350 കിലോമീറ്റര്‍ ഓടിയെത്താൻ വേണ്ടത് വെറും അരമണിക്കൂര്‍, ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് പൂര്‍ത്തിയായി
ന്യൂഡല്‍ഹി: വിമാനത്തിലെന്നപോലെ അതിവേഗം യാത്രചെയ്യാനുള്ള ക്യാപ്സ്യൂള്‍ ആകൃതിയിലെ ട്രെയിൻ സർവീസായ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് പൂർത്തിയായി.കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് വിവരം സൂചിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഐഐടി മദ്രാസ് ക്യാമ്ബസ് ഡിസ്കവറി ക്യാമ്ബസിലാണ് പരീക്ഷണ ട്രാക്ക് പൂർത്തിയായിരിക്കുന്നത്.410 മൈല്‍ നീളമുള്ള പരീക്ഷണ ട്രാക്കിന്റെ ദൃശ്യങ്ങളാണ് കേന്ദ്രമന്ത്രി അറിയിച്ചത്. ഐഐടി മദ്രാസ് ആവിഷ്കാർ ഹൈപ്പർലൂപ്പ് ടീം, ഇന്ത്യൻ റെയില്‍വെ ഒപ്പം സ്റ്റാർട്ടപ്പ് കമ്ബനിയായ ട്യൂടർ ഹൈപ്പർ ലൂപ്പ് എന്നിവർ ചേർന്നാണ് ഇത് തയ്യാറാക്കിയത്. ഹൈപ്പർലൂപ്പിന് പിന്നില്‍ പ്രവർത്തിച്ചവരെ മന്ത്രി അഭിനന്ദിച്ചുമാഗ്നെറ്റിക് ലെവിറ്റേഷൻ എന്ന സാങ്കേതിക വിദ്യയനുസരിച്ചാണ് ഹൈപ്പർലൂപ്പ് പ്രവർത്തിക്കുക. കുറഞ്ഞ മർദ്ദത്തില്‍ മാഗ്നെറ്റിക് ലെവിറ്റേഷൻ വഴി വിമാനത്തിന് സമാനമായ വേഗതയില്‍ ആളുകളെയും ചരക്കുകളെയും ദൂരങ്ങളില്‍ എത്തിക്കാൻ കഴിയും. ഊർജ്ജ ചെലവ് കുറവായ, ഒപ്പം കാർബണ്‍ ന്യൂട്രല്‍ ആകാനുള്ള ഇന്ത്യൻ ശ്രമങ്ങള്‍ക്ക് ഹൈപ്പർലൂപ്പ് ശക്തിപകരും.350 കിലോമീറ്റർ ദൂരം പിന്നിടാൻ വെറും അരമണിക്കൂർ.ചെന്നൈ മുതല്‍ ബംഗളൂരു വരെയുള്ള 350 കിലോമീറ്റർ ദൂരം വെറും അരമണിക്കൂർ മതിയാകും ഹൈപ്പർലൂപ്പിന് മറികടക്കാൻ. മദ്രാസ് ഐഐടി 2017ല്‍ ആണ് ‘ആവിഷ്കാർ ഹൈപ്പർലൂപ്പ്’ ആരംഭിച്ചത്. 70 വിദ്യാർത്ഥികള്‍ അടങ്ങുന്ന സംഘമായിരുന്നു ഇതിലുള്ളത്. ഹൈപ്പർലൂപ്പ് വഴിയുള്ള ഗതാഗത സൗകര്യം വർദ്ധിപ്പിക്കാനുള്ള ആശയങ്ങള്‍ പ്രയോഗിക്കാനുള്ള ഇടമായിരുന്നു ഇതില്‍.കേന്ദ്ര സർക്കാരിനൊപ്പം സ്റ്റീല്‍ ഭീമനായ ആർസെലർ മിത്തലും ഈ പദ്ധതിയില്‍ പങ്കാളിയായി. പദ്ധതിയ്ക്ക് ആവശ്യമായ പ്രധാന വസ്തുക്കള്‍ മിത്തലാണ് നല്‍കിയത്. എലോണ്‍ മസ്കും അദ്ദേഹത്തിന്റെ സ്ഥാപനം സ്പേസ് എക്സുമാണ് ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ ഏറെ പ്രോത്സാഹിപ്പിച്ചത്. ഐഐടി മദ്രാസിലെ ആവിഷ്കാർ ഹൈപ്പർലൂപ്പിന് 2019ല്‍ സ്പേസ് എക്സ് നടത്തിയ ഹൈപ്പർലൂപ്പ് പോഡ് മത്സരത്തില്‍ ആഗോള റാങ്കിംഗില്‍ മികച്ച പത്തെണ്ണത്തില്‍ ഒന്നാകാനായി. ഏഷ്യയില്‍ നിന്നുള്ള ഏക ടീമാണ് ആവിഷ്കാർ ഹൈപ്പർലൂപ്പ്. 2023ല്‍ യൂറോപ്യൻ ഹൈപ്പർലൂപ്പ് വീക്കില്‍ ആഗോളതലത്തിലെ മികച്ച മൂന്ന് ഹൈപ്പർലൂപ്പുകളില്‍ ഒന്നുമായി.