ട്രംപിന്റെ ക്യാബിനറ്റിലെ ഡോജിന്റെ ചുമതല വഹിക്കാൻ മലയാളിയായ ഗണപതി രാമസ്വാമിയുടെ മകൻ വിവേക് രാമസ്വാമി;

വാഷിങ്ടൻ: മലയാളിയായ ഗണപതി രാമസ്വാമിയുടെ മകൻ യുഎസ് പ്രസിഡന്റ് ട്രംപിന്റെ ക്യാബിനറ്റില്‍ നിർണ്ണായക പദവി വഹിക്കാനൊരുങ്ങുന്നു എന്നത് മലയാളികള്‍ക്കും അഭിമാനിക്കാനുള്ള ഒരു കാരണമാണ്.39കാരനായ വിവേക് രാമസ്വാമിക്ക് ട്രംപ് നല്‍കിയിരിക്കുന്നത് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യൻസിയുടെ (ഡോജ്/DOGE)ചുമതലയാണ്. വിവേകിനൊപ്പം സാക്ഷാല്‍ ഇലോണ്‍ മസ്കിനും ഈ ചുമതല പങ്കിട്ടു നല്‍കിയിരിക്കുന്നു. ഇത് പുതുതായി രൂപീകരിക്കപ്പെട്ട ഒരു ഡിപ്പാർട്ട്മെന്റാണ്.ഡോജ് എന്നത് യഥാർഥത്തില്‍ യുഎസ് ഗവണ്‍മെന്റിന്റെ ഔദ്യോഗിക ഭരണവകുപ്പ് അല്ല. വൈറ്റ്ഹൗസിനെയും ഗവണ്‍മെന്റിന്റെ ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റിനെയും നയരൂപീകരണത്തില്‍ ഉപദേശിക്കുകയായിരിക്കും ഡോജിന്റെ ദൗത്യം. ഇലോണ്‍ മസ്കിന്റെ പ്രിയപ്പെട്ട ക്രിപ്റ്റോകറൻസിയായ ഡോജ്കോയിനോട് സാമ്യമുള്ളതാണ് പേരെന്നതിനാല്‍, ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഡോജ്കോയിന്റെ മൂല്യവും കൂടിത്തുടങ്ങിയിട്ടുണ്ട്.
1985 ഓഗസ്റ്റ് 9ന് അമേരിക്കയിലെ ഒഹായോയിലാണ് വിവേകിന്റെ ജനനം. ഇക്കുറി റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ വിവേക് രാമസ്വാമിയും രംഗത്തുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ട്രംപിനുവേണ്ടി വഴിമാറി. ജന്മംകൊണ്ട് അമേരിക്കക്കാരൻ ആയതുകൊണ്ടാണ് വിവേകിന് പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള മത്സരത്തില്‍ പങ്കെടുക്കാൻ സാധിച്ചത്.പാലക്കാട് വടക്കഞ്ചേരി ബാലവിഹാറില്‍ സി.ആർ. ഗണപതി അയ്യരുടെ മകൻ വി.ജി. രാമസ്വാമിയാണ് വിവേകിന്റെ അച്ഛൻ. അമ്മ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ഗീത രാമസ്വാമി. ഭാര്യ ഉത്തർപ്രദേശ് സ്വദേശി അപൂർവ തിവാരി. അപൂർവയുമൊത്ത് ഏതാനും വർഷം മുമ്ബ് വിവേക് കേരളത്തില്‍ വന്നിരുന്നു. കുടുംബത്തില്‍ തമിഴാണ് സംസാരിക്കുന്നതെങ്കിലും വിവേകിന് മലയാളവും അറിയാം.ഒഹായോയിലെ ജെസ്യൂട്ട് ഹൈസ്കൂളിലായിരുന്നു വിവേകിന്റെയും അനുജൻ ശങ്കർ രാമസ്വാമിയുടെയും പ്രാഥമിക വിദ്യാഭ്യാസം. 2007ല്‍ ഹാർവഡ് സർവകലാശാലയില്‍ നിന്ന് ബയോളജിയില്‍ ബിരുദം നേടിയ വിവേക്, 2013ല്‍ യേല്‍ സർവകലാശാലയില്‍ നിന്ന് നിയമ ബിരുദവും സ്വന്തമാക്കി. 29-ാം വയസ്സിലാണ് റോയ്‍വന്റ് സയൻസസ് എന്ന സ്വന്തം സംരംഭത്തിന് തുടക്കമിട്ടത്.ഫോബ്സ് മാഗസിന്റെ അണ്ടർ 30, അണ്ടർ 40 ശതകോടീശ്വര സംരംഭപ്പട്ടികയില്‍ ഇടംപിടിച്ച വിവേക് രാമസ്വാമിയുടെ ആസ്തി 100 കോടി ഡോളറിന് മുകളിലാണ് (ഏകദേശം 8,400 കോടി രൂപ). 2014ല്‍ അദ്ദേഹം സ്ഥാപിച്ച റോയ്‍വന്റ് സയൻസസ് എന്ന ബയോടെക് കമ്ബനിയാണ് പ്രധാന വരുമാനസ്രോതസ്സ്. മരുന്നുല്‍പാദന സ്ഥാപനമായ റോയ്‍വന്റ് സയൻസസിന്റെ ഉപകമ്ബനി മ്യോവന്റ് സയൻസസ് 2016ല്‍ യുഎസ് ഓഹരി വിപണിയായ നാസ്ഡാക്കില്‍ 218 മില്യണ്‍ ഡോളർ ഐപിഒയിലൂടെ സമാഹരിച്ച്‌ ലിസ്റ്റ് ചെയ്തിരുന്നു. യുഎസിലെ ആ വർഷത്തെ ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നായിരുന്നു അത്.

ഇലോണ്‍ മസ്കിനെപ്പോലെ ക്രിപ്റ്റോകളുടെ ആരാധകനാണ് വിവേകും. വിവേകിന്റെ നിക്ഷേപങ്ങളില്‍‌ നല്ലൊരുപങ്കും ബിറ്റ്കോയിൻ, എഥറിയം എന്നിവയിലാണ്. ക്രിപ്റ്റോ പേയ്മെന്റ്സ് സ്ഥാപനമായ മൂണ്‍മണി, യൂട്യൂബിന്റെ എതിരാളികളായ റംപിള്‍ എന്നിവയിലും അദ്ദേഹത്തിന് നിക്ഷേപ പങ്കാളിത്തമുണ്ട്. സംരംഭകൻ എന്നതിന് പുറമേ എഴുത്തുകാരനും പ്രഭാഷകനുമാണ് വിവേക് രാമസ്വാമി. നേഷൻ ഓഫ് വിക്ടിംസ്, ക്യാപിറ്റലിസ്റ്റ് പണിഷ്മെന്റ് എന്നിവയാണ് ശ്രദ്ധേയ പുസ്തകങ്ങള്‍.

Sharing

Leave your comment

Your email address will not be published. Required fields are marked *