ഹോട്ടലിൽ നിന്ന് ഫ്രീ വോഡ്ക, വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം, നിരവധിപ്പേർ ചികിത്സയിൽ, വ്യാജമദ്യമെന്ന് സംശയം;

വിയന്റിയൻ: തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിൽ അമേരിക്കയിൽ നിന്നുള്ള വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. ഒരേ സ്ഥലത്ത് നിന്ന് മദ്യപിച്ചവർ അവശനിലയിൽ ആയതിന് പിന്നാലെയാണ് യുവാവിന്റെ മരണം. വിനോദ സഞ്ചാരികൾ കഴിച്ചത് വ്യാജ മദ്യമോ, വിഷ മദ്യമോ ആണെന്ന സംശയത്തിലാണ് അധികൃതരുള്ളത്.സംഭവം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പ്രാദേശിക ഭരണകൂടത്തോട് മരണ കാരണം കണ്ടെത്താൻ നിർദ്ദേശം നൽകിയതായാണ് അധികൃതർ വിശദമാക്കുന്നത്. ഡെൻമാർക്കിൽ നിന്നുള്ള രണ്ട് വിനോദ സഞ്ചാരികളും വാംഗ് വിയംഗിൽ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഓസ്ട്രേലിയൻ സ്വദേശികളായ രണ്ട് വിനോദ സഞ്ചാരികൾ അവശ നിലയിൽ തായ്ലാൻഡിൽ ചികിത്സ തേടിയതായാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവരും ലാവോസിൽ വച്ച് മദ്യപിച്ചിരുന്നു. ബാക്ക് പാക്കിംഗ് അവധി ആഘോഷത്തിനായി എത്തിയ 19കാരികളാണ് ചികിത്സയിൽ കഴിയുന്നത്. രണ്ട് ദിവസം മുൻപ് ഇവർ തങ്ങിയിരുന്ന ഹോട്ടലിന്റെ ആതിഥ്യ മര്യാദയുടെ പേരിൽ സൌജന്യമായി നൽകിയ ലാവോ വോഡ്ക ഇവർ കഴിച്ചിരുന്നു. നൂറിലേറെ പേരാണ് അന്ന് ഇവർക്കൊപ്പം ലാവോ വോഡ്ക കഴിച്ചത്. മെൽബണിൽ നിന്ന് ഇവരുടെ ബന്ധുക്കൾ തായ്ലാൻഡിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മദ്യത്തിന് പകരമായി മെഥനോൾ ഉപയോഗിച്ചതാവും വിനോദ സഞ്ചാരികളെ ബാധിച്ചതെന്നാ സൂചനയാണ് പ്രാദേശിക മാധ്യമങ്ങൾ നൽകുന്നത്. ലാവോസിലെ വാംഗ് വിയംഗ് സാഹസിക പ്രിയരായ സഞ്ചാരികൾക്കും പാർട്ടികൾ ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *