‘കുഴിയില്‍ വീണത് കൊണ്ടാണ് രക്ഷപ്പെട്ടത്, ഇര്‍ഫാന ഉമ്മയെ കണ്ട നിമിഷത്തിലാണ് ലോറി വന്നിടിച്ചത്’; ഞെട്ടല്‍ മാറാതെ അജ്ന ഷെറിൻ
കല്ലടിക്കോട്: പാലക്കാട് പനയമ്പടത്ത് അമിതവേഗത്തിലെത്തിയ ലോറിക്കടിയില്‍പെട്ട് കൂട്ടുകാരികള്‍ മരിച്ചതിന്‍റെ ഞെട്ടല്‍ മാറാതെ അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട അജ്ന ഷെറിൻ. അപകടമുണ്ടായപ്പോള്‍ കുഴിയിലേക്ക് വീണതിനാലാണ് താൻ രക്ഷപ്പെട്ടതെന്ന് അജ്ന ഷെറിൻ മാധ്യമങ്ങളോട് പറഞ്ഞു.പരീക്ഷക്ക് ശേഷം കടയില്‍ നിന്ന് ഐസും സിപ് അപ്പും വാങ്ങിയ ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. പാലക്കാട് നിന്നും മണ്ണാറക്കാട് ഭാഗത്തുനിന്നും ലോറികള്‍ വരുന്നുണ്ടായിരുന്നു. ഈ രണ്ട് ലോറികളും ഇടിച്ചു. ഇതോടെ മണ്ണാർക്കാട് ഭാഗത്ത് നിന്നുള്ള ലോറി ഞങ്ങളുടെ മുകളിലേക്ക് മറിഞ്ഞു. നാലു പേര്‍ കുറച്ച് മുന്നിലാണ് നടന്നിരുന്നത്. ഇവർ മറിഞ്ഞ ലോറിയുടെ അടിയില്‍ കുടുങ്ങി. താൻ സമീപത്തെ കുഴിയില്‍ വീഴുകയും ചെയ്തു. കുഴിയില്‍ നിന്ന് പിന്നീട് വളരെ ബുദ്ധിമുട്ടി കയറി സമീപത്തുള്ള വീട്ടില്‍ എത്തുകയായിരുന്നു. ഒരുമിച്ചാണ് സ്കൂളില്‍ പോയിരുന്നത്. ഇർഫാനയെ ഡെന്‍റല്‍ ഡോക്ടറെ കാണിക്കാൻ ഉമ്മ ഫാരിസ പനയമ്ബാടത്ത് കാത്തുനില്‍ക്കുമെന്ന് പറഞ്ഞിരുന്നു. ഇർഫാന ഉമ്മയെ കണ്ട നിമിഷത്തിലാണ് ലോറി വന്നിടിച്ചതെന്ന് അജ്ന ഷെറിൻ പറഞ്ഞു. അപകടത്തില്‍ മരിച്ച നാലു കുട്ടികളും രക്ഷപ്പെട്ട അജ്ന ഷെറിൻ കരിമ്ബ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്. മരിച്ച ആയിഷ സ്കൂളിലെ എട്ടാം ക്ലാസ് ഇ ഡിവിഷനിലും ഇർഫാന ഷെറിൻ, റിദ ഫാത്തിമ, നിദ ഫാത്തിമ എന്നിവരും അജ്ന ഷെറിനും ഡി ഡിവിഷനിലുമാണ് പഠിച്ചിരുന്നത്. പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ കരിമ്ബക്കടുത്ത് പനയമ്ബാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിക്കടിയില്‍ പെടുകയായിരുന്നു പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന നാല് വിദ്യാർഥിനികള്‍.