പുരുഷന്മാര്‍ക്ക് ആര്‍ത്തവമുണ്ടെങ്കിലേ അത് മനസ്സിലാവൂ’; വനിതാജഡ്ജിയെ പുറത്താക്കിയ കേസില്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ മികവ് വിലയിരുത്താൻ മധ്യപ്രദേശ് ഹൈക്കോടതി പരിഗണിക്കുന്ന മാനദണ്ഡങ്ങളില്‍ കടുത്ത അതൃപ്തിയറിയിച്ച്‌ സുപ്രീംകോടതി.ഗർഭം അലസിയതിനെത്തുടർന്ന് വനിതാജഡ്ജിക്കുണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതിരുന്നതിനെയാണ് സുപ്രീംകോടതി വിമർശിച്ചത്. പുരുഷന്മാർക്കും ആർത്തവമുണ്ടായിരുന്നെങ്കില്‍ അവർക്കത് മനസ്സിലാവുമായിരുന്നെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് പറഞ്ഞു.പ്രകടനം മോശമാണെന്നുപറഞ്ഞ് രണ്ട് വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതി പരിഗണിച്ചത്. അതിലൊരാള്‍ ഒരുവർഷത്തില്‍ രണ്ടുകേസുകള്‍ മാത്രമാണ് തീർപ്പാക്കിയതെന്നും ഇത് ശരാശരിയില്‍ താഴെയുള്ള പ്രകടനമാണെന്നുമാണ് ഹൈക്കോടതി വിലയിരുത്തിയത്. എന്നാല്‍ സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചപ്പോള്‍ അവർക്ക് ഗർഭം അലസിപ്പോയിരുന്നതായും ജോലിചെയ്യാൻ കഴിയാത്തവിധം മാനസിക-ശാരീരിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നതായും ബോധ്യപ്പെട്ടു. അവരുടെ സഹോദരന് അർബുദമായിരുന്നെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.ഇങ്ങനെയാണോ വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ ഹൈക്കോടതികള്‍ കൈകാര്യംചെയ്യുന്നതെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ഗർഭിണിയാവുകയും പിന്നീടത് അലസിപ്പോവുകയും ചെയ്യുന്ന സ്ത്രീയുടെ മാനസികാവസ്ഥ മനസ്സിലാക്കണം. പുരുഷന്മാർക്കും ആർത്തവമുണ്ടായിരുന്നെങ്കില്‍ എന്ന് താൻ ആഗ്രഹിക്കുന്നതായും എന്നാല്‍മാത്രമേ അവരത് മനസ്സിലാക്കൂവെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ഡിസംബർ 12-ന് വാദം തുടരും.

Sharing

Leave your comment

Your email address will not be published. Required fields are marked *