നവീൻബാബുവിന്റെ ഭാര്യയുടെ ഹര്‍ജി; കണ്ണൂര്‍ കളക്ടര്‍ക്കും ടിവി പ്രശാന്തനും കോടതി നോട്ടീസ്;
കണ്ണൂർ: തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള എഡിഎം നവീൻബാബുവിന്റെ കുടുംബത്തിന്റെ ഹർജിയില്‍ കണ്ണൂർ കളക്ടർ അരുണ്‍ കെ.വിജയനും പെട്രോള്‍ പമ്പ് ഉടമ ടിവി പ്രശാന്തനും കോടതി നോട്ടീസ് അയച്ചു. കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിശദീകരണം തേടി നോട്ടീസ് അയച്ചത്. ഫോണ്‍വിളിച്ചതിന്റെ വിശദാംശങ്ങള്‍, സി.സി.ടി.വി. ദൃശ്യങ്ങള്‍ മുതലായവ സംരക്ഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ, ബി.എസ്.എൻ.എല്‍., വോഡഫോണ്‍ അധികൃതർ എന്നിവർക്ക് നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നവംബറില്‍ ഹർജി നല്‍കിയത്.കളക്ടറേറ്റ്, മുനീശ്വരൻകോവില്‍, റെയില്‍വേ സ്റ്റേഷൻ പരിസരം, പ്ലാറ്റ്ഫോം, പള്ളിക്കുന്ന് എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍, കേസില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കളക്ടർ അരുണ്‍ കെ. വിജയൻ, പെട്രോള്‍ പമ്ബിന് അപേക്ഷ നല്‍കിയ ടി.വി. പ്രശാന്തൻ എന്നിവരുടെ ഒക്ടോബർ ഒന്നുമുതല്‍ 15 വരെയുള്ള മൊബൈല്‍ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍, ഫോണിന്റെ ടവർ ലൊക്കേഷൻ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സംരക്ഷിക്കാൻ നിർദേശം നല്‍കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.അതേസമയം കേസില്‍ പ്രതിചേർക്കപ്പെട്ടിട്ടില്ലാത്ത കളക്ടറുടേയും പ്രശാന്തന്റേയും വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയേ ബാധിക്കില്ലേ എന്ന് കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കോടതി പ്രശാന്തനും കളക്ടർക്കും നോട്ടീസയച്ചത്. ഇരുവരുടെയും മറുപടി കേട്ടതിന് ശേഷം മാത്രമേ ഈ ഹർജിയില്‍ തീരുമാനമുണ്ടാവുകയുള്ളൂ. അതിനായി ഈ മാസം പത്തിന് ഹർജി വീണ്ടും കോടതി പരിഗണിക്കും.ഒക്ടോബർ 16-ന് പുലർച്ചെയായിരുന്നു കണ്ണൂർ എ.ഡി.എം ആയിരുന്ന പത്തനംതിട്ട മലയാപ്പുഴ സ്വദേശി നവീൻ ബാബുവിനെ ക്വാർട്ടേഴ്സില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. പത്തനംതിട്ട എ.ഡി.എം ആയി നാട്ടിലേക്ക് പോകാനിരിക്കെ സഹപ്രവർത്തർ നല്‍കിയ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ നടത്തിയ അപമാനകരമായ പരാമർശം ആത്മഹത്യയിലേയ്ക്ക് നയിച്ചെന്നാണ് ആരോപണം. കേസില്‍ പി.പി ദിവ്യയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.