ഇലോണ്‍ മസ്ക് ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയതായി;
ന്യൂയോർക്ക്: ട്രംപ് അമേരിക്കൻ പ്രസിഡൻ്റായി വിജയിച്ചപ്പോള്‍ ഏറ്റവും ദുഖിച്ച രാജ്യങ്ങളിലൊന്ന് ഇറാനായിരുന്നു.അവരുടെ ആണവ പദ്ധതിക്കുമേല്‍ ട്രംപ് എന്നും കരിനിഴലായിരുന്നു. അമേരിക്കയുമായി ഒരു ഉഭയകക്ഷി ചർച്ച തുറന്നുകിട്ടാനായി കാത്തിരിക്കുകയായിരുന്നു ഇറാൻ.ട്രംപ് ഭരണകൂടത്തില്‍ നിര്‍ണായക പദവി ലഭിച്ചതിന് പിന്നാലെ ടെസ്ല ഉടമ ഇലോണ്‍ മസ്ക് ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മസ്ക് ലോകത്തിലെ ഏറ്റവും വലിയ കോടിശ്വരനാണ്, ബിസിനസുകാരനാണ്. നയതന്ത്രത്തില്‍ മസ്ക് ശോഭിക്കുമോ? ഇറാനു ലാഭമായിരിക്കുമോ നഷ്ടമായിരിക്കുമോ സംഭവിക്കുക? തുടങ്ങിയ കാര്യങ്ങള്‍ വഴിയേ അറിയാം. ബിസിനസ് താല്പര്യമാണോ, അമേരിക്ക എന്ന രാജ്യത്തിന്റെ താല്പര്യമാണോ മസ്കിനെ നയിക്കുന്നത് തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്.തിങ്കളാഴ്ച രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് മസ്കും ഇറാൻ അംബാസഡർ അമീർ സഈദ് ഇരാവനിയും കണ്ടുമുട്ടിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടതായാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് ഉപരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇളവുകള്‍ തേടാനും ടെഹ്റാനില്‍ ബിസിനസ് സാധ്യതകള്‍ കണ്ടെത്താനും ഇറാൻ അംബാസഡർ മസ്കിനോട് ആവശ്യപ്പെട്ടതായി ഇറാൻ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട്.ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയും അംബാസഡർ അമീർ സഈദ് ഇരാവനിയും തമ്മിലുള്ള കൂടിക്കാഴ്ചയെ “പോസിറ്റീവ്” എന്ന് വിശേഷിപ്പിച്ചതായി അജ്ഞാത ഇറാനിയൻ വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.
കൂടിക്കാഴ്ച സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണമില്ല. ട്രംപ് ടീമും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇറാനുമായുള്ള നയതന്ത്രബന്ധത്തിന് ട്രംപ് നല്കുന്ന പ്രാധാന്യത്തിന്റെ സൂചനയാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. പശ്ചിമേഷ്യയിലെ സംഘർഷങ്ങളില്‍ ഇസ്രയേലിനൊപ്പം നില്ക്കുന്ന നിലപാടായിരുന്നു റിപ്പബ്ലിക്കൻ പാർട്ടി ഇതുവരെ സ്വീകരിച്ചിരുന്നത്. നേരത്തെ, ഇസ്രയേലിനുമേല്‍ ഇറാൻ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകർക്കണമെന്ന് ആവശ്യപ്പെട്ട വ്യക്തിയാണ് ട്രംപ്. തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെ വിഷയത്തില്‍ ബൈഡൻ സ്വീകരിച്ചിരുന്ന നിലപാടുകളെ ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു.ബരാക് ഒബാമയുടെ കാലത്ത് ചർച്ച ചെയ്ത ഇറാൻ്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു കരാർ ട്രംപ് തൻ്റെ കഴിഞ്ഞ ഭരണകാലത്ത് വലിച്ചുകീറി ദൂരെ കളയുകയും ഇറാനുമേല്‍ കടുത്ത ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത വ്യക്തിയാണ് ട്രംപ്
അതേ സമയം യുറേനിയം സമ്ബുഷ്ടീകരണം എന്ന ഇറാൻ പദ്ധതിക്കായി സർവ തന്ത്രങ്ങളും പയറ്റുകയാണ് ഇറാൻ. ഇറാൻ ഇസ്രയേലിനു നേരെ മിസൈലുകള്‍ പായിച്ചതും ഇസ്രയേലുമായുള്ള സംഘർഷം നിലനിർത്തുന്നതും അമേരിക്കയുമായി ഒരു ചർച്ച തുറന്നുകിട്ടാനായിരുന്നു എന്നു വിലയിരുത്തുന്നവരുമുണ്ട്.രാജ്യത്തിൻ്റെ “സമാധാനപരമായ” ആണവ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാൻ ടെഹ്റാൻ ആഗ്രഹിക്കുന്നുവെന്ന് മിതവാദിയായി കണക്കാക്കപ്പെടുന്ന ഇറാനിയൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ വ്യാഴാഴ്ച യുഎൻ ആണവ നിരീക്ഷണ സംഘത്തോട് പറഞ്ഞു.