മരണക്കടലിനെ ജീവന്റെ സമുദ്രമാക്കി, ഇത് ലോകത്തെ ഞെട്ടിച്ച ചൈനയുടെ ‘ദി ഗ്രേറ്റ് ഗ്രീൻ വാള്’
മരുഭൂവത്കരണത്തിനെതിരായ പോരാട്ടത്തില്‍ സുപ്രധാന നേട്ടവുമായി ചൈന. മരണക്കടലെന്നറിയപ്പെടുന്ന ചൈനയിലെ തക്ലമഖാൻ മരുഭൂമിക്ക് ചുറ്റും 3,046 കിലോമീറ്റർ വിസ്തൃതിയില്‍ പച്ചപ്പ് വളർത്തിയാണ് ചൈന ലോകത്തെ അമ്ബരപ്പിച്ചിരിക്കുന്നത്.സിൻജിയാങ് പ്രവിശ്യയിലാണ് ചൈനയിലെ വലിയ മരുഭൂമികളിലൊന്നായ തക്ലമഖാൻ വ്യാപിച്ചുകിടക്കുന്നത്. ഈ മരുഭൂമിയുടെ വ്യാപ്തി വർധിക്കുന്നത് നേരത്തെ തന്നെ ശ്രദ്ധയില്‍ പെട്ടിരുന്നു. ചൈനയിലുടനീളമുള്ള മരുഭൂവത്കരണത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വനവല്‍ക്കരണ സംരംഭത്തിന്റെ ഭാഗമായാണ് വനവത്കരണ പദ്ധതി നടപ്പിലാക്കിയത്. 46 വർഷങ്ങള്‍ നീണ്ട പരിശ്രമമാണ് ചരിത്രപരമായ നേട്ടത്തിലെത്തിയത്.ത്രീ-നോർത്ത് ഷെല്ട്ടർബെല്റ്റ് ഫോറസ്റ്റ് പ്രോഗ്രാം (TSFP) എന്നപേരില്‍ 1978-ല്‍ ആണ് ചൈനയുടെ വടക്ക്-കിഴക്കൻ, വടക്ക്- പടിഞ്ഞാറൻ മേഖലകളെ മരുഭൂവത്കരണത്തില്‍ നിന്ന് രക്ഷിക്കാനായി പദ്ധതി തുടങ്ങിയത്. മരുഭൂമിയില്‍ നിന്നുള്ള മണല്‍കാറ്റിനെ വനം നിർമിച്ച് തടഞ്ഞുനിർത്തി മരുഭൂമിയുടെ വ്യാപനം തടഞ്ഞുനിർത്തുക എന്നതാണ് ചൈന ലക്ഷ്യമിട്ടത്. പ്രോഗ്രാം 2050-ല്‍ പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ നിർണായകമായ നേട്ടമാണ് തക്ലമഖാൻ മരുഭൂമിയില്‍ ചൈന കൈവരിച്ചത്. പതിറ്റാണ്ടുകളുടെ ശ്രമത്തിലൂടെയാണ് ചൈന പ്രശ്നബാധിത പ്രദേശങ്ങളിലെ വനമേഖല വിപുലീകരിക്കുകയും ജൈവവൈവിധ്യം വർദ്ധിപ്പിക്കുകയും അതിലൂടെ മണ്ണിനെ പരിപോഷിപ്പിക്കുയും ചെയ്തത്.
പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചൈനയുടെ പ്രയത്നങ്ങളുടെയും മനോഭാവത്തിന്റെയും പ്രതിഫലനമായാണ് നേട്ടം വിലയിരുത്തപ്പെടുന്നത്. പദ്ധതിയിലൂടെ മൂന്ന് കോടി ഹെക്ടറിലധികം (116,000 ചതുരശ്ര മൈല്‍) പ്രദേശത്ത് മരങ്ങള്‍ നട്ടുപിടിപ്പിച്ചു. വരണ്ട വടക്കു-പടിഞ്ഞാറൻ ഭാഗത്ത് മരങ്ങള്‍ നട്ടുപിടിപ്പിച്ചതുവഴി കഴിഞ്ഞ വർഷം അവസാനത്തോടെ ചൈനയുടെ മൊത്തം വനവിസ്തൃതി 25 ശതമാനത്തിന് മുകളില്‍ എത്തിക്കാൻ സഹായിച്ചു. 1949-ല്‍ ഇത് 10% ആയിരുന്നു. കഴിഞ്ഞ 40 വർഷത്തിനിടെ സിൻജിയാങ്ങിലെ വനവിസ്തൃതി ഒരു ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി ഉയർന്നതായും പീപ്പിള്‍സ് ഡെയ്ലി റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വനവത്കരണ ഉദ്യമമായാണ് ഇതിനെ കണക്കാക്കുന്നത്. മരുഭൂവല്‍ക്കരണം നിയന്ത്രണ വിധേയമാക്കാൻ ചൈന തക്ലമഖാനില് സസ്യങ്ങളും മരങ്ങളും നട്ടുപിടിപ്പിക്കുന്നത് തുടരുമെന്ന് സിൻജിയാങ് ഫോറസ്റ്റ് ഉദ്യോഗസ്ഥനായ
ഷു ലിഡോങ് മാധ്യമങ്ങളോട് പറഞ്ഞു.