ആരോഗ്യനിലയില്‍ പുരോഗതിയില്ല; ഏകനാഥ് ഷിൻഡെ ആശുപത്രിയില്‍
മുംബൈ: മഹാരാഷ്ട്ര കാവല്‍ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച വിശ്രമമെടുത്തെങ്കിലും ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്നാണ് താനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ ജുപീറ്റർ ആശുപത്രിയിലെ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. വിശദമായ പരിശോധന ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു.കഴിഞ്ഞയാഴ്ച സ്വദേശമായ സതാറയില്‍ എത്തിയപ്പോഴും ഷിൻഡെയുടെ നില സുഖകരമായിരുന്നില്ല. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടിരുന്നതിനാലും തിരക്കേറിയ ഇലക്ഷൻ ഷെഡ്യൂളിന്റെ ഫലമായും അദ്ദേഹത്തിന് വിശ്രമം ആവശ്യമായിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ അപ്പോയിന്റ്മെന്റുകളും റദ്ദാക്കി ഷിൻഡെ വിശ്രമമെടുത്തു. ഒടുവില്‍ തിങ്കളാഴ്ച രാവിലെയാണ് ഏകനാഥ് ഷിൻഡെ മുംബൈയിലേക്ക് മടങ്ങിയെത്തിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിവരം തിരക്കി ദേവേന്ദ്ര ഫഡ്നാവിസ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു.ഡിസംബർ അഞ്ചിന് മഹാരാഷ്ട്ര സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ചടങ്ങ് എപ്പോള്‍ നടക്കുമെന്നത് വ്യക്തമല്ല. ഷിൻഡെ മന്ത്രിസഭയിലുണ്ടായേക്കുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയായി ഫഡ്നാവിസ് ചുമതലയേല്‍ക്കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. എൻഡിഎ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നിലകൊള്ളുമെന്നാണ് ശിവസേന നേതാവായ ഏകനാഥ് ഷിൻഡെയുടെ നിലപാട്.