ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ഉദ്ധവ് വിഭാഗം നേതാവ്; സഖ്യമൊഴിഞ്ഞ് സമാജ്‌വാദി
മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിപക്ഷസഖ്യത്തെ പ്രതിരോധത്തിലാക്കി സമാജ്‌വാദി പാർട്ടി. ബാബരി മസ്ജിദ് തകർത്തതിനെ വാഴ്ത്തി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ സമാജ്‌വാദി പാർട്ടി മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞു.. പൊളിച്ചവരെ ഓർത്ത് അഭിമാനം കൊള്ളുന്നു എന്ന, ഉദ്ധവിന്റെ അനുയായി മിലിന്ദ് നർവേക്കറിന്റെ പോസ്റ്റ് ആണ് വിനയായത്. പോസ്റ്റ് വിവാദമായതിന് പിന്നാലെ സഖ്യമൊഴിയുന്നതായി, മഹാരാഷ്ട്ര സമാജ്‌വാദി അധ്യക്ഷൻ അബു അസിം അസ്മി അറിയിക്കുകയായിരുന്നു. രണ്ട് സീറ്റാണ് മഹാരാഷ്ട്ര നിയമസഭയില്‍ സമാജ്‌വാദിക്കുള്ളത്. മുംബൈയിലെ മൻഖർദ്-ശിവജി നഗർ എംഎല്‍എ കൂടിയായ അസ്മിയും ഭിവണ്ടി ഈസ്റ്റ് എംഎല്‍എ റയീസ് ഷെയ്ഖും. തങ്ങള്‍ക്ക് രണ്ടുപേർക്കുമായി പ്രത്യേകം സീറ്റ് വേണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്നാണ് അസ്മി അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ഉദ്ധവിന്റെ ഹിന്ദുത്വ അജണ്ട സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നെന്നും അസ്മി കൂട്ടിച്ചേർക്കുന്നു.”ഞങ്ങള്‍ അഘാഡി സഖ്യമൊഴിയുകയാണ്. മഹായുതിയുടെയോ മഹാവികാസ് അഘാഡിയുടെയോ ഭാഗമല്ല സമാജ്‌വാദി. ഞങ്ങള്‍ രണ്ടുപേർക്കുമായി സഭയില്‍ പ്രത്യേകം സീറ്റ് അനുവദിക്കണമെന്ന് സ്പീക്കറോട് പറയാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് സമയത്തൊന്നും ഞങ്ങളെ മീറ്റിങ്ങുകള്‍ക്ക് പോലും അഘാഡി നേതാക്കള്‍ വിളിച്ചിട്ടില്ല. സീറ്റ് വിഭജനത്തിന്റെ സമയത്തോ എന്തിന് പ്രചാരണത്തിന്റെ സമയത്തോ പോലും ഒരു സഹകരണവും സഖ്യത്തില്‍ ഇല്ലായിരുന്നു. തെരഞ്ഞെടുപ്പിന്റെ സമയത്ത് ഹിന്ദുത്വ അജണ്ട മുറുകെപ്പിടിക്കണമെന്നാണ് ഉദ്ധവ് പാർട്ടി നേതാക്കളോട് പറഞ്ഞത്. ഇപ്പോഴിതാ ബാബരി പൊളിച്ചതിനെ വാഴ്ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും പങ്കുവച്ചിരിക്കുന്നു. അതില്‍ ബാബരി പൊളിച്ചവരെ അഭിനന്ദിക്കുകയാണ് അദ്ദേഹം. എങ്ങനെയാണ് ഇതെല്ലാം സഹിക്കാനാവുക? അത്തരം പോസ്റ്റുകളൊക്കെ എല്ലാ സമുദായങ്ങളുടെയും മൂല്യങ്ങള്‍ക്കും അഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കുന്നതാണ്. ഇങ്ങനെയൊക്കെ ചെയ്യാൻ തുടങ്ങിയാല്‍ അഘാഡിയും ബിജെപിയുമായി എന്താണ് വ്യത്യാസം. ഞങ്ങളിവിടെ മതസൗഹാർദമുണ്ടാക്കാനാണ് നോക്കുന്നത്. ആളുകളെ ഭിന്നിപ്പിക്കാനല്ല. അത്തരം നീക്കം നടത്തുന്നവരുടെ കൂടെ നില്‍ക്കേണ്ട ആവശ്യം സമാജ്‌വാദിക്കില്ല”. അസിമിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.വിഷയത്തില്‍ ഉദ്ധവിന്റെ പ്രതികരണം തങ്ങള്‍ക്കറിയേണ്ടതുണ്ടെന്നാണ് റയീസ് ഷെയ്ഖ് പ്രതികരിച്ചത്. സഖ്യത്തിലായിരിക്കുമ്ബോള്‍ ഹിന്ദുത്വ അജണ്ട വേണ്ടെന്ന സമീപനം എന്തുകൊണ്ട് ശിവസേന ഉപേക്ഷിച്ചെന്ന് അറിയണമെന്നും മിലിന്ദിന് മറുപടി ആയാണ് തങ്ങളുടെ തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.