ഇസ്രയേല്‍-ഗസ യുദ്ധത്തില്‍ ഇന്ത്യ ആര്‍ക്കൊപ്പം? നിലപാട് വ്യക്തമാക്കി ഇന്ത്യ
ഇസ്രയേല്‍-ഗസ യുദ്ധത്തില്‍ ഇന്ത്യ ആര്‍ക്കൊപ്പമാണ്? ഇപ്പോള്‍ കൃത്യമായ നിലപാട് വ്യക്തമാക്കിരിക്കുകയാണ് ഇന്ത്യ.ഇസ്രയേലിനൊപ്പമല്ല, ഇന്ത്യ പലസ്തീനോടൊപ്പം തന്നെ. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലാണ് ഇന്ത്യ നിലപാട് പ്രഖ്യാപിച്ചത്. ഇസ്രയേലിനെതിരായ രണ്ടു പ്രമേയങ്ങളെ ഇന്ത്യ അനുകൂലിച്ച് വോട്ട് ചെയ്താണ് നിലപാട് പ്രഖ്യാപിച്ചത്.പലസ്തീന് അധിനിവേശം ഇസ്രയേല്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെടുന്നതാണ് ഒന്നാമത്തെ പ്രമേയം.രണ്ടാമത്തെ പ്രമേയം സിറിയയിലെ ഗോലാനില്‍ നിന്നും ഇസ്രയേല്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതും. ഈ രണ്ടു പ്രമേയങ്ങളെയും ഇന്ത്യ അനുകൂലിച്ച് വോട്ടിട്ടു. പലസ്തീന് സംഘര്‍ഷം സമാധാനപരമായി ഒത്തുതീര്‍പ്പാക്കണം എന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. സെനഗല്‍ ആണ് ജനറല്‍ അസംബ്ലിയില്‍ ഈ പ്രമേയം അവതരിപ്പിച്ചത്.1967 മുതല്‍ അധിനിവേശം നടത്തിയ മുഴുവന്‍ പലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രായേല്‍ പിന്‍വാങ്ങുക എന്ന ആവശ്യമാണ് പ്രമേയം ഉയര്‍ത്തുന്നത്. കിഴക്കന്‍ ജറുസലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളാണ് ഇസ്രയേല്‍ അധിനിവേശം നടത്തിയിട്ടുള്ളത്. പശ്ചിമേഷ്യയില്‍ സമഗ്രവും നീതിപൂര്‍വവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. 193 അംഗ സഭയില്‍ 157 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ചത്. അമേരിക്ക, അര്‍ജന്റീന, ഹംഗറി, ഇസ്രായേല്‍, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, എന്നീ എട്ട് രാജ്യങ്ങളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. കാമറൂണ്‍, ചെക്കിയ, ഇക്വഡോര്‍, ജോര്‍ജിയ, പരാഗ്വേ, യുക്രെയ്ന്, ഉറുഗ്വേ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അതിനിടെ, ജനുവരി 20ന് മുമ്ബ് ഗസ്സയിലുള്ള മുഴുവന്‍ ബന്ദികളെയും വിട്ടയക്കണമെന്നാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ട്രംപ്. അതായത് അമേരിക്കയുടെ പ്രസിഡന്റായി താന്‍ അധികാരമേല്‍ക്കും മുമ്ബ് ബന്ദികളെ വിട്ടയക്കണമെന്നാണ് ട്രംപിന്റെ അന്ത്യശാസന. നവംബര്‍ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം ഗസ്സ വിഷയത്തില്‍ ട്രംപിന്റെ ഭാഗത്തുനിന്നുള്ള ഏറ്റവും കടുത്ത നിലപാടാണിത്. ഗസയില്‍ വെടിനിര്‍ത്തലിനായി ട്രംപ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന എത്തിയത്. ബന്ദികളെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. പക്ഷെ, സംസാരം മാത്രമേയുള്ളൂ, നടപടി ഉണ്ടാകുന്നില്ല. അമേരിക്കയുടെ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന 2025 ജനുവരി 20ന് മുമ്പ് ബന്ദികളെ വിട്ടയക്കണം. ഇല്ലെങ്കില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ ഒരാളും നേരിട്ടിട്ടില്ലാത്ത ശക്തമായ നടപടിയുണ്ടാകുമെന്നും ഉടന്‍ ബന്ദികളെ മോചിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ട്രംപിന് നന്ദി പറഞ്ഞുകൊണ്ട് ഇസ്രായേല്‍ പ്രസിഡന്റ് ഇസ്ഹാഖ് ഹെര്‍സോഗ് രംഗത്തുവന്നു. നാട്ടില്‍ തിരിച്ചെത്തുന്ന സഹോദരന്മാരെയും സഹോദരിമാരെയും കാണാനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.കഴിഞ്ഞ ദിവസം ബന്ദിയുടെ വിഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു. 20കാരനായ ഏദന്‍ അലക്സാണ്ടറിന്റെ വിഡിയോയാണ് പുറത്തുവിട്ടത്. അമേരിക്കന്‍-ഇസ്രായേല്‍ പൗരത്വമുള്ള ഇയാള്‍ ഗസ്സ അതിര്‍ത്തിയില്‍ സൈനിക സേവനത്തിലിരിക്കെയാണ് ഒക്ടോബര്‍ ഏഴിന് ബന്ദിയാക്കപ്പെട്ടത്.മൂന്നര മിനിറ്റ് നീണ്ടുനില്‍ക്കുന്ന വിഡിയോയില്‍ തന്നെ തിരികെ എത്തിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഏദന്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ തങ്ങളെ മോചിപ്പിക്കുന്നതിനായി നടപടിയെടുക്കാന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.ഞങ്ങളുടെ സ്വാതന്ത്ര്യത്തിനായി ചര്‍ച്ച നടത്താന്‍ നിങ്ങളുടെ സ്വാധീനവും അമേരിക്കയുടെ മുഴുവന്‍ ശക്തിയും ഉപയോഗിക്കണം. യുഎസ് പ്രസിഡന്റ് ജോ ബൈഡന് ചെയ്ത തെറ്റുകള്‍ താങ്കള്‍ ആവര്‍ത്തിക്കരുത്. അദ്ദേഹം അയച്ച ആയുധങ്ങള്‍ ഇപ്പോള്‍ ഞങ്ങളെ കൊല്ലുകയാണ്. നിയമവിരുദ്ധമായ ഉപരോധം ഞങ്ങളെ പട്ടിണിക്കിടുന്നു. സഹ യുഎസ് പൗരനായ ഗോള്‍ഡ്ബെര്‍ പോളിനെപ്പോലെ മരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അലക്സാണ്ടര്‍ വിഡിയോയില്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പോസ്റ്റ് വന്നത്.