ജുമുഅ ഖുതുബയുടെ ഉള്ളടക്കം മുന്‍കൂട്ടി അറിയിക്കണം; ഛത്തിസ്ഗഡില്‍ പുതിയ നിയമം
റായ്പൂർ : രാജ്യത്ത് ജുമുഅ ഖുതുബ നിരീക്ഷിക്കുന്ന ആദ്യ സംസ്ഥാനമായി ഛത്തിസ്ഗഡ്. സംസ്ഥാനത്തെ പള്ളികളിലെ ഖുതുബയുടെ ഉള്ളടക്കം നേരത്തെ അറിയിക്കണമെന്ന് ബി.ജെ.പി സർകാരിനു കീഴിലുള്ള വഖ്ഫ് ബോർ പള്ളി മുതവല്ലിമാര്ക്ക് (നടത്തിപ്പുകാര്) നിര്ദേശം നല്കി.
നവംബര് 22 മുതല് ഇതു നിലവിൽ വരുമെന്നും ബി.ജെ.പി ന്യൂനപക്ഷ മോറിച്ച നേതാവും ഛത്തിസ്ഗഡ് വഖ്ഫ് ബോര്ഡ് ചെയര്മാനുമായ സലിംരാജ് അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസമാണ് സര്ക്കാര് ഇറക്കിയത്. ഉത്തരവ് വാട്ട്സ്‌ആപ്പിലൂടെയാണ് പള്ളി മുതവല്ലിമാര്ക്ക് നല്കിയതെന്ന് വഖ്ഫ് ബോര്ഡ് അറിയിച്ചു.സംസ്ഥാനത്ത് ബി.ജെ.പി സര്ക്കാര് അധികാരത്തില്വന്നതിന് ശേഷം ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള തുടര്ച്ചയായ നീക്കങ്ങള്ക്കിടെയാണ് വിവാദ നിര്ദേശം. പള്ളികളില് ഖുർ ആൻ അനുസരിച്ചാണ് ഖുതുബ നിര്വഹിക്കേണ്ടതെന്നും മറിച്ച് രാഷ്ട്രീയം അല്ല വിഷയമാക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് വഖ്ഫ് ബോര്ഡിന്റെ നടപടി. ഛത്തിസ്ഗഡിലെ എല്ലാ പള്ളികളും വഖ്ഫ് ബോര്ഡിന്റെ നിയന്ത്രണത്തിലാണ്. സംസ്ഥാനത്താകെ 3,842 ഓളം പള്ളികളാണുള്ളത്.അതേസമയം, വഖ്ഫ് ബോര്ഡിന്റെ വിവാദ നടപടിക്കെതിരേ പ്രതിപക്ഷം രംഗത്തുവന്നു. മതകാര്യങ്ങളില് ഇടപെടാനുള്ള സര്ക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് സംസ്ഥാന കോണ്ഗ്രസ് വക്താവ് സുശീല് ആനന്ദ് ശുക്ല പ്രതികരിച്ചു. സര്ക്കാരിന്റെ അധികാരപരിധിക്ക് പുറത്തുകടന്നാണ് നിര്ദേശം പുറപ്പെടുവിച്ചത്. വഖ്ഫ് ബോര്ഡിന്റെ ജോലി വഖ്ഫിന്റെ സ്വത്തുക്കള് സംരക്ഷിക്കലാണ്. ഇമാമുമാര് നടത്തുന്ന പ്രസംഗങ്ങള് അംഗീകരിക്കുകയോ അത് നിരീക്ഷിക്കുകയോ അല്ല അവരുടെ ചുമതലയെന്നിരിക്കെ വഖ്ഫ് ബോര്ഡിന്റെ നടപടി മതസ്വാതന്ത്ര്യത്തിന് എതിരായ ആക്രമണമാണ്- കോണ്ഗ്രസ് വ്യക്തമാക്കി.തീര്ത്തും മതാചാരമായ ജുമുഅ ഖുതുബക്ക് മേല് ഇടപെടാന് വഖ്ഫ് ബോര്ഡിന് അധികാരമില്ലെന്നും ഇത്തരം നടപടികള് മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനയുടെ 25 ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്നും ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല് മുസ്ലിമീന് നേതാവും മുസ്ലിം വ്യക്തി നിയമ ബോര്ഡ് നിര്വാഹകമസിതിയംഗവുമായ അസദുദ്ദീന് ഉവൈസി എം.പി പറഞ്ഞു.