‘ഇസ്രായേലുമായി അസദ് ഭരണകൂടത്തിന് ബന്ധം’; രഹസ്യരേഖകള്‍ പുറത്ത്, ഇറാനെ ആക്രമിക്കാൻ സൗകര്യമൊരുക്കി
ദമസ്കസ്: ഇസ്രായേലുമായുള്ള മുൻ സിറിയൻ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ രഹസ്യ ഇടപാടുകള്‍ കാണിക്കുന്ന രേഖകള്‍ പുറത്ത്. അസദിന്റെ ഭരണതകർച്ചക്ക് പിന്നാലെ ചോർന്നതെന്ന് കരുതുന്ന ഒരു കൂട്ടം രേഖകളിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നത്. ഏറെക്കാലം കടുത്ത ഇസ്രായേല്‍ വിരുദ്ധനായി ലോകത്തിന് മുന്നില്‍ നിന്നിരുന്ന അസദ് ഇറാനിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ അടക്കം പങ്കാളിയായെന്നാണ് രേഖകള്‍ കാണിക്കുന്നത്. സിറിയൻ അറബ് റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ലെറ്റർഹെഡുകളും ഇന്റലിജൻസ് ബ്രാഞ്ച് സ്റ്റാമ്ബുകളും അടങ്ങുന്നതാണ് രേഖകള്‍. ഇവ സ്വതന്ത്രമായി പരിശോധിക്കപ്പെട്ടിട്ടില്ല. ഇറാന്റെയും ഹിസ്ബുല്ലയുടെയും സൈനിക ലക്ഷ്യങ്ങളുടെ പ്രവർത്തനങ്ങള്‍ തടയാൻ സിറിയയോട് ആവശ്യപ്പെട്ട് കൊണ്ട് ഇസ്രായേലില്‍ നിന്ന് അയച്ച ഒരു കത്ത് രേഖകളില്‍ ഉള്‍പ്പെടുന്നു. മോസസ് എന്ന കോഡ് നാമത്തിലുള്ള ഇസ്രായേല്‍ പ്രതിനിധി ഹമാസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രത്യേക മുന്നറിയിപ്പുകള്‍ നല്കി മുൻ സിറിയൻ പ്രതിരോധ മന്ത്രി ലഫ്. ജനറല്‍ അലി മഹ്മൂദ് അബ്ബാസുമായി നേരിട്ട് സംവദിച്ചിട്ടുണ്ട്. ഈ കത്തുകള്‍ പിന്നീട് ദേശീയ സുരക്ഷാ ബ്യൂറോ മുൻ മേധാവി അലി മംലൂക്കിന് കൈമാറിയതായി ചോർന്ന രേഖകളില്‍ പറയുന്നു. ഇറാനുമായുള്ള ബന്ധം തുടർന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇസ്രായേല്‍ അസദ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിറിയയിലെ ഇറാനിയൻ സൈനിക ശേഷി തകർക്കാനുള്ള നീക്കങ്ങള്‍ സിറിയൻ ഭരണകൂടവുമായി ചേർന്നാണ് ഇസ്രായേല്‍ ഏകോപിപ്പിച്ചത്. ഇത്തരം ആക്രണങ്ങളില്‍ അസദ് ഭരണകൂടത്തിന്റെ സജീവ പങ്കാളിത്തം ഉണ്ടെന്നും രേഖകള്‍ വെളിപ്പടുത്തുന്നു. ഇസ്രായേലില്‍ നിന്നുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ സിറിയയുമായി കൈമാറിയിട്ടുണ്ട്. ദീർഘകാലമായി മേഖലയില്‍ സിറിയയുടെ അടുത്ത സഖ്യ കക്ഷിയായിരുന്നു ഇറാൻ. ചോർന്ന രഹസ്യരേഖകള്‍ സിറിയൻ മാധ്യമങ്ങളും, അറബ് മാധ്യമങ്ങളും പുറത്തുവിട്ടു.