്കവുമായി റോഡ്രി ഫിഫ ബെസ്റ്റും സ്വന്തമാക്കുമോ. അതുമല്ലെങ്കില്‍ കിലിയൻ എംബാപ്പെയോ ഹാലൻഡോ എത്തുമോ. നവംബർ അവസാന വാരം പ്രഖ്യാപിച്ച 11 പേരുടെ ചുരുക്കപ്പട്ടികയില്‍ അർജന്റീനയുടെ സൂപ്പർ താരവും എട്ടു തവണ ഫിഫ പുരസ്കാര ജേതാവുമായ ലയണല്‍ മെസ്സിയും ഉണ്ട്. ഇവർ 11 പേർ ഡാനി കാർവഹാല്‍ (റയല്‍ മഡ്രിഡ്), എർലിങ് ഹാലണ്ട് (മാഞ്ചസ്റ്റർ സിറ്റി), ഫെഡറികോ വാല്‍വെർഡെ (റയല്‍ മഡ്രിഡ്), േഫ്ലാറിയാൻ വിറ്റ്സ് (ബയർലെവർകൂസൻ), ജൂഡ് ബെല്ലിങ് ഹാം (റയല്‍ മഡ്രിഡ്), കിലിയൻ എംബാപ്പെ (റയല്‍ മഡ്രിഡ്), ലാമിൻ യമാല്‍ (ബാഴ്സലോണ), ലയണല്‍ മെസ്സി (ഇന്റർ മിയാമി), റോഡ്രി (മാഞ്ചസ്റ്റർ സിറ്റി), ടോണി ക്രൂസ് (റയല്‍-റിട്ടയേഡ്), വിനീഷ്യസ് ജൂനിയർ (റയല്‍ മഡ്രിഡ്). പ്രഖ്യാപനം കാത്ത് ഖത്തറിന്റെ ഹസൻ ഹൈദോസും
ദോഹ: ഫിഫ ബെസ്റ്റ് പുരസ്കാരങ്ങളില് ഒന്ന് ഖത്തറിന്റെ ഹസൻ ഹൈദോസിന്റെ കൈകളില്‍ എത്തുമോ…? പുരസ്കാരങ്ങള്‍ ചൊവ്വാഴ്ച ദോഹയില്‍ പ്രഖ്യാപിക്കുമ്ബോള്‍ മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരത്തിന് നാമനിർദേശം ലഭിച്ചവരില്‍ ഒരാളായി ഖത്തറിന്റെ മുൻ നായകൻ ഹസൻ അല്‍ ഹൈദോസുമുണ്ട്. കഴിഞ്ഞ ഏഷ്യൻ കപ്പ് ഗ്രൂപ് റൗണ്ടിനിടെ ചൈനക്കെതിരെ ഫുള്‍ വോളി ഷോട്ടിലൂടെയുള്ള ഗോളാണ് ഹൈദോസിനെ പുരസ്കാരപ്പട്ടികയില്‍ ഇടം സമ്മാനിച്ചത്.