പോളിങ് കണക്കുകളിലെ പൊരുത്തക്കേട് ആശങ്കാജനകം; അപാകതകള്‍ തെരഞ്ഞെടുപ്പ് കമീഷൻ പരിഹരിക്കണം’
ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തിലെ കണക്കുകള്‍ തമ്മിലുള്ള പൊരുത്തക്കേടുകളില്‍ ആശങ്ക പ്രകടിപ്പിച്ച് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ ഖുറൈഷി രംഗത്ത്. വൈകുന്നേരം അഞ്ച് മണി വരെ 55 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന കണക്ക് തൊട്ടടുത്ത ദിവസം 67 ശതമാനമായി ഉയർന്നുവെന്നും ഈ കണക്ക് ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2010 മുതല്‍ 2012 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി സേവനമനുഷ്ഠിച്ചയാളാണ് എസ്.വൈ ഖുറൈഷി. വൈകുന്നേരം അഞ്ച് മണി വരെ 55 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന കണക്ക് തൊട്ടടുത്ത ദിവസം 67 ശതമാനമായി ഉയർന്നുവെന്നും ഈ കണക്ക് ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2010 മുതല്‍ 2012 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി സേവനമനുഷ്ഠിച്ചയാളാണ് എസ്.വൈ ഖുറൈഷി. “നവംബർ 20ന് നടന്ന വോട്ടെടുപ്പില്‍ വൈകുന്നേരം അഞ്ച് മണി വരെ 55 ശതമാനം പോളിങ് രേഖപ്പെടുത്തി. അടുത്ത ദിവസം ഈ കണക്ക് 67 ശതമാനമായി ഉയർന്നു. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. വോട്ടർമാരുടെ വിവരങ്ങള്‍ തത്സമയം രേഖപ്പെടുത്തും. ഫോറം 17എ ബൂത്തുകളിലെ ഹാജർ രേഖപ്പെടുത്തുകയും ഫോറം 17സിയില്‍ വോട്ടെടുപ്പിന്റെ അവസാനം ആകെ രേഖപ്പെടുത്തിയ വോട്ടുകള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഫോമുകള്‍ സ്ഥാനാർഥികളുടെ ഏജന്റുമാർ ഒപ്പിട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സമർപ്പിക്കും. ഒരേ ദിവസം തന്നെയുള്ള ഡേറ്റയാണിത്. അടുത്ത ദിവസം എങ്ങനെ വലിയ രീതിയില്‍ മാറുന്നു എന്നത് മനസ്സിലാക്കാൻ കഴിയാത്ത കാര്യമാണ്. പ്രശ്നം ഉടനടി പരിഹരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യർഥിക്കുകയാണ്. ഇത്തരം അപാകതകള്‍ തെരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കും” -ഖുറൈഷി പറഞ്ഞു. മേയില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും സമാനമായ ആരോപണങ്ങള്‍ ഉയർന്നിരുന്നു. പോളിങ് കണക്കുകള്‍ തമ്മില്‍ 5-6 ശതമാനം വ്യത്യാസമാണ് അന്ന് വന്നത്. ഇതിനെത്തുടർന്ന് തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും 48 മണിക്കൂറിനുള്ളില്‍ പോളിങ് സ്റ്റേഷൻ തിരിച്ചുള്ള കണക്കുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) സുപ്രീംകോടതിയില്‍ ഹരജി നല്കി. എന്നാല്‍, സാങ്കേതിക വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഹരജി നിരസിച്ചു, അത്തരം വിവരങ്ങള്‍ തയാറാക്കി പുറത്തുവിടുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതല്‍ സങ്കീർണമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കോടതിയില്‍ വാദിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളോട് തെരഞ്ഞെടുപ്പ് കമീഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.