സംഭലിലേക്ക് പോകാൻ ശ്രമിച്ച മുസ്‍ലിം ലീഗ് എം.പിമാരെ യു.പി പൊലീസ് തടഞ്ഞു;

ലഖ്നോ: ഉത്തർപ്രദേശിലെ സംഘർബാധിത മേഖലയായ സംഭലിലേക്ക് പോകാൻ ശ്രമിച്ച മുസ്‍ലിം ലീഗ് എം.പിമാരെ പൊലീസ് തടഞ്ഞു. ഗാസിയാബാദില്‍ വെച്ചാണ് എം.പിമാരെ യു.പി പൊലീസ് തടഞ്ഞത്.
ഇവിടെ നിന്ന് രണ്ട് ജില്ലകള്‍ കൂടി പിന്നിട്ടു വേണം സംഭലിലെത്താൻ. എന്നാല്‍ സംഭലില്‍ നിന്ന് 130 കിലോമീറ്റർ അകലെയുള്ള ഗാസിയാബാദ് ജില്ലയിലെ സജ്ജരാസി ടോള്‍ പ്ലാസയില്‍ വെച്ചു തന്നെ എം.പിമാരെ പൊലീസ് സന്നാഹം തടയുകയായിരുന്നു. രണ്ടുവാഹനങ്ങളിലായാണ് എം.പിമാരുടെ സംഘം സംഭലിലേക്ക് പുറപ്പെട്ടത്. ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, ഹാരിസ് ബീരാൻ, നവാസ് ഗനി തുടങ്ങിയ എം.പിമാരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘർഷ മേഖലയായതിനാല്‍ പോകാൻ അനുവാദം തരാൻ സാധിക്കില്ലെന്നാണ് എം.പിമാരോട് പൊലീസ് പറഞ്ഞത്. അതേസമയം, തടഞ്ഞത് തെറ്റായ നടപടിയാണെന്നും പൊലീസുമായി സംഘർഷത്തിനില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി വ്യക്തമാക്കി.സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സർവേക്ക് പിന്നാലെയാണ് സംഘർഷമുണ്ടായത്. സർവേക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ നാലുപേർ കൊല്ലപ്പെട്ടിരുന്നു. സംഘർഷാവസ്ഥ രൂക്ഷമായതോടെ പ്രദേശത്ത് ഈ മാസം 30 വരെ ഇൻറർനെറ്റ് സേവനം താല്‍കാലികമായി നിരോധനം ഏർപ്പെടുത്തി. പുറത്തുനിന്നുള്ളവർ പ്രദേശത്തേക്ക് പ്രവേശിക്കുന്നതിനും വിലക്കുണ്ട്. പ്രദേശത്തെ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.ഹിന്ദു ക്ഷേത്രത്തിന്റെ സ്ഥാനത്താണ് പള്ളി നിർമിച്ചതെന്ന അവകാശവാദത്തെ തുടർന്ന് വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവനുസരിച്ചാണ് മസ്ജിദില്‍ സർവേ നടത്താനെത്തിയത്.

Sharing

Leave your comment

Your email address will not be published. Required fields are marked *