ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി അമേരിക്ക ! ട്രംപിന്റെ നിര്‍ണ്ണായക ഉത്തരവ് ജനുവരി 20 ;

ട്രംപ് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുന്ന 2025 ജനുവരി 20 ന് തന്നെ ഇത് സംബന്ധിച്ച നിർണ്ണായക ഉത്തരവ് പുറത്തിറങ്ങിയേക്കും.അമേരിക്കയില്‍ എല്‍ജിബിടിക്യു കമ്യൂണിറ്റിയുടെ വളര്‍ച്ചയും പ്രചാരവും കണക്കിലെടുത്താണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് ട്രംപ് കടക്കുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സൈനിക റിക്രൂട്ട്മെന്റിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ‘അയോഗ്യത’ രേഖപ്പെടുത്തി മെഡിക്കല്‍ ഫിറ്റ്‌നസില്‍ പരാജയപ്പെടുത്തി ട്രാന്‍സ്ജെന്‍ഡറായ സൈനികരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാനാണ് ആലോചിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിരുദ്ധ നിലപാടുകാരനായ ട്രംപ് പ്രസിഡണ്ടായി ആദ്യം ചുമതലയേറ്റപ്പോഴും ട്രാന്‍സ് വിരുദ്ധവികാരം പ്രകടിപ്പിച്ചിരുന്നു. നിലവിലുള്ള ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സര്‍വീസില്‍ തുടരാമെന്നും എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ടവരെ സൈന്യത്തിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യേണ്ടതില്ലെന്നും ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ട്രംപിന് പിന്നാലെ അധികാരമേറ്റ ജോ ബൈഡന്‍ ട്രംപിന്റെ ട്രാന്‍സ്‌വിരോധ ഉത്തരവ് റദ്ദാക്കുകയായിരുന്നു. നിലവില്‍ 15000 ട്രാന്‍സ് സൈനികരാണ് അമേരിക്കൻ കരസേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.അമിതമായ വര്‍ഗീയ സിദ്ധാന്തമോ, ട്രാന്‍സ്ജെന്‍ഡര്‍ ഭ്രമമോ, അനുചിതമായ വര്‍ഗ-ലിംഗ- രാഷ്ട്രീയ ചിന്തകളോ കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ഏതു സ്ഥാപനത്തിനെതിരെയും കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു ട്രംപ് തന്റെ പ്രഥമ സ്ഥാനാരോഹണവേളയില്‍ പറഞ്ഞത്. പെണ്‍കുട്ടികളുടെ കായികമത്സരങ്ങളില്‍ ട്രാന്‍സ്ജെൻഡർ പങ്കെടുക്കുന്നതിനെതിരെ ട്രംപ് മുമ്ബ് വിമര്‍ശനമുന്നയിച്ചിരുന്നു. ജെന്‍ഡര്‍ ഐഡന്റിറ്റിയെക്കുറിച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിശദമായി ക്ലാസ് എടുക്കുന്നതിനെയും ട്രംപ് നിരുത്സാഹപ്പെടുത്തിയിരുന്നു.നേരത്തെ അമേരിക്കൻ സൈന്യത്തിന്റെ ചുമതല വഹിക്കുന്ന പീറ്റ് ഹെഗ്സെത്തിനും ട്രാന്‍സ്ജെന്‍ഡറുകളെ തള്ളിക്കളയുന്ന രീതിയില്‍ പ്രതികരിച്ചിരുന്നു . സൈന്യത്തില്‍ സ്ത്രീകളെയും ട്രാന്‍സ്ജെന്‍ഡര്‍ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്താനുള്ള നടപടികള്‍ അമേരിക്കയുടെ സുരക്ഷയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന് ഹെഗ്‌സെത്ത് ശക്തമായി വാദിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

Sharing

Leave your comment

Your email address will not be published. Required fields are marked *