റേഷൻ വാങ്ങാതിരുന്നവര്‍ക്കെല്ലാം പണികിട്ടിത്തുടങ്ങി; 60,000ത്തോളം പേര്‍ മുൻഗണനാ വിഭാഗത്തില്‍ നിന്ന് പുറത്ത്;

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡില്‍ വീണ്ടും ശുദ്ധീകരണം. മുൻഗണനാ വിഭാഗത്തില്‍ നിന്ന് 60,000പേരെയാണ് പുറത്താക്കിയിരിക്കുന്നത്. തുടർച്ചയായി മൂന്ന് മാസം റേഷൻ വാങ്ങാതിരുന്നവരെയാണ് മുൻഗണനാ വിഭാഗത്തില്‍ നിന്ന് വെട്ടിയത്. ഇവരെ വെള്ള കാർഡിലേക്ക് മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഓണക്കാലത്ത് സർക്കാരിന്റെ കിറ്റ് വാങ്ങാത്ത മഞ്ഞ കാർഡ് ഉടമകളെയും മുൻഗണനാ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കും.മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകള്‍ നിർബന്ധമായും മസ്റ്ററിംഗ് നടത്തണമെന്നാണ് കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം. മസ്റ്ററിംഗിന് വേണ്ടി പല ഘട്ടങ്ങളിലായി സർക്കാർ സമയം നീട്ടി നല്‍കിയിട്ടുണ്ടായിരുന്നു. അർഹമായ റേഷൻ വിഹിതം ലഭിക്കുന്നതിന് വേണ്ടിയാണ് മസ്റ്ററിംഗ്. ഇതിനിടയില്‍ മൂന്ന് മാസമായി റേഷൻ വാങ്ങാതിരുന്ന മഞ്ഞ, പിങ്ക് കാർഡ് ഉടമകളില്‍ 60,000ത്തോളം കുടുംബങ്ങളെ മുൻഗണനാ വിഭാഗത്തില്‍ നിന്നും ഒഴിവാക്കി. ഇവർക്ക് പകരം അർഹതയുള്ളവരെ കണ്ടെത്തി മുൻഗണനാ വിഭാഗത്തിലേക്ക് കൊണ്ടുവരും. റേഷൻ വാങ്ങാതിരുന്ന 4000ത്തിലധികം നീല കാർഡ് ഉടമകളെയും വെള്ള കാർഡിലേക്ക് മാറ്റിയിട്ടുണ്ട്.ഓണക്കിറ്റ് വാങ്ങാതിരുന്ന മുൻഗണനാ വിഭാഗത്തിലുള്ളവരെയും ഒഴിവാക്കും. മരിച്ചവരും അനർഹരുമാണ് ഓണക്കിറ്റ് വാങ്ങാത്തത് എന്നാണ് വിലയിരുത്തല്‍. ഇവരെയും മുൻഗണനേതര കാർഡിലേക്ക് മാറ്റും. കഴിഞ്ഞവർഷം ഓണക്കിറ്റ് വാങ്ങിയ മുൻഗണനാ വിഭാഗക്കാരില്‍ ഈ വർഷം എണ്ണൂറിലധികം പേർ കിറ്റ് വാങ്ങിയിട്ടില്ലെന്നാണ് കണ്ടെത്തല്‍. മുൻഗണനാ വിഭാഗത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർ ഈ മാസം പത്തിനകം അപേക്ഷ സമർപ്പിക്കണം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ പോർട്ടല്‍ വഴിയോ അപേക്ഷിക്കാം. ജില്ലാ സപ്ലൈ ഓഫീസർമാർ പരിശോധിച്ച്‌ അർഹരായവരെ മുൻഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും.

Sharing

Leave your comment

Your email address will not be published. Required fields are marked *