തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ വിജയ്; ധര്‍മപുരിയില്‍ പോരിനിറങ്ങുമെന്ന് ടിവികെ

ചെന്നൈ: തമിഴക വെട്രിക്കഴകം അധ്യക്ഷനും നടനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ധർമപുരി ജില്ലയില്‍നിന്ന് മത്സരിക്കാനൊരുങ്ങുന്നു.ജില്ലയിലെ ഒരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് വിജയ് ആലോചിക്കുന്നതെന്ന് ടി.വി.കെ. ധർമപുരി ജില്ലാ സെക്രട്ടറി ശിവ പറഞ്ഞു. ധർമപുരിയില്‍ നടന്ന ജില്ലാ യോഗത്തിലായിരുന്നു വെളിപ്പെടുത്തല്‍. ജില്ലയിലെ ഒരു മണ്ഡലത്തില്‍നിന്ന് വിജയ് മത്സരിക്കുമെന്നും എല്ലാവരും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രയത്നിക്കണമെന്നും ശിവ പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.വണ്ണിയർ സമുദായത്തിന് നിർണായക സ്വാധീനമുള്ള ജില്ലയാണ് ധർമപുരി. വണ്ണിയർ പാർട്ടിയായ പി.എം.കെ.യുടെ കോട്ടയായി കരുതുന്ന ജില്ലകൂടിയാണ്. വിജയ് ഇവിടെനിന്ന് മത്സരിക്കുമെന്ന സൂചന പുറത്ത് വന്നതോടെ ടി.വി.കെ.യും പി.എം.കെ.യും സഖ്യമുണ്ടാക്കുമെന്ന് വിലയിരുത്തലുമുണ്ട്. ടി.വി.കെ.യുമായി സഖ്യമുണ്ടാക്കുന്ന പാർട്ടികളുമായി കൂട്ടുകക്ഷി ഭരണത്തിന് തയ്യാറാണെന്ന് വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂട്ടുകക്ഷി ഭരണ സഖ്യത്തിലാകും പി.എം.കെ.യെന്ന് കഴിഞ്ഞദിവസം പാർട്ടി അധ്യക്ഷൻ അൻപുമണി രാമദാസും പറഞ്ഞിട്ടുണ്ട്.ഇതേസമയം, ജാതിമത വേർതിരിവിനെതിരാണെന്ന് ടി.വി.കെ. എന്ന് പറയുന്ന വിജയ് ജാതി പാർട്ടിയായ പി.എം.കെ.യുമായി സഖ്യമുണ്ടാക്കാൻ സാധ്യത കുറവാണെന്ന വിലയിരുത്തലുകളുമുണ്ട്. ദളിത് പാർട്ടിയായ വി.സി.കെ.യുമായി അടുപ്പം പുലർത്താൻ ടി.വി.കെ. ശ്രമിക്കുന്നുണ്ട്. വി.സി.കെ.യുടെ പ്രഖ്യാപിത എതിരാളികളാണ് പി.എം.കെ. അതിനാല്‍ രണ്ട് പാർട്ടികളുമായി ഒരേ സമയം സഖ്യത്തിന് ടി.വി.കെ. ശ്രമിക്കാനുള്ള സാധ്യതയും കുറവാണ്. അതിനാല്‍, പി.എം.കെ.യുമായി സഖ്യമില്ലാതെ തന്നെ ധർമപുരിയില്‍നിന്ന് വിജയ് മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

Sharing

Leave your comment

Your email address will not be published. Required fields are marked *