സര്‍ക്കാരിന് വൻ ബാധ്യത; ഗോള്‍ഡ് ബോണ്ട് പദ്ധതി നിര്‍ത്തുന്നു.
കട ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഇനി ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കിയേക്കില്ല. 2025-26 സാമ്പത്തിക വർഷം മുതല്‍ ഗോള്‍ഡ് ബോണ്ട് ഇഷ്യു നിർത്തലാക്കുന്ന കാര്യം ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.കാലാവധി പൂർത്തിയാകുമ്പോള്‍ അപ്പോഴത്തെ സ്വർണത്തിന്റെ വിലയ്ക്ക് തുല്യമായ തുക നിക്ഷേപകർക്ക് നല്‍കാൻ കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ട്. അതോടൊപ്പം 2.5 ശതമാനം പലിശയും നല്‍കേണ്ടിവരുന്നുണ്ട്. സ്വർണ വിലയില്‍ വൻ വർധനവുണ്ടായതിനാല്‍ സർക്കാരിന്റെ ബാധ്യത കൂടിയതും ബോണ്ട് നിർത്തലാക്കാനുള്ള പ്രേരണയായി. കടം-ജിഡിപി അനുപാതം.2026-27 സാമ്പത്തിക വർഷം മുതല്‍ കടം-ജിഡിപി അനുപാതം കുറയ്ക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ. സ്വർണ ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന പ്രാരംഭ ലക്ഷ്യം മറികടന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പദ്ധതി തുടരേണ്ടതില്ലെന്ന നിർദേശം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. കടം-ജിഡിപി അനുപാതം 2023-24 സാമ്ബത്തിക വർഷത്തെ 58.2 ശതമാനത്തില്‍നിന്ന് 2024-25ല്‍ 56.8 ശതമാനമായി കുറയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ധനകമ്മി കുറയ്ക്കാനും ലക്ഷ്യമിടുന്നു. കടബാധ്യത കുറയ്ക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം അടുത്ത ബജറ്റില്‍ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചേക്കും. അവസാന എസ്ജിബി ഫെബ്രുവരിയില്‍.കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി റിസർവ് ബാങ്ക് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കിയത്. 8,008 കോടി രൂപയാണ് ഇതിലൂടെ സമാഹരിച്ചത്. ഫിസിക്കല്‍ രൂപത്തില്‍ സ്വർണത്തില്‍ നിക്ഷേപിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണ് 2015 നവംബറില്‍ ഗോള്‍ഡ് ബോണ്ട് കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. എട്ട് വർഷമാണ് കാലാവധിയെങ്കിലും അഞ്ച് വർഷം കഴിഞ്ഞാല്‍ നിക്ഷേപം തിരികെയെടുക്കാൻ അനുവദിച്ചിരുന്നു. ബാധ്യത 4.5 ലക്ഷം കോടി.2022-23 സാമ്ബത്തിക വർഷം വരെ 45,243 കോടി രൂപയുടെ ഗോള്‍ഡ് ബോണ്ടുകളാണ് സർക്കാർ പുറത്തിറക്കിയത്. 2023 മാർച്ച് വരെയുള്ള കണക്കുപ്രകാരം 4.5 ലക്ഷം കോടി രൂപയുടെ ബാധ്യതയി ഇത് വർധിക്കുകയും ചെയ്തു.ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി 2017 മുതല്‍ 2020 മാർച്ച് വരെ ഇഷ്യു ചെയ്ത ബോണ്ടുകള്‍ നേരത്തെ തിരികെയെടുക്കാൻ കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ നിക്ഷേപകർക്ക് അനുമതി നല്‍കിയിരുന്നു. കള്ളക്കടത്ത് തടയുന്നതിന് കഴിഞ്ഞ വർഷത്തെ ബജറ്റില്‍ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍നിന്ന് ആറ് ശതമാനമായി കുറയ്ക്കുകയുംചെയ്തിരുന്നു.