യു.എസിന്റെ HIMARS-നോട് കിടപിടിക്കും; മെയ്ക്ക് ഇൻ ഇന്ത്യ PINAKA വാങ്ങാൻ ഫ്രാൻസും അര്‍മേനിയയും
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഗൈഡഡ് പിനാക ആയുധസംവിധാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയകരം. ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് ഉന്നംവെക്കുന്ന സമയത്തെ ആയുധസംവിധാനത്തിന്റെ പരിധി, കൃത്യത, സ്ഥിരത തുടങ്ങിയവ പരിശോധിക്കുന്നതിനു വേണ്ടിയായിരുന്നു പരീക്ഷണം.മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴില്‍ ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചതാണിത്.പ്രതിരോധഗവേഷണ വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒ. ആണ് പരീക്ഷണം നടത്തിയത്. വിവിധ ഫീല്‍ഡ് ഫയറിങ് റേഞ്ചുകളില്‍ മൂന്ന് ഘട്ടങ്ങളായിട്ടായിരുന്നു പരീക്ഷണം. രണ്ട് ഇൻ-സർവീസ് പിനാക ലോഞ്ചറുകളില്‍ ഓരോന്നില്‍നിന്നും 12 റോക്കറ്റുകളുടെ പരീക്ഷണമാണ് ഡി.ആർ.ഡി.ഒ വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കിയത്.പരീക്ഷണ വിജയത്തില്‍ ഡി.ആർ.ഡി.ഒ.യെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രശംസിച്ചു. റോക്കറ്റ് സംവിധാനം ഇന്ത്യൻ സേനയിലേക്ക് സംയോജിപ്പിക്കുന്നതിന് മുൻപുള്ള എല്ലാ പരീക്ഷണങ്ങളും ഇതോടെ പൂർത്തിയായതായി ഡി.ആർ.ഡി.ഒ. അറിയിച്ചു.
അമേരിക്കയുടെ ഹിമാർസ്(HIMARS) സംവിധാനത്തിന് തുല്യമായി കണക്കാക്കപ്പെടുന്ന സംവിധാനമാണ് ഇന്ത്യയുടെ പിനാക. സംഘർഷബാധിത പ്രദേശമായ അർമേനിയയില്‍ നിന്നാണ് പിനാകയ്ക്ക് ആദ്യ ഓർഡർ ലഭിച്ചത്. ഇപ്പോള്‍, ഫ്രാൻസും തങ്ങളുടെ സൈനികശക്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായി നൂതന റോക്കറ്റ് സംവിധാനത്തില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫ്രാൻസുമായി ചർച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകള്‍. അടുത്ത ആഴ്ചകളില്‍ പിനാക പരീക്ഷിക്കാൻ ഫ്രാൻസ് തീരുമാനിച്ചതായും സൂചനകളുണ്ട്.റഷ്യൻ ഗ്രാഡ് ബിഎം-21 റോക്കറ്റ് ലോഞ്ചറിന് പകരമായാണ് ഇന്ത്യൻ സേനയില്‍ പിനാക സംവിധാനം വിന്യസിച്ചത്. 1999-ലെ കാർഗില്‍ യുദ്ധകാലത്തായിരുന്നു ആദ്യവിന്യാസം. യുദ്ധത്തിനിടെ, ഉയർന്ന പ്രദേശത്തുള്ള പാക് പൊസിഷനുകള്‍ തകർക്കുന്നതില്‍ പിനാക വഹിച്ച പങ്ക് ഏറെ പ്രധാനമാണ്.