ഡൽഹിയിലെ വിഷവായു; പടക്കങ്ങളുടെ ഓൺലൈൻ വിൽപന നിർത്തി; 50% ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
ന്യൂഡൽഹി ∙ വായുമലിനീകരണം കൂടിയതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി. ദേശീയ തലസ്ഥാന പ്രദേശത്ത് (എൻസിടി).പടക്കങ്ങളുടെ ഓൺലൈൻ വിൽപനയും വിതരണവും ഉടൻ നിർത്തണമെന്ന് എല്ലാ സമൂഹമാധ്യമ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോടും ഡൽഹി പൊലീസ് നിർദേശിച്ചു. വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി പടക്ക നിർമാണം, സംഭരണം, പൊട്ടിക്കൽ എന്നിവ പൂർണമായും നിരോധിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണു നടപടി.ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ, സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്ക് ഇ-മെയിൽ വഴി രേഖാമൂലം നിർദേശം നൽകിയെന്നു ഡൽഹി പൊലീസ് അറിയിച്ചു. പടക്ക നിരോധനത്തെക്കുറിച്ച് ഉപയോക്തക്കളെ അറിയിക്കാൻ പൊതു അറിയിപ്പ്പ്രസിദ്ധീകരിക്കും. നിരോധന കാലയളവിൽ പടക്കങ്ങളുള്ള ലോഡുകൾ സ്വീകരിക്കുകയോ കൊണ്ടുപോകുകയോ വിതരണം.ചെയ്യുകയോ ചെയ്യരുതെന്നു ഡെലിവറി കമ്പനികൾക്കും നിർദേശം നൽകി.വായുമലിനീകരണം വർധിക്കുന്നതിനാൽ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനാണു നടപടികളെന്നും പൊലീസ് വ്യക്തമാക്കി.തുടർച്ചയായ ദിവസങ്ങളിൽ വായുമലിനീകരണം ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ ഇന്നുമുതൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ 50% വർക്ക് ഫ്രം ഹോം നടപ്പാക്കും. ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ഉൾപ്പെടെ 80 വകുപ്പുകളിലായി സർക്കാരിന് കീഴിൽ 1.4 ലക്ഷം ജീവനക്കാരാണുള്ളത്. അവശ്യസേവനങ്ങളായ ആശുപത്രി, ശുചീകരണം, പൊതുഗതാഗതം, അഗ്നിരക്ഷാ സേന, പൊലീസ്, വൈദ്യുതി, പൊതുവിതരണം, ജല സംസ്കരണം തുടങ്ങിയവ സാധാരണ പോലെ പ്രവർത്തിക്കും.