പാറക്കെട്ടില്‍ യോഗ ചെയ്യുന്നതിനിടെ തിരമാലയില്‍പെട്ടു; നടിക്ക് ദാരുണാന്ത്യം
ബാലി: ത്വീപിലെ പാറക്കെട്ടില്‍ യോഗ ചെയ്യുന്നതിനിടെ റഷ്യൻ നടി തിരമാലയില്‍പെട്ട് മരിച്ചു. റഷ്യൻ നടി കാമില ബെല്‍യാത്സ്‌കയ ആണ് മരിച്ചത്.തായ്‌ലൻഡിലെ കോ സാമുയി ദ്വീപില്‍ യോഗ ചെയ്യുന്നതിനിടെയാണ് ഇരുപത്തിനാലുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചത്. കാമുകനൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് കാമില ദ്വീപിലെത്തിയത്. പാറക്കെട്ടില്‍ യോഗ ചെയ്യുന്നതിനിടെ അടിച്ചുകയറിയ കൂറ്റൻ തിരയില്‍പെടുകയായിരുന്നു.കൂറ്റൻ തിരമാലയില്‍പ്പെട്ട് കടലില്‍ വീണ കാമിലയെ കൂടെയുണ്ടായിരുന്നയാള്‍ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 15 മിനിറ്റിനുള്ളില്‍ രക്ഷാപ്രവർത്തകരെത്തി തിരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം കണ്ടെത്താനായില്ല. പിന്നീട് നാല് കിലോമീറ്റർ അകലെ നിന്ന് മൃതദേഹം കണ്ടെടുത്തു. നടിയുടെ യോഗ മാറ്റ് കടലിലൂടെ ഒഴുകി നടക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.നേരത്തെയും തായ്‌ലൻഡ് സന്ദർശിച്ചിരുന്ന കാമിലയുടെ ഇഷ്ടസ്ഥലമായിരുന്നു കോ സാമുയി. ഇതേ പാറക്കെട്ടില്‍ യോഗ ചെയ്യുന്ന ചിത്രം കുറച്ചു കാലം മുമ്പ് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമെന്നാണ് കാമില ഈ സ്ഥലത്തെ വിശേഷിപ്പിച്ചത്. ഈ കടല്‍ത്തീരം താൻ ജീവിതത്തില്‍ കണ്ടതില്‍ ഏറ്റവും മനോഹരമാണെന്നും കുറിച്ചിരുന്നു.