ചന്നപട്ടണയും ചതിച്ചു, നിഖിൽ കുമാരസ്വാമിക്ക് മൂന്നാം തോൽവി; കർണാടക ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം
ബെംഗളൂരു: കർണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങി കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിയുടെ മകനും മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനുമായ നിഖിൽ കുമാരസ്വാമി. ചന്നപട്ടണ മണ്ഡലത്തിൽ ഞെട്ടിക്കുന്ന തോൽവിയാണ് നിഖിൽ കുമാരസ്വാമിക്ക് നേരിടേണ്ടി വന്നത്. 25,413 വോട്ടുകൾക്ക് കോൺഗ്രസിന്റെ യോഗേശ്വരയോടാണ് നിഖിൽ തോറ്റത്.കന്നഡ സിനിമയിലെ പ്രമുഖ നടൻ കൂടിയായ നിഖിലിന് മണ്ഡലത്തിൽ ആകെ നേടാനായത് 87,229 വോട്ടുകൾ മാത്രമാണ്, മറുവശത്ത് കോൺഗ്രസിന് വേണ്ടി മത്സരിച്ച സിപി യോഗേശ്വര 1,12,642 വോട്ടുകൾ നേടിയാണ് നിയമസഭ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കർണാടകയിൽ ബിജെപിയുടെ സഖ്യ കക്ഷിയാണ് ജെഡിഎസ്തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നിഖിൽ കുമാരസ്വാമിക്ക് വേണ്ടി വമ്പൻമാർ തന്നെ രംഗത്തിറങ്ങിയിരുന്നു. എന്നിട്ടും ജയിക്കാനായില്ല എന്നതാണ് പാർട്ടിയെ അലട്ടുന്ന കാര്യം. ജെഡിഎസിന്റെ മക്കൾ രാഷ്ട്രീയത്തിന് എതിരെ നിരന്തരം വാദമുയർത്തികൊണ്ടാണ് കോൺഗ്രസ് പ്രചാരണത്തെ നേരിട്ടത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
നേരത്തെ മേഖലയിൽ നിന്ന് അഞ്ച് തവണ എംഎൽഎ ആയിട്ടുള്ള വ്യക്തിയാണ് നിഖിലിനെ തോൽപ്പിച്ച യോഗേശ്വര, അദ്ദേഹവും അറിയപ്പെടുന്ന നടൻ കൂടിയാണ്. എന്നാൽ കോൺഗ്രസിൽ എത്തുന്നതിന് മുൻപ് ബിജെപിയിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ഇത്തവണ ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് യോഗേശ്വര പാർട്ടി വിട്ട കോൺഗ്രസിലേക്ക് ചേക്കേറിയത്.അതേസമയം ഈ തോൽവിയോടെ നിഖിൽ കുമാരസ്വാമിയുടെ രാഷ്ട്രീയ ജീവിതമാണ് ചോദ്യ ചിഹ്നമാവുന്നത്. തുടർച്ചയായ മൂന്നാം തിരഞ്ഞെടുപ്പ് തോൽവിയാണ് നിഖിലിനെ തേടി എത്തുന്നത്. നിഖിൽ കുമാരസ്വാമി 2019ലെ ആദ്യ തിരഞ്ഞെടുപ്പിൽ മാണ്ഡ്യ ലോക്‌സഭാ സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി സുമലതയോട് പരാജയപ്പെടുകയായിരുന്നുപിന്നീട് നാല് വർഷങ്ങൾക്ക് ശേഷം 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാമനഗരയിൽ കോൺഗ്രസിന്റെ ഇക്ബാൽ ഹുസൈനോട് പരാജയപ്പെടുകയും ചെയ്‌തിരുന്നു. ഇതോടെ ഹാട്രിക് തോൽവി എന്ന നാണക്കേടാണ് നിഖിലിനെ തേടി എത്തിയിരിക്കുന്നത്.ഇതെനി ഏത് രീതിയിൽ നിഖിൽ കുമാരസ്വാമിയെ ബാധിക്കുമെന്നാണ് അറിയേണ്ടത്.അതിനിടെ കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസാണ് വിജയിച്ചത്. കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകൻ ഭരത് ബൊമ്മൈ ഷിഗാഗാവ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ യാസിർ പഠാനോട് പരാജയപ്പെട്ടത് ബിജെപിക്കും ക്ഷീണമാണ്. കൂടാതെ സന്ദൂരിൽ ബിജെപിയുടെ ബംഗാര ഹനുമന്തയെ കീഴടക്കി കോൺഗ്രസിന്റെ അന്നപൂർണ തുക്കാറാം പട്ടിക പൂർത്തിയാക്കി.