ലാബില്‍ പിറന്നൂ, വജ്രം; പ്രകൃതിദത്ത വജ്രത്തിന്‍റെ പത്തിലൊന്ന് വില മാത്രം

ആലപ്പുഴ: ഖനനം ചെയ്തെടുക്കുന്ന വജ്രത്തെ വെല്ലുന്നത് ലാബില്‍ നിർമിച്ച്‌ യുവമലയാളി സംരംഭകർ. ആഭരണവ്യവസായത്തില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിവെക്കുന്ന ‘ലാബ് ഗ്രോണ്‍ ഡയമണ്ട്’ യാഥാർഥ്യമാക്കിയത് ആലപ്പുഴ സ്വദേശികളായ മൂവർസംഘമാണ്..എലിക്സർ ജ്യുവല്‍സ്’ എന്ന ബ്രാൻഡില്‍ ഓണ്‍ലൈനില്‍ വ്യാപാരവും തുടങ്ങി. യു.എസ് അടക്കമുള്ള വിദേശവിപണിയിലാണ് കൂടുതല്‍ കച്ചവടം. കേരളത്തിലടക്കം വിപണിശൃംഖല നിയന്ത്രിക്കാൻ കൊച്ചിയിലും കൊല്ലത്തും ഓഫിസും തുറന്നിട്ടുണ്ട്.ലാബിലാണ് പിറവിയെങ്കിലും പ്രകൃതിദത്ത വജ്രത്തിന്‍റെ അതേനിലവാരവും ഗുണമേന്മയും ഉറപ്പുവരുത്തിയാണ് വിപണനം. പ്രകൃതിയില്‍ വജ്രം രൂപം കൊള്ളുന്നതിന്‍റെ ഓരോ ഘട്ടവും ലബോറട്ടറിയിലേക്ക് പകര്‍ത്തിയാണ് കൃത്രിമ വജ്രനിർമാണം. വലുപ്പം, ആകൃതി, ഗുണങ്ങള്‍ എന്നിവ ഇഷ്ടാനുസരണം ക്രമീകരിക്കാം. കാര്‍ബണ്‍ വജ്രമാകുന്നതിനുള്ള ഉയര്‍ന്ന ചൂടും മര്‍ദവും ലാബില്‍ ഒരുക്കും. ലാബില്‍ 1500-1800 ഡിഗ്രി ചൂട് കാര്‍ബണിന് നല്‍കും. അഞ്ചുമുതല്‍ എട്ട് ആഴ്ചവരെ 1500 ഡിഗ്രിക്കുമുകളില്‍ താപനിലയിലും ഉയർന്ന മർദത്തിലും കാർബണ്‍ കടത്തിവിടുന്നതാണ് രീതി. 10 സെന്‍റ് (0.01 ഗ്രാം) കാർബണില്‍നിന്ന് 40 കാരറ്റ് (എട്ട് ഗ്രാം) വജ്രം ഉല്‍പാദിപ്പിക്കാം. പ്രകൃതിദത്ത വജ്രത്തിന്‍റെ പത്തിലൊന്ന് വില മാത്രമേ ഇതിന് വരൂ.സാധാരണക്കാർക്കും വജ്രം വില കുറച്ച്‌ വാങ്ങാൻ കഴിയുന്ന രൂപത്തില്‍ യഥാർഥ വജ്രത്തിന്‍റെ ഗുണമേന്മയും പരിശുദ്ധിയും നിലനിർത്തിയാണ് നിർമാണമെന്ന് ബിസിനസ് പങ്കാളിയായ ആലപ്പുഴ സ്വദേശി മുനീർ മുജീബ് ‘മാധ്യമ’ത്തോട് പറഞ്ഞു. സ്കൂള്‍ പഠനകാലത്ത് രൂപപ്പെട്ട സൗഹൃദത്തില്‍നിന്നാണ് സ്റ്റാർട്ടപ്പിന്‍റെ പിറവി. പ്രകൃതിദത്ത വജ്രനിര്‍മാണത്തെക്കാള്‍ കുറച്ച്‌ സമയവും വിഭവങ്ങളും മനുഷ്യവിഭവശേഷിയും മതിയെന്നതാണ് പ്രത്യേകത. പ്രകൃതിദത്തവജ്രം ഒരു കാരറ്റിന് അഞ്ചുലക്ഷം രൂപയാണ് വിലയെങ്കില്‍ ലാബില്‍ നിർമിച്ച വജ്രത്തിന് 50,000 രൂപയേ വരൂ. ആലപ്പുഴ സ്വദേശി പി.ആർ. സായ് രാജാണ് ‘എലിക്സർ ജ്യുവല്‍സ്’ സംരംഭത്തിന്‍റെ സാരഥി. മുനീർ മുജീബും മിഥുൻ അജയുമാണ് പങ്കാളികള്‍. ഗുജറാത്തിലെ സൂറത്തിലാണ് ഫാക്ടറി. വജ്രത്തിന്‍റെ ഗുണമേന്മക്ക് ഇന്‍റർനാഷനല്‍ ജെമോളജിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ജി.ഐ) നല്‍കുന്ന സർട്ടിഫിക്കറ്റും കിട്ടിയിട്ടുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *