നവീനെ കൊന്ന ശേഷം കെട്ടിത്തൂക്കിയത് എന്ന് സംശയിക്കുന്നു: ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍

തിരുവനന്തപുരം : എഡിഎം നവീന്‍ ബാബുവിന്റേത് കൊലപാതകമെന്ന് സംശയിക്കുന്നതായി ഹര്‍ജിക്കാരിയായ മഞ്ജുഷ ഹൈക്കോടതിയില്‍. നവീന്‍ ബാബു തൂങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാകില്ല. നവീനെ കൊന്നശേഷം കെട്ടിതൂക്കിയതെന്ന് സംശയിക്കുന്നതായി ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു.’55 കിലോഗ്രാം ഭാരമുള്ള നവീന്‍ ബാബു ചെറിയ കനമുള്ള കയറില്‍ തൂങ്ങിമരിച്ചുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ല. പോസ്റ്റ് മോര്‍ട്ടം ശരിയായ വിധത്തില്‍ നടന്നിട്ടില്ല. പോസ്റ്റുമോര്‍ട്ടത്തില്‍ പല പ്രധാന വിവരങ്ങളും വിട്ടു കളഞ്ഞു”. അടിവസ്ത്രത്തിലെ രക്തക്കറയിലും ഉമിനീര്‍ ഒലിച്ച്‌ ഇറങ്ങിയതിലും അന്വേഷണമുണ്ടായില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.തനിക്ക് തെറ്റുപറ്റി പോയി എന്ന് നവീന്‍ ബാബു പറഞ്ഞതായുളള കളക്ടറുടെ മൊഴി പിന്നീട് സൃഷ്ടിച്ചതാണെന്നും ഹര്‍ജിക്കാരി ആരോപിച്ചു. കളക്ടറുടെ ചേംബറിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. ഇതു പരിശോധിച്ചാല്‍ തന്നെ നവീന്‍ ബാബു കളക്ടറെ ഈ യോഗത്തിനുശേഷം കളക്ടറെ പോയി കണ്ടോ എന്ന് വ്യക്തമാകുമായിരുന്നു. ‘ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന എടിഎമ്മിന്റെ മരണത്തിലാണ് കുടുംബം സംശയം പ്രകടിപ്പിക്കുന്നത്. ഇപ്പോഴും തെളിവുകള്‍ കെട്ടിച്ചമയ്ക്കുന്നു. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ കേസ് സിബിഐക്ക് വിടണം. പ്രതിയുടെ രാഷ്ട്രീയ സ്വാധീനവും നവീന്‍ ബാബുവിനെ കുടുംബത്തിന്റെ ആശങ്കയും കോടതി പരിഗണിക്കണം. കേരളാ പോലീസിനെ വില കുറച്ച്‌ കാണുന്നില്ല. പക്ഷേ രാഷ്ട്രീയ സമ്മര്‍ദമൊഴിച്ചാല്‍ കേരള പൊലീസിനെ കുറിച്ച്‌ മോശം അഭിപ്രായമില്ല. സിബിഐ യ്ക്ക് മികച്ച രീതിയില്‍ അന്വേഷിക്കാന്‍ സംവിധാനമുണ്ടെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. നിലവിലെ അന്വേഷണം പ്രതിയെ സഹായിക്കുകയാണ് എന്നതിന് എന്ത് തെളിവാണ് ഹര്‍ജിക്കാരിക്ക് ഹാജരാക്കാനുള്ളതെന്ന് കോടതി ചോദിച്ചു. കുടുംബം ഉന്നയിച്ച കൊലപാതക സാധ്യത അടക്കം പരിശോധിക്കുന്നുണ്ടെന്നും സിബിഐ അന്വേഷണം വേണ്ടെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. കോടതി പറഞ്ഞാല്‍ കേസ് എറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐയും അറിയിച്ചിരുന്നു. സിബിഐ ഏറ്റെടുക്കുന്നോ ഇല്ലയോ എന്നതല്ല സിബിഐയക്ക് കൈമാറേണ്ട കാര്യമുണ്ടോ എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജസറ്റീസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *