സംഭല്‍ വെടിവെപ്പ്: യോഗി സര്‍ക്കാരിന് തിരിച്ചടി; സര്‍വ്വേ നടപടികള്‍ തടഞ്ഞ് സുപ്രീംകോടതി
സംഭല്‍ മസ്ജിദിലെ സര്‍വ്വേ നടപടികള്‍ സുപ്രീംകോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. തിടുക്കപ്പെട്ടാണ് സർവേ നടപടികള്‍ ആരംഭിച്ചതെന്നും മസ്ജിദ് കമ്മിറ്റിയുടെ വാദം കേട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.സുപ്രീം കോടതി നടപടി യോഗി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. ജില്ലാ കോടതി ഉത്തരവില്‍ തുടര്‍ നടപടികള്‍ പാടില്ലെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദേശമുണ്ട്. ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കട്ടെയെന്ന് പറഞ്ഞ സുപ്രീംകോടതി, ഹൈക്കോടതിയുടെ അനുമതിയില്ലാതെ ഒരു നടപടിയും പാടില്ലെന്നും വ്യക്തമാക്കി. കേസ് ജനുവരി എട്ടിന് പരിഗണിക്കും. സംഭല്‍ വെടിവെപ്പ്: അന്വേഷണത്തിനായി ജുഡീഷ്യല്‍ കമ്മീഷൻ; യോഗി സർക്കാരിനെതിരെ ഹർജി അതേസമയം, സംഭല്‍ വെടിവെപ്പ് സംഭവത്തില്‍ മൂന്നംഗ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ യുപി ഗവർണർ ആനന്ദിബെൻ പട്ടേല്‍ നിയമിച്ചു. റിട്ടയേഡ് ജഡ്ജ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ അറോറ, റിട്ട. ഐഎഎസ് അമിത് മോഹൻ പ്രസാദ്, റിട്ടയേർഡ് ഐപിഎസുകാരനായ അരവിന്ദ് കുമാർ ജെയിൻ എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങള്‍. സമിതി രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദേശം.