ഐ ആം സോറി അയ്യപ്പാ’ ഗാനത്തില്‍ പാ. രഞ്ജിത്തിനും ഇസൈവാണിക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യം;
ചെന്നൈ: അയ്യപ്പനെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര സംവിധായകനെതിരെ കേസെടുക്കണമെന്ന് ആവശ്യം. പാ.രഞ്ജിത്തിനെതിരെയും ഗായിക ഗാന ഇസൈവാണിക്കുമെതിരെയാണ് പരാതികള്‍ ഉയരുന്നത്. 2020ല്‍ പാ. രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിയില്‍ അയ്യപ്പനെ അവഹേളിച്ച് ഗാനം ആരോപിച്ചുവെന്നാണ് വിമർശനം. പാട്ട് സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായതോടെയാണ് പരാതികള്‍ ഉയർന്നത്.മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുക്കണം എന്ന ആവശ്യവുമായി സംവിധായകനും ഗായികയ്ക്കും എതിരെ അയ്യപ്പ ഭക്തരുടെ കൂട്ടായ്‌മയാണ് മേട്ടുപ്പാളയം പൊലീസില്‍ പരാതി നല്‍കിയത്. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം കള്‍ച്ചറല്‍ സെന്ററാണ് പരിപാടി സംഘടിപ്പിച്ചത്. ‘ഐ ആം സോറി അയ്യപ്പ’ എന്ന് തുടങ്ങുന്ന ഗാനമാണ് വിവാദമായത്. സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ എന്താണ് പ്രശ്‌നം? എന്തിനാണ് അയിത്തം എന്നെല്ലാമാണ് പാട്ടിലുള്ളത്.തമിഴ് ബിഗ്‌ബോസ് സീസണ്‍ അഞ്ചിലെ മത്സരാർത്ഥിയായിരുന്നു ഇസൈവാണി. ‘2020ലെ നൂറ് വനിതകള്‍’ എന്ന ബിബിസി പരിപാടിയില്‍ ഇസൈവാണി ഉള്‍പ്പെട്ടിട്ടുണ്ട്.കബാലി, കാല, ആട്ടക്കത്തി, തങ്കലാൻ, മദ്രാസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് രഞ്ജിത്ത്. പരിയെരും പെരുമാള്‍, ബ്ളൂ സ്റ്റാർ, ബൊമ്മൈ നായകി തുടങ്ങി ചിത്രങ്ങള്‍ നിർമിക്കുകയും ചെയ്തു.