ആഡംബര കപ്പലിൽ ലോകരാജ്യങ്ങളിൽ കറങ്ങി നടന്ന് പഠിക്കാം; ചരിത്രം മുതൽ ബിസിനസ് കോഴ്സുകൾ വരെ ലഭ്യം; ‘സെമസ്റ്റർ അറ്റ് സീ’ കടലിൽ ഒഴുകി നടക്കുന്ന കോളേജ്
കോളൊറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത കോളേജാണ് സെമസ്റ്റർ അറ്റ് സീ. സർവ്വകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഒരു സെമസ്റ്റര് ഇങ്ങനെ ചെലവഴിക്കാൻ കഴിയും. ഈ കോളേജിൽ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും കപ്പൽയാത്രയിലുടനീളം പങ്കാളിയാകുന്നു. അതിവിശാലമായ കപ്പലിൽ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. ഓരോ സെമസ്റ്ററിലും പത്ത് മുതൽ പന്ത്രണ്ട് വരെ രാജ്യങ്ങളിൽ കപ്പൽ സഞ്ചരിച്ച് എത്തും. ഫീൽഡ് പഠനങ്ങൾ ഇങ്ങനെ വിവിധ രാജ്യങ്ങളിൽ നേരിൽ ചെന്നാണ് നടത്തുന്നത്. കപ്പലിനുള്ളിൽ വിദ്യാർത്ഥികൾ തമ്മിൽ ശക്തമായ ബന്ധം വളരുന്നു എന്നത് ഒരു പ്രധാന കാര്യമാണ്കപ്പലിൽ സഞ്ചരിച്ച് പഠിക്കാൻ കഴിയുന്ന തരം കോഴ്സുകളാണ് സെമസ്റ്റർ അറ്റ് സീ കോളേജ് ഓഫർ ചെയ്യുന്നത്. കപ്പലിലെ എല്ലാ കോഴ്സുകളുടെയും കേന്ദ്രമായി ഒരു വിഷയം ഉണ്ടായിരിക്കും. അത് ഗ്ലോബൽ സ്റ്റഡീസ് ആണ്. ലോക സംസ്കാരം, സാമ്പത്തിക വ്യവസ്ഥ, ചരിത്രം എന്നിവയാണ് ഇതിൽ പഠിപ്പിക്കുക. ചരിത്രവും സാഹിത്യരചനയും ഫിലിം സ്റ്റഡീസും ഫിലോസഫിയും താരതമ്യ സാഹിത്യവും അടക്കമുള്ള നിരവധി കോഴ്സുകൾ കപ്പലിലുണ്ട്. ചരിത്രം പഠിക്കുന്നവർക്ക് തങ്ങൾ പഠിക്കുന്ന പ്രദേശങ്ങളെ നേരിൽ ചെന്ന് കാണാൻ കഴിയും. ഉദാഹരണത്തിന്, കേരളത്തിൽ ഇപ്പോൾ ഈ സർവ്വകലാശാലാ വിദ്യാർത്ഥികൾക്ക് പറവൂരിലെ പട്ടണം എക്സ്കവേഷൻ സൈറ്റിൽ നേരിൽ ചെന്ന് കാര്യങ്ങൾ അറിയാനാകും.അതിസമ്പന്നരായവര്ക്ക് മാത്രം സാധിക്കുന്ന ഒന്നാണ് സെമസ്റ്റർ അറ്റ് സീയിലെ കോഴ്സുകൾ. 30,000 മുതൽ 50,000 വരെ ഡോളർ ചെലവിട്ടാലേ സെമസ്റ്റർ അറ്റ് സീ കപ്പലിലെ കോഴ്സ് പൂർത്തിയാക്കാൻ കഴിയൂ. ലോണുകളും മറ്റും ലഭ്യമാക്കാൻ കോളേജ് സഹായിക്കാറുണ്ട്. കൂടാതെ മെറിറ്റ് അനുസരിച്ചുള്ള സ്കോളർഷിപ്പുകളും ലഭിക്കും. ഏത് രാജ്യക്കാർക്കും കോഴ്സിന് ചേരാൻ കഴിയും.
ട്യൂഷൻ ഫീസ് മാത്രം വരും 26000 മുതൽ 28,000 വരെ ഡോളർ. റൂമിന്റെ ചെലവ് 11000 ഡോളർ മുതൽ 13,000 ഡോളർ വരെയാകും. സൗകര്യം കൂടിയതും കുറഞ്ഞതുമായ കാബിനുകളുണ്ട്. അവയനുസരിച്ചിരിക്കും ചെലവുകൾ. പഠനസാമഗ്രികൾക്ക് 200 ഡോളർ വരെയാകാം. ആരോഗ്യപരമായ ചെലവുകൾ വേറെയും വന്നേക്കാം. ഇതുകൂടാതെ വിവിധ തുറമുഖങ്ങളിൽ കപ്പൽ അടുക്കുമ്പോൾ പുറത്തിറങ്ങി നടത്തുന്ന യാത്രകൾക്കും ഭക്ഷണത്തിനും വരുന്ന ചെലവുകളുമുണ്ട്. ഇതൊന്നും കോഴ്സിന്റെ ഭാഗമായി നൽകില്ല.
സാധാരണമായി മൂന്നര – നാല് മാസം വരെയാണ് ഓരോ കോഴ്സും നടക്കുക. ഓഗസ്റ്റ് മുതൽ ഡിസംബർ വരെ നീളുന്നതാണ് കോഴ്സുകളിലൊന്ന്. മറ്റൊരു കോഴ്സ് ജനുവരി മുതൽ ഏപ്രിൽ വരെ നീളുന്നത്. പരീക്ഷകളും പ്രോജക്ടുകളുമെല്ലാം ഈ സമയപരിധിക്കുള്ളിൽ തീരും. പഠിക്കുന്ന വിഷയങ്ങളെ നേരിൽ കണ്ടറിഞ്ഞ് പഠിക്കാൻ കഴിയുന്നു എന്നതാണ് ഈ കോഴ്സുകളുടെ പ്രത്യേകത. അത്യാഡംബര ജീവിതം നയിച്ചു കൊണ്ട് പഠനം ആഹ്ലാദകരമാക്കുകയും ചെയ്യാം. വ്യക്തിപരമായ വളർച്ചയ്ക്ക് ഗുണം ചെയ്യുന്ന കോഴ്ലുകൾ എന്ന നിലയിലാണ് അതിസമ്പന്നരായ ആളുകൾ ഇതിനെ കാണുന്നത്. അപൂർവ്വമായ ഒരു പഠന പരിപാടിയിൽ ഏർപ്പെടുന്നത് നൽകുന്ന സന്തോഷം വേറെ.