ബ്രിട്ടന്റെ മുൻ ഉപ പ്രധാനമന്ത്രി ആയിരുന്ന ജോൺ പ്രെസ്‌കോട്ട് അന്തരിച്ചു;

മുൻ ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്ന പ്രെസ്കോട്ട് 1997 ലെ പൊതുതെരഞ്ഞെടുപ്പിൽ ലേബറിൻ്റെ തകർച്ചയ്ക്ക് ശേഷം ടോണി ബ്ലെയറിൻ്റെ ഉപപ്രധാനമന്ത്രിയായി 10 വർഷം സേവനം ചെയ്തിരുന്നു.

ലണ്ടൻ: ബ്രിട്ടന്റെ മുൻ ഉപ പ്രധാനമന്ത്രി ആയിരുന്ന ജോൺ പ്രെസ്‌കോട്ട് അന്തരിച്ചു. ഏറെ നാളുകളായി അൽഷിമേഴ്സ് രോഗ ബാധിതനായി കെയർ സെന്ററിൽ കഴിയുകയായിരുന്നു ജോൺ പ്രെസ്‌കോട്ട്. മുൻ ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്ന പ്രെസ്കോട്ട് 1997 ലെ പൊതുതെരഞ്ഞെടുപ്പിൽ ലേബറിൻ്റെ വൻ തകർച്ചയ്ക്ക് ശേഷം ടോണി ബ്ലെയറിൻ്റെ ഉപപ്രധാനമന്ത്രിയായി 10 വർഷം സേവനം ചെയ്തത്. 1938ൽ വെയിൽസിൽ റെയിൽവേ സിഗ്നൽ ജീവനക്കാരന്റെ മകനായി ജനിച്ച പ്രെസ്കോട്ട് 15ാം വയസിൽ പഠനം ഉപേക്ഷിച്ച് പല വിധ തൊഴിലുകൾ ചെയ്തതിന് ശേഷമാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. കെയർ സെന്ററിൽ സമാധാന പൂർവ്വമായിരുന്നു അന്ത്യമെന്നാണ് കുടുംബം വിശദമാക്കുന്നത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ജേംസ് ഗോർഡൻ ബ്രൗൺ, ടോണി ബ്ലെയർ എന്നിവരടക്കമുള്ളവർ ജോൺ പ്രെസ്‌കോട്ടിന് അനുശോചനമറിയിച്ച് ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ കണ്ട ഏറ്റവും കഴിവുള്ള വ്യക്തിയായിരുന്നു പ്രെസ്കോട്ടെന്നാണ് ടോണി ബ്ലെയർ പ്രതികരിച്ചത്.

നേതൃത്വത്തെ ആധുനികവൽക്കരിക്കുന്നതിനിടയിലും ലേബർ പാർട്ടിയുടെ പരമ്പരാഗത മൂല്യങ്ങൾ കൈവെടിയാത്ത പ്രവർത്തനമായിരുന്നു പ്രെസ്കോട്ടിന്റേത്. ബ്ലെയറും ബ്രൌണും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ച കാലത്ത് ഇടനിലക്കാരനായി പ്രവർത്തിച്ചതും പ്രെസ്കോട്ടായിരുന്നു. പരിസ്ഥിതി, ഗതാഗതം തുടങ്ങിയ മേഖലകളിലായിരുന്നു അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നത്. 2001ൽ നോർത്ത് വെയിൽസിൽ പ്രചാരണം നടത്തുന്നതിനിടെ തനിക്കെതിരെ മുട്ട വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചയാളെ പ്രെസ്കോട്ട് മുഖത്തിടിച്ച് വീഴ്ത്തിയിരുന്നു. നാല് ദശാബ്ദത്തോളം എംപിയായിരുന്ന പ്രെസ്കോട്ടാണ് ബ്രിട്ടനിൽ ഏറ്റവുമധികം കാലം ഉപപ്രധാനമന്ത്രിയായിരുന്ന വ്യക്തി.

ടൈറ്റൻ എന്നാണ് പ്രെസ്കോട്ടിനെ ബ്രൌൺ വിശേഷിപ്പിച്ചത്. കർക്കശ സ്വഭാവക്കാരാനായിരുന്നുവെങ്കിലും എല്ലാവരോടും മികച്ച രീതിയിലായിരുന്നു പ്രെസ്കോട്ട് പെരുമാറിയിരുന്നതെന്നാണ് ബ്രൌൺ വിശദമാക്കുന്നത്. ലോർഡ്സ് അംഗമായിരുന്ന അദ്ദേഹം ആരോഗ്യ പ്രശ്നങ്ങൾ ആരംഭിച്ചതിന് ശേഷം ഒരിക്കൽ മാത്രമാണ് ചേംബറിൽ സംസാരിച്ചത്. 2019ൽ പക്ഷാഘാതം നേരിട്ടതിന് ശേഷം 2023 ഫെബ്രുവരിയിൽ മാത്രമാണ് അദ്ദേഹം വോട്ട് ചെയ്തത്. ഇറാഖ് യുദ്ധത്തിൽ ബ്രിട്ടന്റെ പങ്കിനെ ശക്തമായി അപലപിച്ച വ്യക്തി കൂടിയായിരുന്നു പ്രെസ്കോട്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *