ശബരിമലയില്‍ വി.ഐ.പിയായി എത്തിയതില്‍ ജഡ്ജിയും നോര്‍ക്ക അംഗവും; റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊച്ചി: നടൻ ദിലീപിന് പുറമെ, വി.ഐ.പി. പരിഗണനയോടെ പോലീസ് അകമ്ബടിയില്‍ വേറെയും ആളുകള്‍ ശബരിമലയില്‍ എത്തിയിരുന്നുവെന്ന് റിപ്പോർട്ട്.ആലപ്പുഴ ജില്ലാ ജഡ്ജി കെ.കെ. രാധാകൃഷ്ണൻ, നോർക്കയുടെ ചുമതല വഹിക്കുന്ന കെ.പി.അനില്‍ കുമാർ എന്നിവരാണ് മറ്റുള്ളവർ. ഇവർക്കൊപ്പം വലിയൊരു കൂട്ടം ആളുകളും പോലീസ് അകമ്ബടിയോടെ സന്നിധാനത്ത് എത്തിയെന്നാണ് ശബരിമല ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോർട്ടില്‍ പറയുന്നത്.സന്നിധാനത്ത് എത്തിയ ദിലീപ്, കെ.കെ.രാധാകൃഷ്ണൻ, കെ.പി.അനില്‍ കുമാർ എന്നിവർക്ക് ശ്രീകോവിലിന് മുന്നില്‍നിന്ന് തൊഴാനുള്ള അവസരം ഒരുക്കുകയും മറ്റുള്ളവർക്ക് ജനറല്‍ ക്യൂവിലൂടെ പോകാനുള്ള അവസരം നല്‍കുകയും ചെയ്തുവെന്നാണ് എക്സ്ക്യൂട്ടീവ് ഓഫീസർ പറയുന്നത്. ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എല്ലാ ഗാർഡുമാരില്‍ നിന്നും വിശദീകരണം തേടുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത്. ഇതിനുശേഷമായിരിക്കും നാളെ ഹൈക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കുക.ശബരിമലയില്‍ എല്ലാ ഭക്തരും ഒരുപോലെ ആയിരിക്കണമെന്നും വി.ഐ.പി. ദർശനം പാടില്ലെന്ന ഹൈക്കോടതി നിർദേശത്തിന്റെ പച്ചയായ ലംഘനമാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ അതീവ ഗൗരവത്തോടെയാണ് കോടതി ഈ വിഷയം പരിഗണിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ ദേവസ്വം ബോർഡിനോട് കോടതി വിശദീകരണം തേടിയത്. സന്നിധാനത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഹാജരാക്കാനും ഹൈക്കോടതിയുടെ നിർദേശമുണ്ട്.ശബരിമലയില്‍ ആർക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് കോടതി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവിടെ എത്തുന്ന എല്ലാ ഭക്തരും സമന്മാരാണ്. എല്ലാവർക്കും വിർച്വല്‍ ക്യൂ വഴിയാണ് അവിടെ ദർശനം അനുവദിക്കുന്നത്. അതുകൊണ്ട് ആ രീതിക്ക് കാര്യങ്ങള്‍ നടക്കണമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച സുനില്‍ സ്വാമിയുടെ കേസിന്റെ വിധിന്യായം പുറത്തുവന്നപ്പോള്‍ അതിലും ഇക്കാര്യം കോടതി എടുത്തുപറഞ്ഞിരുന്നു.വ്യാഴാഴ്ച രാത്രിയാണ് നടൻ ദിലീപ് ശബരിമലയില്‍ ദർശനം നടത്തിയത്. ദേവസ്വം ബോർഡിന്റെ ഉദ്യോഗസ്ഥർ ദിലീപിനെ അനുഗമിക്കുകയും ശ്രീകോവിലിന്റെ മുന്നിലെത്തിച്ച്‌ ദർശനം നടത്തിപ്പോകാനുള്ള അവസരം ഒരുക്കിയെന്നുമുള്ള ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. ഇക്കാര്യം പരിശോധിക്കാനൊരുങ്ങുകയാണ് കോടതി. അതിന്റെ ഭാഗമായാണ് സന്നിധാനത്തെയും അപ്പർ തിരുമുറ്റത്തെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ ഹാജരാക്കാൻ കോടതി നിർദേശിച്ചത്. എന്തെങ്കിലും ക്രമവിരുദ്ധമായി കണ്ടെത്തുന്നപക്ഷം നടപടിയുണ്ടാകും.

Sharing

Leave your comment

Your email address will not be published. Required fields are marked *