പിവി അൻവര്‍ യു.ഡി.എഫിലേക്ക് ; കോണ്‍ഗ്രസ്, ലീഗ് നേതാക്കളുമായി ചര്‍ച്ച

ഇല്ലത്ത് നിന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്ത് ഒട്ട് എത്തിയതുമില്ല എന്നൊരു പ്രയോഗമുണ്ട്. നാടന്‍ ശൈലിയില്‍ പെരുവഴിയിലാകുക എന്നും പറയും. വി അന്‍വര്‍ എംഎല്‍എയുടെ അവസ്ഥ ഏതാണ്ട് ഇപ്പോള്‍ ഇങ്ങനെയാണ്. സിപിഎമ്മിനോട് മൊഴി ചൊല്ലുകയും ചെയ്തു, കോണ്‍ഗ്രസിലേക്ക് എത്താനും പറ്റിയില്ല.വലിയ ഭൂകമ്ബങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് അന്‍വര്‍ സിപിഎമ്മില്‍ നിന്നിറങ്ങിയത്. എതിരാളികള്‍ക്കെതിരെ സിപിഎമ്മിന്റെ തുറുപ്പുചീട്ടായിരുന്നു അന്‍വര്‍. അന്‍വര്‍ സഖാവ് ആരെക്കുറിച്ചും എന്തും പറയുമായിരുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷത്തെ ആരോപണ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും അധികം ആരോപണങ്ങള്‍ ഉന്നയിച്ചത് അന്‍വറാണ്. മലപോലെ വന്നത് എലി പോലെയായി എന്ന അവസ്ഥയാണ് അന്‍വര്‍ സഖാവിന്റെ ആരോപണങ്ങള്‍ക്കെല്ലാം സംഭവിച്ചത്. എന്തൊക്കെയോ കാരണങ്ങളാല്‍ അന്‍വര്‍ സിപിഎം ബന്ധം ഉപേക്ഷിച്ചു. എന്തൊക്കെയോ മൈക്കിലൂടെ വിളിച്ചുപറഞ്ഞു. വന്‍ ബോംബുകള്‍ പൊട്ടിച്ചു. എല്ലാം വെറും പടക്കങ്ങള്‍ മാത്രമായിരുന്നു. ഒടുവില്‍ പെട്ടിയും കിടക്കയുമായി പി വി അന്‍വര്‍ പെരുവഴിയിലായി. ദ്രാവിഡ പാര്‍ട്ടിയായ ഡിഎംകെയില്‍ ചേക്കേറാന്‍ നോക്കി. പക്ഷേ, അവര്‍ മുഖംതിരിച്ചു. പിന്നാലെ സ്വന്തമായൊരു ഡിഎംകെ ഉണ്ടാക്കി, അതിന്റെ നേതാവായി സ്വയം അവരോധിച്ചു. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള അഥവാ ഡിഎംകെ എന്ന പാര്‍ട്ടിയുടെ നേതാവാണ് നിലവില്‍ അന്‍വര്‍.പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന്‍ സ്വാധീനം ചെലുത്താനുള്ള ശ്രമം നടത്തിയെങ്കിലും ഒരു ചെറു ചലനം പോലും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. പാലക്കാട്ട് ഡിഎംകെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ചേലക്കരയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. വയനാട്ടില്‍ എന്തൊക്കെയോ ചെയ്തു. എന്തായാലും ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞില്ല. അതോടെ പാര്‍ട്ടിയുടെ ഭാവി തന്നെ ചോദ്യചിഹ്നമായി മാറി.അതിനിടയിലാണ് പുതിയ സൂചനകള്‍ വരുന്നത്. പി വി അന്‍വറും പാര്‍ട്ടിയായ ഡിഎംകെയും യുഡിഎഫിലേക്കോ? അങ്ങനെയൊരു സൂചനയാണ് പുറത്തുവരുന്നത്. മുസ്ലീം ലീഗാണ് അന്‍വറിനെ യുഡിഎഫിലേക്ക് കൊണ്ടുവരുന്നതിന് മുന്‍കൈയെടുക്കുമെന്നാണ് വിവരം. യുഡിഎഫിന്റെ ഭാഗമാകുകയോ അന്‍വറും പാര്‍ട്ടിയും മുസ്ലീം ലീഗില്‍ ലയിക്കുകയോ ചെയ്യും.ഇതു സംബന്ധിച്ച ചരടുവലികള്‍ അന്‍വര്‍ നടത്തിയത് അങ്ങ് രാജ്യതലസ്ഥാനത്ത് വച്ചാണ്.ഡല്‍ഹിയില്‍ വച്ച്‌ അന്‍വര്‍ യുഡിഎഫ് നേതാക്കളുമായും മുസ്ലീം ലീഗ് നേതാക്കളുമായും ചര്‍ച്ച നടത്തി. ഇതോടെയാണ് യുഡിഎഫിലേക്കെന്ന സൂചന വന്നത്. വ്യാഴാഴ്ച കോണ്‍ഗ്രസിന്റെ രണ്ടു ഉന്നത നേതാക്കളുമായാണ് അന്‍വര്‍ ചര്‍ച്ച നടത്തിയത്. വെള്ളിയാഴ്ച മുസ്ലീം ലീഡിന്റെ രണ്ടു നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. അന്‍വറിന് അടുപ്പമുള്ള കെ സുധാകരനുമായും ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. മുസ്ലീം ലീഗ് നേതാക്കളും എംപിമാരുമായ ഇ ടി മുഹമ്മദ് ബഷീര്‍, അബ്ദുള്‍ വഹാബ് എന്നിവരെയും പിവി അന്‍വര്‍ കണ്ടു.യുഡിഎഫിലേക്ക് എത്തുന്നതിന് ഏതാണ്ട് ധാരണയായതായും സൂചനയുണ്ട്. കേരളത്തില്‍ എതിര്‍പ്പുണ്ടാവുമെന്ന് അന്‍വറിന് നന്നായി അറിയാം. അതാണ് ഡല്‍ഹിയില്‍ വച്ച്‌ ചരടുവലികള്‍ നടത്തുന്നത്. ഡല്‍ഹിയില്‍ തങ്ങി അടുപ്പമുള്ള യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ് അന്‍വര്‍ എന്നാണ് വിവരം.സിപിഎമ്മിന്റെ സൈബര്‍ പോരാളികളുടെ നേതാവായിരുന്നു പി വി അന്‍വര്‍. കോണ്‍ഗ്രസ്, ലീഗ് നേതാക്കളെ ഒരുപാട് തെറിവിളിച്ചിട്ടുണ്ട്. ഇനി യുഡിഎഫില്‍ നിന്ന് സിപിഎം നേതാക്കളെ തെറിപറയുമോ എന്നാണ് കണ്ടറിയേണ്ടത്.

Sharing

Leave your comment

Your email address will not be published. Required fields are marked *