ഇസ്രായേല്‍ കൊന്നു, നോര്‍ത്ത് ഗസ്സയിലെ അവസാന അസ്ഥിരോഗ ഡോക്ടറെയും;

ഗസ്സ: പ്രായം വകവെക്കാതെയും ഇസ്രായേലിന്റെ വെടിയുണ്ടകളെ ഭയക്കാതെയും ഗസ്സയിലെ മനുഷ്യരെ ചികിത്സിക്കുന്ന ഗസ്സയുടെ പ്രിയപ്പെട്ട ഡോക്ടർ സഈദ് ജോദയെ ഇസ്രായേല്‍ കൊന്നു. ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും കൊന്നും ആശുപത്രികളും ആംബുലൻസുകളും ഒന്നിനുപിറകെ ഒന്നായി നശിപ്പിച്ചും ഗസ്സയിലെ ആതുരസേവന സംവിധാനം ഇല്ലാതാക്കുന്ന ഇസ്രായേല്‍, സഈദ് ജോദയുടെ വധത്തോടെ നോർത്ത് ഗസ്സയിലെ അവസാന അസ്ഥിരോഗ വിദഗ്ധനെയാണ് ഇന്നലെ കൊലപ്പെടുത്തിയത്. രോഗികളെ ചികിത്സിക്കുന്നതിനായി കമാല്‍ അദ്‌വാൻ ആശുപത്രിയില്‍ നിന്ന് വടക്കൻ ഗസ്സയിലെ അല്‍-അവ്ദ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഫലസ്തീനിയൻ ഓർത്തോപീഡിക് സർജൻ ഡോ. സഈദ് ജോദയെ ഇസ്രായേല്‍ സൈനിക ക്വാഡ്‌കോപ്റ്റർ ബോംബിട്ട് കൊലപ്പെടുത്തിയത്. അദ്ദേഹം തല്‍ക്ഷണം കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.രണ്ട് മാസത്തിലേറെയായി ഉപരോധം തുടരുന്ന വടക്കൻ ഗസ്സയിലെ അവസാന ഓർത്തോപീഡിക് സർജനാണ് ഇദ്ദേഹമെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വടക്കൻ ഗസ്സയില്‍ പുറത്തുനിന്നുള്ളവരെ പ്രവേശിക്കാനോ അവിടെയുള്ളവരെ പുറത്തുകടക്കാനോ ഇസ്രായേലി സൈന്യം അനുവദിക്കുന്നില്ല. ദിവസവും ഡസൻ കണക്കിന് ആളുകളെയാണ് ഇവിടെ കൊന്നൊടുക്കുന്നത്. മേഖലയില്‍ ഒറ്റപ്പെട്ട മനുഷ്യരെ നിവാസികളെ കൊല്ലാനോ പട്ടിണിക്കിടാനോ ആണ് ഇസ്രായേല്‍ അധിനിവേശ സേനയുടെ പദ്ധതിയെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്തേക്ക് അടിയന്തര സഹായങ്ങള്‍ പ്രവേശിക്കുന്നതും ഇസ്രായേല്‍ തടഞ്ഞിരിക്കുകയാണ്. നിലവില്‍ പ്രവർത്തനക്ഷമമായ ആംബുലൻസുകളൊന്നും ഇവിടെ അവശേഷിക്കുന്നില്ല.സയീദ് ജോദ അടക്കം ഗസ്സയില്‍ യുദ്ധം ആരംഭിച്ച ശേഷം ഇസ്രായേല്‍ കൊലപ്പെടുത്തിയ മെഡിക്കല്‍ ജീവനക്കാരുടെ എണ്ണം 1,057 ആയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രികളെയും ആരോഗ്യപ്രവർത്തകരെയും സംരക്ഷിക്കാൻ എല്ലാ അന്താരാഷ്ട്ര, മനുഷ്യാവകാശ സംഘടനകളും രംഗത്തിറങ്ങണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.ഏതാനും നാള്‍ മുമ്ബ് ഇസ്രായേല്‍ ആക്രമണത്തില്‍ ഡോ. സഈദിന്റെ കൈക്ക് പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിന്റെ മകൻ മജ്ദിനെ കഴിഞ്ഞ ദിവസം വീട് ആക്രമിച്ച്‌ ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു. ജോലിയില്‍നിന്ന് വിരമിച്ചിട്ടും പരിക്കുകള്‍ വകവെക്കാതെ സന്നദ്ധസേവകനായി രോഗികളെ പരിശോധിക്കുകയും ചികിത്സിക്കുകയുമായിരുന്നു ഡോ. സഈദ്. ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരതയില്‍നിന്ന് ഗസ്സക്കാരെ രക്ഷിക്കണമെന്ന് കുറച്ച്‌ ദിവസം മുമ്ബ് അദ്ദേഹം ലോകത്തോട് അഭ്യർത്ഥിച്ചിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *