ചൈനയുടെ വൈറ്റ് എംപററര്‍; ആകാശം കടന്ന് ബഹിരാകാശത്ത്
ആധുനിക സൗകര്യങ്ങളുള്ള ചൈനയുടെ പുത്തന്‍ പോര്‍വിമാനം. വായുവില്‍ നിന്നും വായുവിലേക്കും വായുവില്‍ നിന്നും കരയിലേക്കും ആക്രമണം നടത്താന്‍ സാധിക്കുന്നതാണി ബെയ്ദി എന്ന ഈ വിമാനം പറക്കുമ്പോള്‍ വായുവിന്റെ തടസം പരമാവധി കുറയ്ക്കും വിധമാണ് പോര്‍വിമാനത്തിന്റെ ബോഡിയുടെ ഡിസൈന്‍.സുഹായില്‍ ചൈനയിലെ ഏറ്റവും വലിയ വ്യോമപ്രദര്‍ശനത്തിനിടെയാണ് ആറാം തലമുറയില്‍ പെട്ട ബെയ്ദി ബി-ടൈപ്പ് പോര്‍വിമാനത്തിന്റെ വിശദാംശങ്ങള്‍ ചൈന പുറത്തുവിട്ടത്. ചൈനീസ് വിമോചന സേനക്കുവേണ്ടി ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്പറേഷന് ഓഫ് ചൈനയാണ് ബെയ്ദി നിര്‍മിക്കുന്നത്.വെളുത്ത ചക്രവര്‍ത്തിയെന്നാണ് ബെയ്ദി എന്ന വാക്കിന്റെ അര്‍ഥം. ഭൂമിയുടെ അന്തരീക്ഷവും കടന്ന് ബഹിരാകാശം വരെ സഞ്ചരിക്കാന്‍ ബെയ്ദിക്കാവുമെന്നാണ് ചൈനയുടെ അവകാശവാദം.ചൈനയുടെ അത്യാധുനിക വ്യോമയാന സാങ്കേതികവിദ്യകള്‍ക്കായുള്ള നാന്‍ടിയാന്‍മെന്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ബെയ്ദി വികസിപ്പിച്ചെടുത്തത്. സുഹായ് വ്യോമ പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണമായി മാറിയ ബെയ്ദിയുടെ ചിത്രങ്ങള്‍ വലിയ തോതില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.സൂപ്പര്‍സോണിക് വേഗതയില്‍ സഞ്ചരിക്കാനും ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തെത്തി ബഹിരാകാശത്തും സഞ്ചരിക്കാനുള്ള കഴിവുകളാണ് ബെയ്ദിയെ വ്യത്യസ്തമാക്കുന്നത്. ഇപ്പോഴും ബെയ്ദിയെ സംബന്ധിച്ച തന്ത്രപ്രധാന വിവരങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ് ചൈന.വിമാനത്തിലെ ഇലക്ട്രോണിക് ഉപകരണങ്ങളിലും കോക്പിറ്റിലെ സൗകര്യങ്ങളിലുമെല്ലാം വലിയ മാറ്റങ്ങള്‍ ബെയ്ദി ടൈപ് ബി പോര്‍വിമാനത്തില്‍ വരുത്തിയിട്ടുണ്ട്. അറ്റകുറ്റപണികള്‍ എളുപ്പത്തില്‍ തീര്‍ക്കാനാവുമെന്നതും ഈ പോര്‍വിമാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് പറയുന്നു.നിര്‍മിത ബുദ്ധിക്ക് വെളുത്ത ചക്രവര്‍ത്തിയില്‍ പ്രധാന റോളുണ്ട്. ഡേറ്റകള്‍ വിലയിരുത്താനും ഭീഷണികളെ നിര്‍ണയിക്കാനും പൈലറ്റിന്റെ നിര്‍ദ്ദേമില്ലാതെ തന്ത്രങ്ങള്‍ ഒരുക്കാനും നിര്‍മിത ബുദ്ധി സഹായിക്കും. ചാര വിമാനങ്ങളായ ജെ-35എ, ജെ-20 എന്നിവയും ചാര ഡ്രോണായ സിഎച്ച്-7ഉം എച്ച്ക്യു-19 വ്യോമ പ്രതിരോധ സംവിധാനവും ചൈനയിലെ വ്യോമ പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചിരുന്നു. അമേരിക്കയുടെ ലോക്ഹീഡ് മാര്‍ട്ടിന്റെ എഫ്-35 പോര്‍വിമാനത്തോട് രൂപത്തിലുള്ള സാദൃശ്യം കൊണ്ട് ശ്രദ്ധേയമായ ചൈനീസ് പോര്‍വിമാനമാണ് ജെ-35എ. നിരവധി ആയുധങ്ങളും ജെ 15 പോര്‍വിമാനവും പ്രദര്‍ശനത്തില്‍ ചൈന ഉള്‍പ്പെടുത്തിയിരുന്നു.യുഎസിലെയും മറ്റ് ആറാം തലമുറ യുദ്ധവിമാന പദ്ധതികളിലെയും മുന്നേറ്റങ്ങളോടു ചേര്‍ന്നുനില്‍ക്കുകയാണ് ബെയ്ദിയിലൂടെ ചൈന ലക്ഷ്യമിടുന്നത്. ഹൈപ്പര്‍സോണിക് വേഗത, നിര്‍മിത ബുദ്ധിയില്‍ അധിഷ്ടിതമായ സ്വയം പ്രവര്‍ത്തനം, ഡയറക്ട്-എനര്‍ജി ലേസര്‍ പോലുള്ള നൂതന ആയുധങ്ങള്‍ എന്നിവയാണ് ബെയ്ദിയുടെ സവിശേഷതകള്‍. എയ്റോസ്പേസ് മേഖലയില്‍ ചൈനയുടെ മുന്നേറ്റം കൂടിയാണിത്.