ആട്ടിയകറ്റിയപ്പോള്‍ മാറി നിന്ന് കണ്ടുപഠിച്ച്‌ ആയിരത്തോളം കിണര്‍ കുഴിച്ച 75കാരി;

എത്ര ധൈര്യമുള്ളവരായാലും നല്ല ആഴമുള്ള കിണറിനുള്ളിലേയ്ക്ക് നോക്കിയാല്‍ ഒന്ന് കിടുങ്ങും. കുറഞ്ഞത് മൂന്നോ നാലോ ആള്‍പ്പൊക്കമുള്ള കിണറുകളാണ് കേരളത്തിലുള്ളത്. ഇതിലും ആഴമുള്ള ആയിരത്തിലേറെ കിണറുകള്‍ കുഴിച്ച ഒരു 75കാരി കേരളത്തിലുണ്ട്. പ്രായത്തെ തോല്‍പ്പിച്ചുകൊണ്ട് ഇപ്പോഴും കിണറുകള്‍ ഒറ്റയ്ക്ക് കുഴിക്കുകയും ചെയ്യുന്നു.മനസില്‍ ഉശിരും വാശിയും ഉണ്ടെങ്കില്‍ പ്രായം തടസമേയല്ലെന്ന് കുഞ്ഞുപെണ്ണ് പറയുന്നു. സ്വദേശം അടൂരാണെങ്കിലും എറണാകുളം മുതല്‍ തിരുവനന്തപുരംവരെ കുഞ്ഞുപെണ്ണ് കിണർ കുഴിച്ചിട്ടുണ്ട്. കൈലിയും ബ്ളൗസും അണിഞ്ഞ് ആരെയും കൂസാതെ കിണർ കുഴിക്കാൻ ഈ പ്രായത്തിലും കുഞ്ഞുപെണ്ണിന് മടിയില്ല.’ഇഷ്ടദൈവമായ ഭദ്രകാളിയെയും ഭൂമീദേവിയെയും ധ്യാനിച്ചുകൊണ്ടാണ് കിണർ കുത്തുന്നത്. ഓരോ കിണർ കുഴിക്കുന്നതിന് മുൻപും പീടികത്താഴെ പള്ളീലച്ചനെ ഓർക്കും. അച്ചൻ കാരണമാണ് ആദ്യത്തെ കിണർ കുഴിക്കാൻ അവസരം ലഭിച്ചത്. അന്നത്തെ തന്റെ അറിവില്ലായ്മയും തെറ്റുകുറ്റങ്ങളും അച്ചൻ കണ്ടില്ലെന്ന് നടിച്ചതുകൊണ്ടാണ് കിണർ കുഴിക്കല്‍ തൊഴിലാക്കാൻ സാധിച്ചത്. വാനം വെട്ടാനും കക്കൂസിന് കുഴിയെടുക്കാനുമൊക്കെ അച്ചൻ ഏല്‍പ്പിക്കുമായിരുന്നു. ഒരു ദിവസം കിണർ കുഴിക്കാൻ പരിചയത്തില്‍ ആരെങ്കിലും ഉണ്ടോയെന്ന് അച്ചൻ ചോദിച്ചു. പൈസയ്ക്ക് ഞെരുക്കമുള്ള സമയമായതിനാല്‍ ഞാൻ ചെയ്താല്‍ മതിയോ അച്ചാ എന്ന് ചോദിച്ചു. എന്നാല്‍ പിന്നെ അങ്ങനെയാകട്ടെ എന്ന് അച്ചൻ പറഞ്ഞു. അതാണ് കുഴിവെട്ടാൻ പഠിച്ച ആദ്യത്തെ കിണർ.വാശിപ്പുറത്താണ് കിണുപണി പഠിച്ചെടുത്തത്. ഒരിക്കല്‍ വാനം വെട്ടുന്ന പണിക്കിടെ പറമ്പിൽ കിണറുപണി കാണാൻ പോയി. വാനം വെട്ടുന്ന പണിക്കാർ രണ്ടുമൂന്നുപേർ ഒപ്പമുണ്ടായിരുന്നു. അടുത്തെത്താറായപ്പോള്‍ കിണറുപണിക്കാരൻ ആക്രോശിച്ചു. ‘പെണ്ണുങ്ങളോ, ദൂരെപ്പോ, അടുത്തേയ്ക്ക് വരരുത്’, അതുകേട്ടപ്പോള്‍ വാശിയായി. പണിയെടുത്തില്ല അന്ന്. മാറിനിന്ന് കിണറുപണി നോക്കിക്കണ്ടു. വീട്ടില്‍പ്പോയി വട്ടംവരച്ച്‌ കൂന്താലിക്ക് കുഴിച്ചുനോക്കി. അങ്ങനെ മാറ്റിനിർത്തപ്പെട്ടിടത്തുനിന്നാണ് കിണർ കുത്താൻ അച്ചൻ അവസരം നല്‍കിയത്. ആ അച്ചനാണ് ഗുരു.12 വയസുമുതല്‍ ജോലി ചെയ്യുകയാണ്. ജോലി ചെയ്ത് ശരീരവും മനസും ഉറച്ചു. ചേച്ചിയുടെ ഭർത്താവിന്റെ ശല്യം സഹിക്കാതെ വന്നപ്പോള്‍ കൂടെ ജോലി ചെയ്തിരുന്ന തമിഴ്‌നാട്ടുകാരനോട് കാര്യങ്ങളൊക്കെ പറയുമായിരുന്നു. ഇതറിഞ്ഞ് അയാള്‍ പൊതിരെ തല്ലി. ഇതിന്റെ വാശിക്ക് തമിഴ്‌നാട്ടുകാരനൊപ്പം ജീവിക്കാൻ തുടങ്ങി. അയാള്‍ക്ക് നാട്ടില്‍ ഭാര്യയും മക്കളുമുണ്ടെന്ന് മകൻ ജനിച്ചതിനുശേഷമാണ് അറിഞ്ഞത്. മകൻ പത്തുവരെയെ പഠിച്ചുള്ളൂ. ഇപ്പോള്‍ എനിക്കൊപ്പം പണിക്ക് കൂടി. ആദ്യം ഒറ്റയ്ക്കാണ് പണി ചെയ്തിരുന്നത്. ഇപ്പോള്‍ പണിക്കാരെവച്ച്‌ ചെയ്യുന്നു’- കുഞ്ഞുപെണ്ണ് തന്റെ ജീവിതം വിവരിക്കുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *