കണ്ണൂരിലെ കവർച്ച; ലോക്കര്‍ ഇരിക്കുന്ന സ്ഥലംവരെ മനസിലാക്കിയവരാണ് മോഷണത്തിന് പിന്നിലെന്ന് ബന്ധു.

കണ്ണൂര്‍:വളപട്ടണത്ത് വൻ കവർച്ച. വ്യാപാരിയുടെ വീട്ടില്‍ നിന്നും ഒരു കോടി രൂപയും 300 പവനും കവർന്നു. വളപട്ടണം മന്ന സ്വദേശി അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്അരിയുടെ മൊത്ത വ്യാപാരിയാണ് അഷ്‌റഫ്. വീട്ടുകാരും അഷ്‌റഫും മധുരയില്‍ വിവാഹത്തിനായി പോയിരുന്ന സമയത്താണ് മോഷണം നടന്നത്. കച്ചവടത്തിന്റെ കളക്ഷൻ തുകയാണ് നഷ്ടമായതെന്നാണ് അഷ്‌റഫിന്റെ ബന്ധുക്കള്‍ പറയുന്നത്.ഇന്നലെ രാത്രി വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കണ്ണൂർ റൂറല്‍ എസ്പിയടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തിയിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘം ഉണ്ടാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ ഒന്നും പറയാൻ പറ്റില്ലെന്നും റൂറല്‍ എസ്പി പറഞ്ഞു.ലോക്കറിലായിരുന്നു സ്വർണവും പണവും വെച്ചിരുന്നതെന്നാണ് വിവരം. ലോക്കറിന്റെ താക്കോല്‍ വേറൊരു അലമാരയില്‍ വെച്ച്‌ ആ അലമാര പൂട്ടി വേറൊരു അലമാരയില്‍ വെച്ചു. അതും പൂട്ടിയിട്ടാണ് വീട്ടുകാർ പോയത്. കളക്ഷൻ തുക പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വരുന്നത്. സാധാരണ പണം വന്നാല്‍ കൊണ്ടുപോയി ബാങ്കില്‍ അടയ്‌ക്കുകയാണ് പതിവ്. എന്നാല്‍ വീട്ടുകാർ സ്ഥലത്തില്ലാതിരുന്നതിനാല്‍ അടയ്‌ക്കാൻ കഴിഞ്ഞില്ല.19 നാണ് അഷ്‌റഫും കുടുംബവും മധുരയ്‌ക്ക് പോയത്. 20 ന് രാത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ ചിലർ മതിലുചാടുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൂന്ന് പേരുണ്ടെന്നാണ് നിഗമനം. രണ്ട് പേർ മതിലു ചാടുന്നതായി കാണാം. മുറിക്കുളളില്‍ ഒരാളെ മാത്രമേ ദൃശ്യങ്ങളില്‍ കാണാനുളളൂവെന്ന് അഷ്‌റഫിന്റെ ബന്ധുക്കള്‍ പറയുന്നു. മുഖംമൂടി ധരിച്ചെത്തി സിസിടിവി ക്യാമറ തിരിച്ചുവച്ചതിന് ശേഷമായിരുന്നു മോഷണം. ലൈറ്റും ഓഫാക്കി. അതുകൊണ്ടു തന്നെ ദൃശ്യങ്ങള്‍ പൂർണമായി ക്യാമറയില്‍ ലഭിച്ചിട്ടുമില്ല.മോഷ്ടാക്കള്‍ വീടിന്റെ സൈഡിലുളള മതില്‍ ചാടിയാണ് അകത്ത് കടന്നത്. പിന്നിലുളള ജന്നലിന്റെ കമ്പി ഇളക്കിമാറ്റി മുറികളിലെത്തി. വീടിനെക്കുറിച്ച്‌ അറിയാവുന്നവരാണ് മോഷണം നടത്താൻ സാദ്ധ്യതയെന്ന സംശയത്തിലാണ് പൊലീസ്. മറ്റ് സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *