കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച കേസ് ; അന്വേഷിച്ച പൊലീസ് കണ്ടെത്തിയത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ; ഹെയര്‍ ഡ്രയറിനു പകരം അയച്ചത് ചെറുബോംബ്.
ഗ്ലൂരു : കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച കേസ് , പൊലീസ് കണ്ടെത്തിയത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്. പാഴ്സലായി ഹെയര്‍ ഡ്രയറിന്റെ രൂപത്തില്‍ അയച്ചത് ചെറുബോംബായിരുന്നുവെന്നാണ് കണ്ടെത്തല്‍. പ്രണയം എതിര്‍ത്ത കാമുകിയുടെ കൂട്ടുകാരിയെ ഉന്നമിട്ട് അയച്ച ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിയില്‍ പക്ഷേ സ്വന്തം കാമുകി തന്നെയാണ് ഇരയായത്.ഈ മാസം 15-ന് ബാഗല്‍കോട്ടിലെ ഇല്‍ക്കലില്‍ ശശികല എന്ന സ്ത്രീയ്ക്ക് ഒരു കൊറിയര്‍ വരുന്നു. സ്ഥലത്തില്ലാതിരുന്ന ശശികല തന്റെ കൂട്ടുകാരിയും അയല്‍ക്കാരിയുമായ ബസവരാജേശ്വരിയോട് ആ കൊറിയര്‍ വാങ്ങി അതിലെന്താണെന്ന് നോക്കാന്‍ പറയുന്നു. പാഴ്സല്‍ തുറന്ന് നോക്കി അതിലുള്ള ഹെയര്‍ ഡ്രയര്‍ ഓണ്‍ ആക്കി നോക്കിയ ബസവരാജേശ്വരിയുടെ കയ്യിലിരുന്ന് ഈ വസ്തു പൊട്ടിത്തെറിക്കുന്നു. ഇവരുടെ കൈപ്പത്തി അറ്റു പോകുന്നു. ഇലക്ട്രിക് സര്‍ക്യൂട്ടോ മറ്റോ ആകാമെന്ന് കരുതിയാണ് സംഭവത്തില്‍ ഇല്‍ക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുന്നത്.വിശദമായി ഹെയര്‍ ഡ്രയര്‍ പരിശോധിച്ച പൊലീസിന് കണ്ടെത്താനായത് ചെറുബോംബുകള്‍ പൊട്ടിക്കാനുപയോഗിക്കുന്ന ഒരു ഡിറ്റണേറ്ററായിരുന്നു. ഇതോടെയാണ് കൊറിയര്‍ അയച്ചയാളെ തെരഞ്ഞ് പൊലീസ് പുറപ്പെട്ടത്. കൊപ്പല്‍ കുര്ട്ടഗേരി സ്വദേശിയായ സിദ്ദപ്പ ശീലാവന്ത് എന്നയാളാണ് കൊറിയര്‍ അയച്ചതെന്ന് വ്യക്തമായതോടെയാണ് പൊലീസിന് ഇതിലെ ട്വിസ്റ്റ് മനസ്സിലായത്. സിദ്ദപ്പയും പരിക്കേറ്റ ബസവരാജേശ്വരിയും പ്രണയത്തിലായിരുന്നു. ഭര്‍ത്താവ് മരിച്ച ബസവരാജേശ്വരി സിദ്ദപ്പയെ വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്നു. ഇതറിഞ്ഞ സുഹൃത്തും അയല്‍ക്കാരിയുമായ ശശികല ഇതിനെ എതിര്‍ത്തു. അതിന്റെ പക മൂലമാണ് സിദ്ദപ്പ ഹെയര്‍ ഡ്രയറില്‍ ബോംബും ഡിറ്റണേറ്ററും ഘടിപ്പിച്ച് ശശികലയ്ക്ക് അയച്ചത്. അവരെ കൊല്ലുക തന്നെയായിരുന്നു സിദ്ദപ്പയുടെ ലക്ഷ്യം. പക്ഷേ ഇരയായത് സ്വന്തം കാമുകി തന്നെയായെന്ന് മാത്രം. സിദ്ദപ്പയെ ഇല്‍ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ബസവരാജേശ്വരിയുടെ ഇരുകൈപ്പത്തികളും ശസ്ത്രക്രിയയിലൂടെ വച്ച് പിടിപ്പിക്കാന്‍ പോലും പറ്റാത്ത വിധം പൂര്‍ണമായി അറ്റ് പോയി. മുഖത്തും പൊള്ളലുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഇല്‍ക്കല്‍ പൊലീസും അറിയിച്ചു.