വയനാടിന്റെ കൈപിടിച്ച് പ്രിയങ്ക പാര്‍ലമെന്റിലേക്ക്; 4 ലക്ഷത്തിലേറെ ഭൂരിപക്ഷം
വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി പ്രിയങ്ക ഗാന്ധി. ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ തന്നെ 404619 വോട്ടിന്റെ ഭൂരിപത്തിലാണ് പ്രിയങ്ക ജയിച്ചത്. പ്രിയങ്ക ഗാന്ധിക്ക് 612020 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിന്റെ സത്യന്‍ മൊകേരിക്ക് 107401 വോട്ട് മാത്രമെ ലഭിച്ചുള്ളൂ. എന്‍ഡിഎയുടെ നവ്യ ഹരിദാസ് 108080 വോട്ട് നേടി.2024 ല്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം മറികടന്നാണ് പ്രിയങ്കയുടെ മിന്നും ജയം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടിലും റായ്ബറേലിയിലും വിജയിക്കുകയും റായ്ബറേലി നിലനിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് 3.65 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്.പോളിംഗില്‍ ഇടിവുണ്ടായിരുന്നില്ലെങ്കില്‍ അഞ്ച് ലക്ഷത്തിലേക്ക് പ്രിയങ്കയുടെ ഭൂരിപക്ഷം കടക്കുമായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 74 ശതമാനമായിരുന്നു പോളിംഗ്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ഇത് 65 ശതമാനമായി ഇടിഞ്ഞിരുന്നു. 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 80 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. അന്ന് 4.31 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം രാഹുലിന് ലഭിച്ചിരുന്നു.