പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം; നാളെ നിശബ്ദ പ്രചരണം
പാലക്കാട് :പതിമൂന്നിന് നടത്താനിരുന്നതാണെങ്കിലും കല്‍പ്പാത്തി രഥോത്സവം കാരണം മാറ്റിവെച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന് ഇന്നു സമാപനം.കേരളം മുഴുവന്‍ ഉറ്റുനോക്കുന്ന മണ്ഡലമായി പാലക്കാട് മാറിയതിനു പിന്നില്‍ നേതാക്കളുടെ മുന്നണിമാറ്റവും കള്ളപ്പണ ആരോപണവും വ്യാജ വോട്ടും ഉള്‍പ്പെടെ ഒട്ടേറെ വിവാദങ്ങളുണ്ടായിരുന്നു. ഒന്നര മാസം നീണ്ട പരസ്യപ്രചാരണത്തിനു ശേഷം ഇന്നു നടക്കുന്ന കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണു മുന്നണികള്‍. തിരഞ്ഞെടുപ്പു കഴിഞ്ഞു രണ്ടു ദിവസത്തിനുശേഷം 23നു തന്നെ ജനവിധി അറിയാമെന്ന പ്രത്യേകതയുമുണ്ട്.ദേശീയ, സംസ്ഥാന നേതാക്കളടക്കം ദിവസങ്ങളോളം പാലക്കാട് ക്യാംപ് ചെയ്തു പ്രചാരണത്തിനു നേതൃത്വം നല്കി. ചേലക്കരയിലും വയനാട്ടിലും തിരഞ്ഞെടുപ്പു കഴിഞ്ഞതിനാല്‍ അവിടത്തെ സ്ഥാനാര്‍ഥികളും പ്രചാരണത്തിനു പാലക്കാട്ട് എത്തിയിട്ടുണ്ട്.