പോസ്റ്റല്‍ വോട്ട് യുദ്ധം’ ജയിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍; ക്ഷാമബത്ത കുടിശിക നല്‍കാനൊരുങ്ങി സര്‍ക്കാര്‍;

ഉപതെരഞ്ഞെടുപ്പുകളില്‍ പോസ്റ്റല്‍ വോട്ടെണ്ണിയപ്പോള്‍ സര്‍ക്കാരിന് ഒരു കാര്യം ബോധ്യമായി, ജീവനക്കാര്‍ N ബ്ലോക്കായി തിരിഞ്ഞിട്ടുണ്ട് എന്ന്. ഇനിയും സര്‍ക്കാര്‍ ജീവനക്കാരെ പരീക്ഷിക്കാന്‍ നിന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ പണി പാലുംവെള്ളത്തില്‍ തിരികെ കിട്ടുമെന്നും ഇടതുപക്ഷത്തിന് ബോധ്യമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് തടഞ്ഞുവെച്ച ക്ഷാമബത്ത കൊടുക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍, ക്ഷാമബത്ത കൊടുക്കാന്‍ ഖജനാവില്‍ പണം ഇല്ലാത്തത് വലിയ തിരിച്ചടിയിലേക്കാണ് എത്തിയിരിക്കുന്നത്. എടുക്കാവുന്ന പരമാവധി വായ്പകളും തീര്‍ന്നു കഴിഞ്ഞു. എങ്കിലും ജീവനക്കാരെ പിണക്കാതെ നിര്‍ത്താന്‍ മറ്റൊരു വഴിയുമില്ല.ധനമന്ത്രി ബാലഗോപാലന്‍ ക്ഷാമബത്ത കൊടുക്കാനുള്ള പണം കണ്ടെത്താന്‍ നെട്ടോട്ടത്തിലാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടില്‍ മൂന്നാം സ്ഥാനത്താണ് എല്‍.ഡി.എഫ്. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടില്‍ 65 ശതമാനവും പ്രിയങ്ക ഗാന്ധിക്ക് ലഭിക്കുകയും ചെയ്തു. 19 ശതമാനമാണ് ക്ഷാമബത്ത കുടിശിക. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ് കുടിശിക ഇത്രയും ഉയരുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ക്ഷാമബത്ത കുടിശിക നല്‍കും എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തിയിരുന്നു. ഒരു സാമ്ബത്തിക വര്‍ഷം 2 ഗഡുക്കള്‍ നല്‍കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം. ഇതനുസരിച്ച്‌ നവംബര്‍ മാസത്തെ ശമ്ബളത്തോടൊപ്പം മുഖ്യമന്ത്രി പ്രഖ്യാപിച്ച ക്ഷാമബത്തയും ധനമന്ത്രി അനുവദിച്ചെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ അത് നേട്ടമുണ്ടാക്കിയില്ല.മുഖ്യമന്ത്രിയുടെ ക്ഷാമബത്ത പ്രഖ്യാപനത്തില്‍ ജീവനക്കാര്‍ തൃപ്തരല്ല എന്ന് വ്യക്തമായിരിക്കുകയാണ്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി കിട്ടുമെന്ന ഭയം ഇപ്പോഴേ സര്‍ക്കാരിനെ ഭരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതു മറി കടക്കാനാണ് ക്ഷാമബത്ത കുടിശിക അനുവദിക്കാനുള്ള ശ്രമം നടത്തുന്നത്. മൂന്നു വര്‍ഷവും മൂന്നു മാസവുമായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി.എ ലഭിച്ചിട്ട്. 22 ശതമാനം ഡി. എ ആണ് കുടിശിക. ജീവനക്കാരുടെ 40000 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് കെ.എന്‍. ബാലഗോപാല്‍ തടഞ്ഞ് വച്ചിരിക്കുന്നത്.ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദയനിയ തോല്‍വിക്ക് ആനുകൂല്യങ്ങള്‍ തടഞ്ഞത് കാരണമായി എന്ന് സി.പി.എം വിലയിരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ജൂലൈ 10ന് കുടിശികകള്‍ അടിയന്തിരമായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ചട്ടം 300 അനുസരിച്ച്‌ പ്രസ്താവന നടത്തിയെങ്കിലും എല്ലാം പ്രസ്താവനയില്‍ ഒതുങ്ങിപ്പോവുകയായിരുന്നു. നിയമസഭയില്‍ നടത്തുന്ന ഉറപ്പുകള്‍ക്ക് എത്ര ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിലൂടെ മനസ്സിലായി. എന്നാല്‍, ഈ ഉറപ്പു പ്രകാരം ഒരു സാമ്ബത്തിക വര്‍ഷം 2 ഗഡു ഡി.എ തന്നാലും നിലവിലെ 6 ഗഡു കുടിശിക അങ്ങനെ തുടരും. 2021 ലെ അനുവദിച്ച 5 ശതമാനം ക്ഷാമബത്തക്ക് അര്‍ഹതപ്പെട്ട 78 മാസത്തെ കുടിശികയും കെ. എന്‍. ബാലഗോപാല്‍ നിഷേധിച്ചു. ഇതും പോസ്റ്റല്‍ വോട്ടിലെ തിരിച്ചടിക്ക് കാരണമായി എന്നാണ് വിലയിരുത്തുന്നത്.തെരഞ്ഞെടുപ്പ് വര്‍ഷം ആണ് ഇനി സര്‍ക്കാരിന് മുന്നില്‍ ഉള്ളത്. പതിനൊന്നാം മാസം തദ്ദേശ തെരഞ്ഞെടുപ്പും പതിനാറാം മാസം നിയമസഭ തെരഞ്ഞെടുപ്പും. ഓരോ വോട്ടും നിര്‍ണായകമാകുന്ന തെരഞ്ഞെടുപ്പില്‍ മുഖം തിരിച്ച്‌ നില്‍ക്കുന്ന ജീവനക്കാര്‍ സര്‍ക്കാരിന് വെല്ലുവിളിയാവുകയാണ്. ആനുകൂല്യങ്ങള്‍ കിട്ടാതെ വന്നതോടെ ആറര ലക്ഷം പെന്‍ഷന്‍കാരും സര്‍ക്കാരിനോട് ഇടഞ്ഞ് നില്‍ക്കുകയാണ്. തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ക്ഷാമബത്ത കുടിശിക പൂര്‍ണമായും അനുവദിക്കാന്‍ കെ.എന്‍. ബാലഗോപാലിന് മേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. അതേസമയം, സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കുടിശിക കൊടുത്തു തീര്‍ക്കാന്‍ വേണ്ടി മാത്രം 8278 കോടി കണ്ടെത്തണം എന്നതാണ് പ്രതിസന്ധി.
ധനവകുപ്പിന്റെ പ്രാഥമിക കണക്കുകള്‍ അനുസരിച്ചുള്ള ബാധ്യത മാത്രമാണിത്. ഇതിനൊപ്പം കേന്ദ്രം വര്‍ധിപ്പിച്ചതു കൂടി കണക്കിലെടുത്താല്‍ 22 ശതമാനം ഡി.എ. ആണ് കുടിശ്ശികയായിരിക്കുന്നത്. ഇതില്‍ 3 ശതമാനം നേരത്തെ അനുവദിച്ചിരുന്നു. ഇനി 19 ശതമാനം ശേഷിക്കുന്നു. ഇതില്‍ കേന്ദ്രം അവസാനം അനുവദിച്ച മൂന്നു ശതമാനത്തിന്റേതൊഴിച്ച്‌ 16 ശതമാനംവരെ നല്‍കേണ്ടി വന്നാലുള്ള ബാധ്യത ഏകദേശം 17,000 കോടിരൂപയാണ്. നവംബര്‍ മുതല്‍ മൂന്നു ശതമാനം ഡി.എ. കൂടി അനുവദിച്ചെങ്കിലും അപ്പോഴും ഏപ്രിലിലും ഇപ്പോഴും അനുവദിച്ച ഡി.എ.യുടെ 39 മാസത്തെ കുടിശ്ശിക നല്‍കാനുണ്ട് എന്നത് സര്‍ക്കാര്‍ ജീവനക്കാരിലും പെന്‍ഷന്‍കാരിലും അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.സാധാരണ കുടിശ്ശിക പി.എഫില്‍ ലയിപ്പിച്ച്‌ നിശ്ചിത കാലത്തിനു ശേഷം പിന്‍വലിക്കാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, മുടങ്ങിയ ആനുകൂല്യങ്ങള്‍ തീര്‍ത്തും നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതോടെ ആ വഴി അടഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ 2 ശതമാനം ഡി.എ. വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ 39 മാസത്തെ കുടിശ്ശിക നല്‍കണമെങ്കില്‍ വേണ്ടത് 3455.64 കോടിയാണ്. നവംബര്‍ മുതല്‍ 3 ശതമാനം കൂട്ടിക്കണ്ട് ഉത്തരവിറങ്ങിയിരുന്നു. ഈ വര്‍ധനയനുസരിച്ച്‌ മാസം അധികം കണ്ടെത്തേണ്ടത് 138.6 കോടിരൂപയണ്. ജീവനക്കാരുടെ ക്ഷാമബത്ത (ഡി.എ.) നല്‍കാന്‍ മാസംതോറും 81.3 കോടിരൂപയും പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസം (ഡി.ആര്‍.) നല്‍കാന്‍ 57.3 കോടിരൂപയും അധികം കണ്ടെത്തണ. 39 മാസത്തെ കുടിശ്ശിക നല്‍കാന്‍ വേണ്ടത് ഏകദേശം 4822.79 കോടിരൂപയാണ്.ഈ കുടിശ്ശിക ആവശ്യപ്പെട്ട് പ്രക്ഷോഭരംഗത്താണ് ജീവനക്കാരുടെ സംഘടനകള്‍. അതേസമയം കേന്ദ്ര സര്‍ക്കാറിന്റെ ക്ഷാമബത്ത കുടിശികയായിട്ട് മൂന്ന് മാസം ആയിരിക്കുകയാണ്. ക്ഷാമബത്ത അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയിസ് ആന്റ് വര്‍ക്കേഴ്‌സ് ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്ത് നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ എല്ലാ വര്‍ഷവും രണ്ട് തവണയാണ് വര്‍ധിപ്പിക്കുന്നത് ജനുവരിയിലും ജൂലൈയിലും. നിലവില്‍ അടിസ്ഥാന ശമ്ബളത്തിന്റെ 50 ശതമാനമാണ് ഡി.എ നല്‍കുന്നത്. കേന്ദ്രത്തില്‍ 3 മാസമാണ് ഡി.എ കുടിശികയെങ്കില്‍ കേരളത്തില്‍ 2021 ജൂലൈ മുതല്‍ ക്ഷാമബത്ത കുടിശികയാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *