‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന ബില്ലിനാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.അടുത്ത ആഴ്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ രാം നാഥ് കോവിന്ദ് സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.വിശദമായ ചർച്ചകള്‍ക്കായി ബില്‍ പാർലമെന്ററി കമ്മിറ്റിക്ക് വിടും. ബില്ലില്‍ സമയവായത്തിനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചു. സംസ്ഥാന നിയമസഭ സ്പീക്കര്‍മാരുമായി കൂടിയാലോചന നടത്താനും സർക്കാർ ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റത്തവണയാക്കലിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല എന്നാണ് സമിതി ശുപാര്‍ശയില്‍ പറയുന്നത്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന വിഷയം ആയതിനാല്‍, ആ തെരഞ്ഞെടുപ്പ് ഒറ്റത്തവണയാക്കുന്നതിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമായി വരും.രണ്ട് അനുച്ഛേദങ്ങളില്‍ ഭേദഗതി വരുത്താനും പുതിയ ഉപവകുപ്പുകള്‍ ഉള്‍പ്പെടുത്താനും നിയമസഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങള്‍ തിരുത്താനും ഉന്നതതല സമിതി നിര്‍ദ്ദേശിച്ചിരുന്നു. ഭേദഗതികളുടെയും പുതിയ ഉള്‍പ്പെടുത്തലുകളുടെയും ആകെ എണ്ണം 18 ആണ്. തൂക്കുസഭയോ അവിശ്വാസപ്രമേയത്തിലൂടെയോ സര്‍ക്കാര്‍ വീണാല്‍ അവശേഷിക്കുന്ന കാലയളവിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണം എന്നും സമിതി ശുപാർശയില്‍ വ്യക്തമാക്കിയിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *