ചൈനയുടെ സ്‌റ്റെല്‍ത്ത് ഫൈറ്റര്‍ J-35A വാങ്ങാൻ പാകിസ്താൻ, അമേരിക്കൻ F-35A കിട്ടുമോ ഇന്ത്യയ്ക്ക്

എക്കാലത്തെയും ബദ്ധവൈരിയാണ് ഇന്ത്യയ്ക്ക് പാകിസ്താൻ. ഇന്ത്യയെ അത്ര പഥ്യമല്ലാത്ത ചൈനയും പാകിസ്താനും ഉറ്റ സൃഹൃത്തുക്കളും.ദക്ഷിണേഷ്യയിലെ തന്നെ ശാക്തിക ബലത്തിനെ തകിടം മറിച്ചേക്കാവുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പാകിസ്താൻ തങ്ങളുടെ വ്യോമസേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്ന് അഞ്ചാം തലമുറ യുദ്ധവിമാനമായ ജെ-35എ വിമാനം വാങ്ങാനുള്ള നീക്കത്തിലാണെന്നാണ് പുറത്തുവരുന്ന വാർത്തകള്‍. ഇന്ത്യയ്ക്ക് ഒരു അഞ്ചാം തലമുറ- സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിന്റെ ശ്രേണിയില്ല. ആകെയുള്ള അടുത്തിടെ ഫ്രാൻസില്‍ നിന്ന് വാങ്ങിയ 26 റഫാല്‍ വിമാനങ്ങളാണ് ഉള്ളത്. ഇതാകട്ടെ 4.5 തലമുറ യുദ്ധവിമാനമാണ്. ഇതിന് സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ ഉണ്ടെങ്കിലും അഞ്ചാം തലമുറ വിമാനങ്ങളോട് കിടപിടിക്കില്ല. ഈ സമയത്താണ് പാകിസ്താന്റെ നീക്കം. എന്നാല്‍ പാകിസ്താന് ഈ യുദ്ധവിമാനം ചൈന കൊടുക്കുമോയെന്നത് കണ്ടറിയണം. ചൈന സ്വന്തമായി വികസിപ്പിച്ച യുദ്ധവിമാനമാണ് ജെ-35എ. വിമാനവാഹിനികളില്‍ നിന്നുള്‍പ്പെടെ പറന്നുയരാനും ലാൻഡ് ചെയ്യാനും ശേഷിയുള്ള യുദ്ധവിമാനം കൂടിയാണ് ഇത്. മാത്രമല്ല റഡാർ നിരീക്ഷണത്തില്‍ പെടാതെ പറക്കാൻ കഴിയുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ, അത്യാധുനിക ഏവിയോണിക്സ് സംവിധാനങ്ങള്‍, വ്യത്യസ്തങ്ങളായ ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷി തുടങ്ങിയവ ജെ-35എ വിമാനത്തെ വേറിട്ട് നിർത്തുന്നു. ഇത് പാകിസ്താന് ലഭിക്കുന്ന പക്ഷം വ്യോമയുദ്ധത്തില്‍ അവർക്ക് മേല്‍കൈ ലഭിക്കും. എക്കാലത്തെയും മികച്ച സൗഹൃദമെന്നാണ് പാകിസ്താനും ചൈനയും തമ്മിലുള്ള ബന്ധത്തെ അവർ വിശേഷിപ്പിക്കുന്നത്. അതിനാല്‍ ഇത്തരമൊരു ഡീല്‍ നടന്നേക്കാനുള്ള സാധ്യത പ്രതിരോധ നിരീക്ഷകർ തള്ളിക്കളയുന്നില്ല. നിലവില്‍ ചൈനയുടെ പക്കല്‍ അഞ്ചാം തലമുറ യുദ്ധവിമാനമായ ജെ-20യുടെ നിരവധി സ്ക്വാഡ്രണുകളുണ്ട്. ഏതാണ്ട് 195 ജെ-20 വിമാനങ്ങള്‍ ചൈനയ്ക്കുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പാകിസ്താനെ പോലൊരു രാജ്യത്തിന് അഞ്ചാം തലമുറ യുദ്ധവിമാനം ലഭിച്ചാല്‍ അത് ഇന്ത്യയെപോലെയൊരു രാജ്യത്തിന് ആശങ്കയ്ക്ക് വകയുണ്ടാക്കും. രണ്ട് സങ്കീർണമായ അതിർത്തി മേഖലകളിലും അഞ്ചാംതലമുറ യുദ്ധവിമാനവുമായുള്ള ഏറ്റുമുട്ടല്‍ ഇന്ത്യൻ വ്യോമസേനയെ ക്ഷീണിപ്പിക്കും.പാകിസ്താന് ജെ-35 എ യുദ്ധവിമാനങ്ങള്‍ നല്‍കാൻ ചൈന തയ്യാറായാല്‍ ഇന്ത്യയ്ക്ക് തങ്ങളുടെ അത്യാധുനിക യുദ്ധവിമാനമായ എഫ്-35എ നല്‍കാൻ അമേരിക്ക തയ്യാറായേക്കും. ചൈനീസ് യുദ്ധവിമാനങ്ങളേക്കാള്‍ സാങ്കേതിക മേൻമയും സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്നതുമായ യുദ്ധവിമാനമാണ് എഫ്-35എ. അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന എഫ്-35 വിമാനങ്ങളുടെ മറ്റൊരു പതിപ്പാണ് എഫ്-35എ. ദക്ഷിണേഷ്യയില്‍ ചൈനീസ് സ്വാധീനം വർധിക്കുന്നത് തടയാൻ ഇന്ത്യയ്ക്ക് അത്യാധുനിക ആയുധം വില്‍ക്കാൻ അമേരിക്ക തയ്യാറായേക്കും. ഇന്ത്യയുമായി പ്രതിരോധ സഹകരണം വർധിപ്പിക്കാൻ അമേരിക്കയും ആഗ്രഹിക്കുന്നുണ്ട്.പക്ഷെ അമേരിക്കൻ ഉപരോധം മറികടന്ന് റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയ എസ്-400 വ്യോമപ്രതിരോധ സംവിധാനം ഇതിനൊരു വിലങ്ങുതടി ആയേക്കും. ഈ റഷ്യൻ ആയുധത്തിന് എഫ്-35എയുടെ വിവരങ്ങള്‍ ശേഖരിക്കാനാകുമെന്നാണ് അമേരിക്ക ഭയപ്പെടുന്നത്. അങ്ങനെയൊരു സാധ്യത ഉണ്ടായാല്‍ അമേരിക്കൻ യുദ്ധവിമാനത്തിന്റെ വിവരങ്ങള്‍ റഷ്യയ്ക്ക് ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് അവർ വിശ്വസിക്കുന്നു. എസ്-400 വ്യോമപ്രതിരോധ സംവിധാനം ഉപയോഗിക്കാത്ത സ്ഥലങ്ങളില്‍ എഫ്-35എ വിമാനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന നിബന്ധന അമേരിക്ക മുന്നോട്ടുവെച്ചേക്കാം.എഫ്-35എ വിമാനം ലഭിച്ചാല്‍ അത് ഇന്ത്യൻ വ്യോമസേനയുടെ ശേഷി വർധിപ്പിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ അമേരിക്കയുമായുള്ള ഈ ഇടപാട് ഇന്ത്യാ- റഷ്യാ ബന്ധത്തില്‍ ഉലച്ചില്‍ കൊണ്ടുവന്നേക്കാം. മാത്രമല്ല സ്വന്തമായി തേജസിന് പുറമെ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് ( AMCA) വികസിപ്പിക്കാനുള്ള ശ്രമങ്ങളെ പിന്നോട്ടടിക്കാനും ഇടയാക്കും.

Sharing

Leave your comment

Your email address will not be published. Required fields are marked *