ഇറാൻ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള നീക്കവുമായി ഇസ്രായേല്‍;

തെല്‍ അവീവ്: ഇറാൻ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ട് ഇസ്രായേല്‍. സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടം വീണതിന് പിന്നാലെ ഇസ്രായേല്‍ പ്രതിരോധസേന ഇതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.ഇസ്രായേല്‍ എയർ ഫോഴ്സ് ഇറാൻ ആണവകേന്ദ്രങ്ങള്‍ക്ക് മേലുള്ള നിരീക്ഷണം തുടരുകയാണെന്നും അവസരം ലഭിച്ചാല്‍ ആക്രമിക്കുമെന്നുമാണ് പ്രതിരോധസേന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോർട്ട് ചെയ്യുന്നത്. അസദിന്റെ വീഴ്ചയോടെ മേഖലയില്‍ ഇറാൻ ഒറ്റപ്പെട്ടുവെന്നാണ് ഇസ്രായേല്‍ വിലയിരുത്തല്‍. ലബനാനില്‍ ഹിസ്ബുല്ലയുടെ കരുത്ത് ചോർന്നതും ഇറാനുള്ള തിരിച്ചടിയാണെന്നാണ് പ്രതിരോധസേനയുടെ വിലയിരുത്തല്‍.സിറിയക്ക് മേലുള്ള ആകാശത്തിന്റെ പൂർണ്ണ നിയന്ത്രണം തങ്ങള്‍ക്ക് ലഭിച്ചുവെന്നും ഇസ്രായേല്‍ അവകാശപ്പെട്ടു. ഇത് ഇറാനിലേക്ക് സുരക്ഷിതമായ പാതയൊരുക്കുമെന്നാണ് ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥർ അറിയിക്കുന്നത്. അസദിന്റെ കാലത്തുണ്ടായ വ്യോമപ്രതിരോധ സംവിധാനത്തിന്റെ 86 ശതമാനവും നശിപ്പിച്ചുവെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. സിറിയയില്‍ നീണ്ട 50 വർഷത്തിനിടെ സാധ്യമാകാത്തതാണ് രണ്ടു ദിവസത്തിനിടെ ഇസ്രായേല്‍ പൂർത്തിയാക്കിയതെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു. 480 വ്യോമാക്രമണങ്ങളിലായി സിറിയയുടെ കര, നാവിക, വ്യോമസേനകളും ആയുധശേഷിയും സമ്ബൂർണമായി തുടച്ചുനീക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അധിനിവിഷ്ട ഗോലാൻ കുന്നുകള്‍ക്കപ്പുറത്തെ ബഫർ സോണും കടന്ന് സിറിയക്കുള്ളില്‍ ഇസ്രായേല്‍ കരസേനാ സാന്നിധ്യമെത്തി. ആയുധമുക്ത സിറിയയെന്ന ലക്ഷ്യം അങ്ങനെ ഒട്ടും എതിർപ്പില്ലാതെ എളുപ്പത്തില്‍ സാക്ഷാത്കരിക്കപ്പെട്ടുവെന്നാണ് വാർത്തകള്‍.

Sharing

Leave your comment

Your email address will not be published. Required fields are marked *