പാകിസ്താന്റെ ഇന്ത്യൻ വെറുപ്പിനു പിന്നില്‍;

പാകിസ്താൻ വാസം കഴിഞ്ഞെത്തിയ എം. കേശവമേനോൻ എന്ന പത്രപ്രവർത്തകന്റെ ഓർമ്മകളുടെ സമാഹാരമാണ് ‘ പാകിസ്താൻ എന്ന പാഠം’ എന്ന പുസ്തകംപുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം വായിക്കാംറുക്കപ്പെടുന്ന അപരൻ പാകിസ്താന്റെ ജീവിതത്തില്‍ നേരത്തേതന്നെ പ്രത്യക്ഷപ്പെട്ടു. ന്യൂനപക്ഷങ്ങളില്‍ രണ്ടു വിഭാഗങ്ങളെ-ഹിന്ദുക്കളും സിഖുകാരും-ഇന്ത്യയുടെ ചാരന്മാർ എന്ന രീതിയില്‍ ആക്രമിക്കാം. മൂന്നാമത്തേത്-ക്രിസ്ത്യാനികള്‍-ആദർശപരമായി കുരിശുയുദ്ധ പോരാളികളുടെ പിൻഗാമികള്‍, സാമ്രാജ്യത്വവാദികളായി പ്രത്യക്ഷപ്പെട്ട് മുഗള്‍ സാമ്രാജ്യത്തെ തകർക്കുകയും ഇസ്ലാമിന്റെ യശസ്സ് കെടുത്തുകയും ചെയ്തവരാണ്. വിഭജനത്തോടെ അഹമ്മദീയരുടെ മുസ്ലിം പദവി എടുത്തുകളഞ്ഞിരുന്നു; 1990കള്‍ മുഴുവൻ വേറൊരു വിഭാഗംകൂടി സുന്നി ഭൂരിപക്ഷത്തിന്റെ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന്റെ വക്കിലുമായി. ഇറാനും അവരുടെ കിഴക്കൻ അയല്‍ക്കാരനും തമ്മിലുള്ള സംഘർഷത്തിന്റെ മൂലകാരണമെന്താണെന്നു ഞാനൊരു മുതിർന്ന ഇറാനിയൻ ജേണലിസ്റ്റിനോടു ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ അദ്ദേഹം രോഷത്തോടെ തുറന്നടിച്ചു: ‘ഷിയ മുസ്ലിങ്ങള്‍ മുഴുവൻ കാഫിർമാരാണെന്ന് വരുംനാളുകളൊന്നില്‍ അവർ പ്രഖ്യാപിച്ചേക്കാം.’പോരാളിവംശത്തിന്റെയും ഇസ്ലാമിന്റെയും സ്വത്വങ്ങളെ പിണച്ചുചേർക്കാനുള്ള പദ്ധതിയുടെ കർത്താവ് തീർച്ചയായും സിയ-ഉല്‍-ഹഖ് തന്നെ. ഒരുപക്ഷേ, അദ്ദേഹത്തിന്റെ ഊന്നല്‍ ജാതീയ, വംശീയ വശങ്ങളെക്കാളും മതപരമായതിലായിരുന്നു എന്നുമാത്രം. അറയ്ൻ (ഇന്ത്യയിലെ എണ്ണയാട്ടുകാരുടെ ജാതി) വിഭാഗത്തില്‍പ്പെട്ട സിയ, കുലപരമ്ബര നോക്കിയാല്‍ സായുധസേനകളിലെ മറ്റുപലരെക്കാളും താഴെയായിരുന്നു-അതുകൊണ്ടാവണം മതവിശ്വാസത്തില്‍ ഊന്നുന്നതാണ് ജാതി പറയുന്നതിനെക്കാള്‍ നല്ലതെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായത്. സൈന്യത്തിലെ മറ്റു ജനറല്‍മാരെക്കാളെല്ലാം മതവിശ്വാസം അദ്ദേഹത്തിനായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പോരാളിശൗര്യവും ഇസ്ലാമികതയും ഉരുക്കിച്ചേർത്ത് ഒന്നാക്കുന്നത് 1990കള്‍ മുഴുവൻ തുടർന്ന ഒരു പ്രക്രിയയായിരുന്നു-മാമ്ബഴപ്പെട്ടികളുമായുള്ള അദ്ദേഹത്തിന്റെ സമാഗമം അതിനും മുമ്ബേതന്നെ സംഭവിച്ചുകഴിഞ്ഞിരുന്നെങ്കില്‍പ്പോലും. (വിമാനം തകർത്തുകൊണ്ട് സിയയുടെ കഥകഴിച്ച സ്ഫോടകവസ്തുക്കള്‍ അദ്ദേഹത്തിനു സമ്മാനമായി ലഭിച്ച മാമ്ബഴങ്ങള്‍ നിറച്ച പെട്ടിയിലായിരുന്നു ഒളിപ്പിച്ചിരുന്നത്.)സാഹചര്യങ്ങള്‍ ആ പദ്ധതിക്ക് അനുകൂലമായിരുന്നുവെന്നുവേണം അനുമാനിക്കാൻ. സൗദി രാജകുടുംബത്തിന്റെ എണ്ണസമ്ബത്തും വഹാബിസത്തിന്റെ മിഷണറിപ്രവർത്തനത്തിനു സമാനമായ ഉത്സാഹവും അതിനും പതിറ്റാണ്ടുകള്‍മുമ്ബെ യോജിച്ചുകഴിഞ്ഞിരുന്നു. സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശവും ‘മഹാമത്സര’ത്തിലേക്ക്-പത്തൊമ്ബതാം നൂറ്റാണ്ടു മുതല്‍ ബ്രിട്ടീഷ്, റഷ്യൻ സാമ്രാജ്യങ്ങള്‍ തമ്മില്‍ ഇതേ രീതിയില്‍ മദ്ധ്യേഷ്യയുടെ നിയന്ത്രണം കൈക്കലാക്കാൻ വേണ്ടി നടന്ന ഏറ്റുമുട്ടലായിരുന്നു ‘മഹാമത്സരം’ എന്ന് ആദ്യമായി വിളിക്കപ്പെട്ടത്-അമേരിക്ക പ്രവേശിച്ചതും ഈ ബാന്ധവത്തിനു പ്രസക്തിയും പ്രാബല്യവും വർദ്ധിപ്പിച്ചു. യു.എസ്. ആയുധശേഖരവും ഇസ്ലാമിക വേവലാതിയും സൗദി സമ്ബത്തും കൂടിച്ചേർന്ന ഈ മുന്നണിക്ക് പോർക്കളത്തിനു സമീപം ഒരു താവളം ആവശ്യമായിരുന്നു. അതിനു പാകിസ്താനെക്കാള്‍ യോജിച്ച മറ്റേതു സ്ഥലമുണ്ട്? സിയയുടെ ഭരണത്തിലുള്ള പാകിസ്താനാകട്ടെ അതിനെക്കാള്‍ നല്ല അവസരം ഉണ്ടാകാനുമില്ല.1989-ല്‍ സോവിയറ്റ് സേനകള്‍ പിന്മാറിയതോടെ, കാബൂളിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ പതനം ആസന്നമായി. വിജയപ്രഖ്യാപനം മൂന്നു വർഷത്തേക്കു നീട്ടിവെക്കേണ്ടിവന്നുവെങ്കിലും, അന്തർദ്ദേശീയസഖ്യത്തിന്റെ സംയുക്തശ്രമങ്ങള്‍ ഫലപ്രാപ്തിക്കടുത്തെത്തിയതായി തോന്നിത്തുടങ്ങിയിരുന്നു. ഇതിനുവേണ്ട പണത്തിന്റെ സിംഹഭാഗവും സൗദി അറേബ്യയും ആയുധങ്ങള്‍ അമേരിക്കയുമാണ് ചെലവിട്ടതെങ്കിലും നിരീശ്വരവിശ്വാസികള്‍ക്കെതിരായ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചത് തങ്ങളാണെന്നു സ്ഥാപിക്കാൻ പാകിസ്താനു കൊതിയായിരുന്നു. മതപരവും പോരാളിശൗര്യസംബന്ധിയുമായ ആചാരവിശ്വാസങ്ങളാണ് ഈ സംരംഭത്തിനെല്ലാം യഥാർത്ഥ കരുത്തുപകർന്നതെന്ന സ്വന്തം പ്രചാരണം പാകിസ്താൻ സ്വയം വിശ്വസിക്കാനും തുടങ്ങി.കശ്മീർ അപ്പോഴേക്കും തിളയ്ക്കുന്നതിന്റെ വക്കിലെത്തിയിരുന്നു. അഫ്ഗാനിസ്താനില്‍ പ്രയോഗിച്ചുകൊണ്ടിരുന്ന കുന്തമുന കിഴക്ക് ഇന്ത്യയ്ക്കുനേരെ തിരിച്ചാല്‍ കശ്മീർ താഴ്വാരം തങ്ങളുടെ കൈയിലാവുമെന്ന് പാകിസ്താനി സൈനികാസ്ഥാനമായ ജനറല്‍ ഹെഡ്ക്വാർട്ടേഴ്സും (ജി.എച്ച്‌.ക്യു.) വിശ്വസിക്കുന്നതായി തോന്നി. ജനറല്‍മാർ തങ്ങളുടെ അനുമാനത്തില്‍ സാദ്ധ്യത കണ്ടിരുന്നെങ്കിലും ഇല്ലെങ്കിലും പൊതുജനസ്വാധീനമുള്ള പല ആശ്രിതരും ഈ ചിന്തയെ പ്രോത്സാഹിപ്പിച്ചു. വിശാലമായ മാനസികകല്‍പ്പന അവിടെയൊന്നും നിന്നില്ല. ചില സ്വപ്നവ്യാപാരികള്‍ മതാവേശം മദ്ധ്യേഷ്യയിലേക്കുകൂടി വ്യാപിപ്പിക്കുന്നതിനെപ്പറ്റി പറയുകയും എഴുതുകയും ചെയ്തു. റാവല്‍പിണ്ടി കേന്ദ്രമാക്കി ഒരു തിമൂർ സാമ്രാജ്യത്തിന്റെ പുനരുജ്ജീവനം ഇങ്ങടുത്തെത്തി എന്നതുപോലെയായിരുന്നു കാര്യങ്ങള്‍.രാജ്യവിസ്തൃതി കൂട്ടുന്നതിനെപ്പറ്റിയുള്ള മനോരാജ്യകല്‍പ്പനകള്‍ പ്രചരിപ്പിക്കുന്നതിന്റെ മുൻപന്തിയില്‍ മൊല്ല വർഗ്ഗം തന്നെയായിരുന്നു. ആരാധനാകേന്ദ്രങ്ങളായി മാറുന്ന ആത്മീയാചാര്യന്മാരുടെ ഖബറുകളായ ദർഗ്ഗകളെ ഭക്തിയുടെ ശ്രദ്ധാകേന്ദ്രങ്ങളാക്കുന്ന ബരെല്‍വി പ്രവണത കാണിക്കുന്നവരാണ് മിക്ക പാകിസ്താനി മുസ്ലിങ്ങളും. പക്ഷേ, അഫ്ഗാൻ, കശ്മീർ ജിഹാദുകളില്‍ വെടിയുണ്ടക്കിരയാകാൻ പറ്റിയ അണികളെ സപ്ലൈ ചെയ്യുന്ന മദ്രസകള്‍ നടത്തുന്ന ദിയോബന്ദി സംഘടനകളാണ് തങ്ങള്‍ക്കുപറ്റിയ സഖ്യകക്ഷികളെന്നു സൈന്യം തിരിച്ചറിഞ്ഞു. ജിഹാദികള്‍ തങ്ങളുടെ രാഷ്ട്രീയശക്തിയും ശല്യമൂല്യവും വർദ്ധിപ്പിക്കാൻ പണവും ആയുധങ്ങളും സംഭരിച്ചുവെന്നു മാത്രമല്ല സൈന്യത്തിന്റെ സഹായികളെന്ന നിലയില്‍ അവരുടെ ആദർശങ്ങളുടെ പ്രചാരകരുമായി.(ആരംഭത്തില്‍ പാകിസ്താന്റെ സൃഷ്ടിയെത്തന്നെ ശക്തമായി എതിർത്ത ഒരു ഇസ്ലാമികവിഭാഗം ഒടുവില്‍ ആ രാജ്യത്തിന്റെ ആത്മാവിനു രൂപംകൊടുക്കുന്ന നിലയിലേക്ക് എത്തിയെന്നത് ചരിത്രത്തിന്റെ കയ്ക്കുന്ന വൈരുദ്ധ്യങ്ങളിലൊന്നാണ്. സിംഹഭാഗവും ബരെല്‍വി ബെല്‍റ്റില്‍നിന്നുള്ള ആളുകളെക്കൊണ്ടു നിറഞ്ഞ ആർമി അവരുടെ അക്രമപ്രവർത്തനങ്ങള്‍ നടത്താൻ ദിയോബന്ദികളെ ആശ്രയിക്കുന്നുവെന്നത് ഇതേ വൈരുദ്ധ്യത്തിന്റെ തുടർച്ച മാത്രം.)മൊല്ലമാരുടെ അവകാശവാദങ്ങളും നാട്യങ്ങളുമൊക്കെ എന്തായാലും അവരെ ചില തലങ്ങള്‍ക്കു മുകളിലേക്ക് ഉയരാൻ അനുവദിക്കാറില്ല. ഒരു മതഭ്രാന്തനോ വിശ്വാസികളുടെ ഗൂഢസംഘമോ പാകിസ്താനി സായുധസേനകളുടെ നിയന്ത്രണം ഒരിക്കലും പിടിച്ചെടുക്കില്ലെന്നു വിശ്വസിക്കുന്നത് അബദ്ധമാവും, എന്തായാലും സിയയുടെ പിൻഗാമികളായി വന്ന സേനാധിപന്മാരുടെയെല്ലാം നിലപാട് അത്തരക്കാരെയെല്ലാം അകറ്റിനിർത്തുകയെന്നതുതന്നെയാണ്. മിഴ്സ അസ്ലം ബെയ്ഗ് മുതല്‍ ആസിഫ് ജൻജ്വ, വഹീദ് കാകർ, ജെഹാംഗിർ കരാമത്ത്, പെർവെസ് മുഷറഫ്, അഷ്ഫാഖ് കിയാനി, റഹീല്‍ ഷരീഫ് എന്നിവർ തൊട്ട് കമർ ബാജ്വയും അസിം മുനീറുംവരെ റാവല്‍പിണ്ടിയില്‍ അധികാരത്തിന്റെ മുഖ്യസ്ഥാനത്തിരുന്നവരെല്ലാം മതഭ്രാന്തില്ലാത്ത പ്രൊഫഷണലുകള്‍ തന്നെയായിരുന്നു.പ്രൊഫഷണലിസവും മതവിശ്വാസത്തിലെ മിതവാദവുമൊന്നും ഇന്ത്യയോടുള്ള മൃദുസമീപനമായി മാറില്ല. നേരെമറിച്ചാണ് കാര്യം. സമീപഭാവിയിലൊന്നും പാകിസ്താനിലെ ഒരു ആർമി ചീഫ് ഓഫ് സ്റ്റാഫും അവരുടെ സ്ഥാപനത്തിന്റെ കാതലായ ലോകവീക്ഷണത്തില്‍നിന്നും ഒരിഞ്ചുപോലും വ്യതിചലിക്കാൻ പോകുന്നില്ല. പാക് സൈന്യത്തെപ്പറ്റി ആഴത്തില്‍ പഠിച്ച എല്ലാവരും പറയുന്നത് ഇന്ത്യയോടുള്ള യുദ്ധോത്സുകത അവരുടെ സൈന്യത്തിന്റെ വിശ്വാസവ്യവസ്ഥ മുഴുവൻ നിറഞ്ഞുനില്‍ക്കുക മാത്രമല്ല, രാജ്യത്തിനുമേല്‍ അവരുടെ പ്രാമുഖ്യം നിലനിർത്താനും അതിന്റെ ബജറ്റിനെ പൊതുജനത്തിന്റെ സൂക്ഷ്മപരിശോധനയില്‍നിന്നും രക്ഷിക്കാനും വിരമിച്ച സൈനികരുടെ ക്ഷേമത്തിനായി സ്ഥാപിച്ച ഫൗണ്ടേഷനുകളെ നിലനിർത്താനുമൊക്കെ അത്യാവശ്യവുമാണ് എന്നാണ്. സാദ്ധ്യമായ വെല്ലുവിളികളെല്ലാം അടിച്ചമർത്താൻ ആയുധങ്ങളും സംഘടനാശേഷിയുമുള്ള സൈന്യത്തിനു വേറൊരു രാജ്യത്തോട് ഇത്തരം ശത്രുതപുലർത്തുന്നത് ഒരു കവചംകൂടിയാണ്. ഇന്ത്യയെപ്പോലൊരു ശത്രു ഉള്ളിടത്തോളം കാലം ജനങ്ങള്‍ സൈന്യത്തിന്റെ പല പാപങ്ങളും പൊറുക്കും.ഈ മനോഭാവത്തിന്റെ സ്വാഭാവികശിഖരം മാത്രമാണ് ഇന്ത്യ ഒരു വിഷയമാവുമ്ബോഴെല്ലാമുള്ള യുദ്ധോത്സുകമായ വീമ്ബുപറച്ചല്‍. ‘ദുർമനോഭാവത്തോടെ നമ്മളെ നോക്കുന്നവരുടെ കണ്ണു പറിച്ചെടുക്കും’ എന്നൊക്കെയുള്ളതരം സംസാരത്തില്‍ പാകിസ്താനി സൈനികർക്ക് വലിയ അഭിമാനമാണ്. ഇന്ത്യയോടുള്ള പോരാട്ടങ്ങളെല്ലാം അവരുടെ പരാജയത്തിലാണ് കലാശിച്ചതെന്ന സത്യം തമസ്കരിക്കുന്നതിനൊപ്പമുള്ള ഈ വീരവാദം പറച്ചില്‍ എന്തോ ആഴത്തിലുള്ള ആവശ്യങ്ങളെ പൂർത്തീകരിക്കാനാണെന്നു തോന്നുന്നു. മറ്റെല്ലാ മേഖലകളിലുമുള്ള അന്തരം എത്ര വിശാലമാണെങ്കിലും ഒരു രംഗത്ത് തങ്ങളുടെ രാജ്യത്തിന് അയല്‍ക്കാരനെ നേരിടാനുള്ള ശേഷിയുണ്ടെന്ന് ജനങ്ങളെ സമാശ്വസിപ്പിക്കാനുള്ള ശ്രമമായിട്ടാണ് ഇതു തോന്നുക. ഇത്തരം നില്‍പ്പും നടപ്പുമൊക്കെ സൈനികവൃത്തങ്ങള്‍ക്കു വെളിയിലുള്ള മനുഷ്യർക്കു ചെറിയ അളവിലെങ്കിലും സമാധാനം നല്‍കുന്നുണ്ട്.എങ്കിലും, രാജ്യത്തെ പൗരന്മാർക്കാർക്കും രാജാവിന്റെ നഗ്നത കാണാനുള്ള കഴിവില്ല എന്നല്ല ഇതിന്റെയെല്ലാം അർത്ഥം. ഈ ‘സംരക്ഷകർക്ക്’ എതിരെ ആക്ഷേപഹാസ്യം ചൊരിയാൻ സന്നദ്ധരായ ഒരുപറ്റം വിമർശകർ നാട്ടില്‍ എപ്പോഴുമുണ്ട്. സൈന്യത്തിന് എന്തെങ്കിലും ഒരു തിരിച്ചടി ഉണ്ടാവുമ്ബോഴെല്ലാം അവരുടെ സ്വരങ്ങള്‍ക്ക് ഒച്ചയും നിന്ദാസ്തുതികള്‍ക്ക് എരിവും കൂടും. ഒന്നാം ഗള്‍ഫ് യുദ്ധത്തിനിടെ പാക് സൈനികർ സൗദി അറേബ്യയിലോ കുവൈത്തിലോ എത്തുന്നതിനു പകരം യു.എ.ഇയില്‍ എത്തിയപ്പോള്‍ പരിഹാസം ഏവർക്കും കേള്‍ക്കാവുന്നവിധം ഉറക്കെയായിരുന്നു: ‘ദുബായിലെ പുണ്യസ്ഥലങ്ങള്‍ ഏതൊക്കെയാണ്?’ അതായിരുന്നു വിമർശകരുടെ ഒരു ചോദ്യം. 1992-ല്‍ മുജാഹിദീൻ-റാവല്‍പിണ്ടിയുടെ മുജാഹിദീനല്ല-കാബൂളിന്റെ നിയന്ത്രണമേറ്റെടുത്തപ്പോള്‍ സൈന്യത്തിനു മൂർച്ചയുള്ള വിമർശനമാണ് നേരിടേണ്ടിവന്നത്. കാർഗില്‍യുദ്ധവും 2002ലെ താലിബാൻ പതനവും ഒസാമ ബിൻ ലാദന്റെ വധവും 2021 ഓഗസ്റ്റിനു ശേഷം കാബൂളില്‍ നിലവില്‍വന്ന പുതിയ ഭരണകൂടം റാവല്‍പിണ്ടിയുടെ രക്ഷാകർത്തൃത്വം തിരസ്കരിച്ചതുമല്ലാം ഇതേതരം കാതടപ്പിക്കുന്ന വിമർശനങ്ങള്‍ക്കു വിധേയമായിട്ടുണ്ടാവണം.സിയയുടെ കാലത്തെപ്പറ്റിയുള്ള ഒരു കഥ ആദർശം സാധാരണക്കാരനുമേല്‍ അടിച്ചല്‍പ്പിക്കുന്നതിലുള്ള വിജയപരാജയസാദ്ധ്യതകളെപ്പറ്റിയുള്ള ഉചിതമായൊരു രൂപകമായി കാണാവുന്നതാണ്. ഉച്ചസമയത്തെ നിസ്കാരത്തിന് സർക്കാർ ജീവനക്കാരെല്ലാം ഒന്നിച്ചെത്തണമെന്ന് സിയ ഉത്തരവിട്ടിരുന്നുവത്രേ. ആരംഭത്തിലെല്ലാം പങ്കെടുക്കുന്നവരുടെ എണ്ണം നൂറുശതമാനമായിരുന്നു. ക്രമേണ പ്രാർത്ഥനാസമ്മേളനങ്ങള്‍ക്കെത്തുന്നവരുടെ പിൻനിരയിലെ ആളുകള്‍ ചോർന്നുപോകാൻ തുടങ്ങി. ഒടുവില്‍ എന്തുപറയാൻ, പ്രാർത്ഥന തീരുമ്ബോഴേക്കും പ്രസിഡന്റിന്റെ തൊട്ടുപിന്നിലെ ഒന്നോ രണ്ടോ നിരയില്‍ മാത്രമേ ആളുണ്ടാവൂ എന്നായി സ്ഥിതി. കുറേപ്പേർ വിട്ടുപോയല്ലോയെന്നു നമുക്കു സന്തോഷം തോന്നുമെങ്കിലും അതിമോഹവും തീവ്രമായ ഉത്കർഷേച്ഛയുമുള്ളവർ അവിടെത്തന്നെ നിന്നുവെന്ന കാര്യം മറക്കരുത്.മറ്റൊന്നിനോട് അടരുകളായി വല്ലാതെ ശത്രുത വെച്ചുപുലർത്തുന്നൊരു തത്ത്വശാസ്ത്രം ശരിക്കും ആവശ്യമുണ്ടോ? അല്ലെങ്കില്‍, ശക്തമായ വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ക്കു ഗുണകരമായതുകൊണ്ട് ഉപേക്ഷിക്കപ്പെടില്ലെന്നതിനാല്‍, അതു സുസ്ഥിരമായതാണോ? ‘അതെ’ എന്ന ഉച്ചത്തിലൊരു മറുപടിയാണ് ഈ കാഴ്ചപ്പാട് നിലനിർത്താൻ ശ്രമിക്കുന്നവരുടെയും അവരുടെ ഒപ്പമുള്ള വലിയൊരു വിഭാഗത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവുക. പക്ഷേ, ശരിക്കും അങ്ങനെയാണോ? വളരെ കരുത്തുകൂടിയ അയല്‍ക്കാരനെ പ്രകോപിപ്പിക്കാനുള്ള ഒരവസരവും പാഴാക്കാത്തൊരു രാജ്യത്ത് ചൈനക്കാർപോലും വലിയ നിക്ഷേപങ്ങള്‍ നടത്തുമോ?ബൗദ്ധികവും സാമ്ബത്തികവുമായ മൂലധനം നിരന്തരമായി ചോർന്നുപോകുന്ന രാജ്യമെന്ന നിലയില്‍ പാകിസ്താൻ ഈ ചോദ്യത്തെ അഭിമുഖീകരിച്ചേ മതിയാവൂ.മാത്രമല്ല, പൊതുവായ സ്വന്തം മാനസികാരോഗ്യത്തിനു ക്ഷതമേല്‍പ്പിക്കാതെ ഒരു ജനതയ്ക്ക് ഈ നിലയിലുള്ള ശത്രുത നിലനിർത്താൻ കഴിയുമോ? അത്തരമൊരു ക്ഷതം സംഭവിക്കുമെന്നു സാമാന്യബോധംതന്നെ പറയുന്നു. ദീർഘകാലം അന്യനോടുള്ള ശത്രുത കൊണ്ടുനടക്കുന്ന വ്യക്തി ആ ശത്രുത സ്വന്തം നിർവ്വചനമായി മാറും എന്ന ആപത്തില്‍പ്പെട്ടേക്കാം. അംഗങ്ങളെല്ലാം ഈ മനോഭാവം പരസ്പരം ശക്തിപ്പെടുത്തുന്ന ഒരു സമൂഹത്തിനും ഇതേ അപകടസാദ്ധ്യതയില്ലേ? ഇത്തരം നിഷേധാത്മകത, വ്യക്തിയുടെ എന്നപോലെ സമൂഹത്തിന്റെയും വികസനത്തെ മുരടിപ്പിക്കുകതന്നെ ചെയ്യും.

Sharing

Leave your comment

Your email address will not be published. Required fields are marked *