കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ന്നു; ജോര്‍ജിയയില്‍ വിഷവാതകം ശ്വസിച്ച്‌ 12 ഇന്ത്യക്കാരായ റെസ്റ്റോറന്റ് ജീവനക്കാര്‍ മരിച്ചു

തബ്ലിസി: വിഷവാതകം ശ്വസിച്ച്‌ 12 ഇന്ത്യക്കാര്‍ ജോര്‍ജിയയില്‍ മരിച്ചു. കാര്‍ബണ്‍ മോണോക്സൈഡ് ഉള്ളില്‍ ചെന്നാണ് എല്ലാവരും മരിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം.ജോര്‍ജിയയിലെ മൗണ്ടന്‍ റിസോര്‍ട്ടായ ഗുഡൗരിയിലാണ് സംഭവം.റെസ്റ്റോറന്റില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ന്നതിനെ തുടര്‍ന്നാണ് ദാരുണമായ സംഭവം ഉണ്ടായത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നഗരത്തിലെ മൗണ്ടന്‍ റിസോര്‍ട്ടായ ഗുധൗരി ഇന്ത്യന്‍ ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചവര്‍ എല്ലാവരും എന്നാണ് ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുന്നത്.റെസ്റ്റോറന്റിന്റെ രണ്ടാം നിലയിലുള്ള ബെഡ്‌റൂമിലാണ് പന്ത്രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം അപകടം ആണോ അതോ കൊലപാതകം ആണോ എന്നത് അന്വേഷണ പരിധിയിലുണ്ടന്ന് ജോര്‍ജിയ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, മരിച്ച 12 പേരില്‍ ഒരാള്‍ ജോര്‍ജിയന്‍ പൗരനാണെന്ന് ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കെട്ടിടത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന ജനറേറ്ററില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.സംഭവ സ്ഥലത്ത് ഫോറന്‍സിക് സംഘം അടക്കം എത്തി പരിശോധന നടത്തുന്നുണ്ടന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃതശരീരങ്ങളില്‍ മുറിപ്പാടുകളോ ബലപ്രയോഗം നടന്നതിന്റെ പാടുകളോ ഇല്ലെന്നും ജോര്‍ജിയ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.അതേസമയം സംഭവത്തില്‍ ജോര്‍ജിയ പൊലീസ് ക്രിമിനല്‍ കോഡിലെ 116 വകുപ്പ് പ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *