നിര്‍ത്തിയിട്ടിരുന്ന കാര്‍ കുട്ടികള്‍ സ്റ്റാര്‍ട്ട് ചെയ്തു; നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത് മതിലിലേക്ക്, ദ്യശ്യങ്ങള്‍ പുറത്ത്
പാലക്കാട്: റോഡരികില്‍ നിർത്തിയിട്ടിരുന്ന കാർ കുട്ടികള്‍ സ്റ്റാർട്ട് ചെയ്തതോടെ മതിലില്‍ ഇടിച്ചു കയറി അപകടം.
ഒറ്റപ്പാലത്ത് ഇന്ന് രാവിലെ ആയിരുന്നു സംഭവം. കാർ നിയന്ത്രണം വിട്ടു പോകുമ്ബോള്‍ ഇരു ഭാഗങ്ങളില്‍ നിന്നും മറ്റു വാഹനങ്ങള്‍ കടന്നുപോകാത്തതിനാലാണ് വൻ അപകടം ഒഴിവായത്. നിയന്ത്രണം വിട്ട കാർ മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരുടെതാണ് കാറെന്നും എങ്ങനെയാണ് അപകടമുണ്ടായതെന്നതുമടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു. ഇന്നലെ ഈസ്റ്റ് ഒറ്റപ്പാലത്തായിരുന്നു സംഭവം. റോഡരികില്‍ നിര്‍ത്തിയ കാറില്‍ നിന്ന് ഡ്രൈവര്‍ ഇറങ്ങി നില്ക്കുന്നതും മറ്റൊരാളുമായി സംസാരിച്ചുനില്‍ക്കുന്നതും സിസിടിവിയില്‍ കാണാം.സാധനങ്ങള്‍ വാങ്ങിയശേഷം കാറിലുണ്ടായിരുന്ന മറ്റു കുടുംബാംഗങ്ങള്‍ വരുന്നതും കാത്തുനില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്നയാള്‍ മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഇതിനിടെ മറ്റു രണ്ടു സ്ത്രീകള്‍ സാധനങ്ങള്‍ വാങ്ങി കാറിന് സമീപത്തേക്ക് എത്തി കുട്ടികളുമായി സംസാരിക്കുന്നതിനിടെയാണ് പെട്ടെന്ന് കാര്‍ മുന്നോട്ട് നീങ്ങിയത്. ഇതോടെ കാറുടമ ഡോര്‍ തുറന്ന് വാഹനം നിര്‍ത്താൻ ശ്രമിച്ചെങ്കിലും റോഡിന്റെ മധ്യത്തില്‍ തെറിച്ച് വീഴുകയായിരുന്നു.ഇതിനുശേഷമാണ് കാര്‍ മുന്നോട്ട് നീങ്ങി മതിലില്‍ ഇടിച്ച് നിന്നത്. കാര്‍ മുന്നോട്ട് നീങ്ങുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്ബ് രണ്ടു ദിശയില്‍ നിന്നും ബസും മറ്റു കാറുകളും ബൈക്കുകളും ഉള്‍പ്പെടെ കടന്നുപോയിരുന്നു. മറ്റു വാഹനങ്ങളില്‍ ഇടിച്ചിരുന്നെങ്കില്‍ വലിയ അപകടമുണ്ടാകുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്. സംഭവം നടന്ന സ്ഥലത്തുള്ള കടയുടെ ഉടമയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.