ഇസ്രായേല്‍ സൈന്യത്തിനുള്ള 134 ബുള്‍ഡോസറുകള്‍ തടഞ്ഞ് യുഎസ്; ആയുധ ഉപരോധത്തില്‍ ഗസ്സ-ലബനാൻ കരയാക്രമണം പ്രതിസന്ധിയില്‍

വാഷിങ്ടണ്‍: ഭാഗികമായാണെങ്കിലും യുഎസ് ആയുധ ഉപരോധം ഗസ്സയിലും ലബനാനിലുമുള്ള സൈനികനീക്കത്തെ ബാധിക്കുന്നതായി ഇസ്രായേല്‍ മാധ്യമം.നടപടി ഇസ്രായേല്‍ സൈന്യത്തിനു വെല്ലുവിളിയാകുമെന്നാണ് ‘യെദിയോത്ത് അക്രോനോത്ത്’ റിപ്പോർട്ട് ചെയ്തത്. ഇസ്രായേലിലേക്ക് ആയുധങ്ങള്‍ നല്‍കുന്നത് പലതരത്തില്‍ യുഎസ് നിർത്തിവച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. 134 ബുള്‍ഡോസറുകള്‍ നല്‍കുന്നത് യുഎസ് ഭരണകൂടം തടഞ്ഞതായാണു പുതിയ വിവരം. ബോയിങ്ങില്‍നിന്നു വാങ്ങിയ 1,300 യുദ്ധസാമഗ്രികള്‍ അയയ്ക്കുന്നതും തടഞ്ഞിട്ടുണ്ട്.ഇസ്രായേല്‍ നേരത്തെ ഓർഡർ ചെയ്യുകയും പണമടക്കുകയും ചെയ്ത ഡി9 ബുള്‍ഡോസറുകള്‍ ഇനിയും അയച്ചിട്ടില്ല. യുഎസ് കമ്ബനിയായ കാറ്റർപില്ലർ ആണ് ഈ ബുള്‍ഡോസറുകള്‍ നിർമിക്കുന്നത്. ഇതിനായി ശതകോടികള്‍ യുഎസ് കമ്പനിക്കു കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ബുള്‍ഡോസറുകള്‍ ഇസ്രായേലിനു കൈമാറുന്നത് യുഎസ് വിദേശകാര്യ മന്ത്രാലയം തടഞ്ഞിരിക്കുകയാണെന്നാന്ന് രണ്ട് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച്‌ യെദിയോത്ത് റിപ്പോർട്ട് ചെയ്യുന്നത്.ഗസ്സയില്‍ കെട്ടിടങ്ങള്‍ തകർക്കാനാണ് ഈ ബുള്‍ഡോസറുകള്‍ എത്തിക്കുന്നത്. ഇതിനെതിരെ യുഎസില്‍ വൻ വിമർശനം ഉയർന്നിരുന്നു. ജനരോഷത്തിനു പുറമെ ഭരണകൂടത്തിനകത്തും ഇടപാടിനെതിരെ ശക്തമായ സമ്മർദമുണ്ട്. ഇതേതുടർന്നാണ് ജോ ബൈഡൻ ഭരണകൂടം ബുള്‍ഡോസർ ഇടപാട് മരവിപ്പിച്ചത്.യുഎസ് നടപടി ഗസ്സയില്‍ കരയാക്രമണം നടത്തുന്ന ഐഡിഎഫിനു വൻ തിരിച്ചടിയാകുമെന്ന് ഇസ്രായേല്‍ മാധ്യമം സൂചിപ്പിക്കുന്നു. ഗസ്സയില്‍ മാസങ്ങളായി സൈനിക ആക്രമണത്തിന്റെ ഭാഗമായുള്ള മിക്ക ഡി9 ബുള്‍ഡോസറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവ അറ്റകുറ്റപണി ചെയ്യേണ്ട സ്ഥിതിയിലാണുള്ളതെന്നാണ് ഗസ്സയില്‍ ആക്രമണത്തിനു മേല്‍നോട്ടം വഹിക്കുന്ന കമാൻഡർമാർ യെദിയോത്ത് അക്രോനോത്തിനോട് വ്യക്തമാക്കിയത്. ഇതിനിടയിലാണ് തെക്കൻ ലബനാനില്‍ കൂടി ഐഡിഎഫ് കരയാക്രമണം ആരംഭിച്ചത്. ഇവിടെയും വലിയ തോതില്‍ ബുള്‍ഡോസറുകള്‍ ആവശ്യമുണ്ട്.അടുത്തിടെ ജബാലിയയിലെ അഭയാർഥി ക്യാംപില്‍ ഉള്‍പ്പെടെ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിക്കിടെ നിരവധി ഐഡിഎഫ് സൈനികരും കൊല്ലപ്പെട്ടിരുന്നു. ഔദ്യോഗിക കണക്കുപ്രകാരം 21 ഇസ്രായേല്‍ സൈനികരാണ് ജബാലിയയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ പലതും സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചായിരുന്നു മരണം. മതിയായ ബുള്‍ഡോസറുകള്‍ ഇല്ലാത്തതും നിലവിലുള്ളവ പ്രവർത്തനക്ഷമമല്ലാത്തതുമാണ് ഇത്രയും ആള്‍നാശത്തിനു കാരണമെന്നാണ് ഐഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. ഇതുമൂലം ഹമാസ് തുരങ്കങ്ങള്‍ തകർക്കാനും ഐഡിഎഫ് പ്രയാസപ്പെടുകയാണ്.വടക്കൻ ഇസ്രായേലിലും ലബനാൻ അതിർത്തിയിലും ഏക്കർ കണക്കിന് കാടുകളുണ്ട്. ഇവിടെ ഹിസ്ബുല്ലയുടെ രഹസ്യ തുരങ്കങ്ങളും ആയുധപ്പുരകളുമുണ്ടെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. ഈ ഒളിസങ്കേതങ്ങളില്‍നിന്നാണ് ഗലീലി, ഹൈഫ ഉള്‍പ്പെടെയുള്ള വടക്കൻ പ്രദേശങ്ങളില്‍ ഹിസ്ബുല്ല ആക്രമണം നടത്തുന്നതെന്നും ആരോപണമുണ്ട്. ബുള്‍ഡോസർ എത്തിയാലേ ഈ കാടുകളെല്ലാം നിരപ്പാക്കി സുരക്ഷാ ഭീഷണി ഒഴിവാക്കാനാകൂവെന്നാണ് ഐഡിഎഫ് വാദിക്കുന്നത്.ഗസ്സ മുനമ്പിനും പടിഞ്ഞാറൻ നെഗേവിനും ഇടയില്‍ ഒരു കി.മീറ്റർ ദൂരത്തില്‍ ബഫർ സോണ്‍ സ്ഥാപിക്കാൻ ഐഡിഎഫിന്റെ സതേണ്‍ കമാൻഡ് നീക്കം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഫലസ്തീനിലെ കെട്ടിടങ്ങളും കൃഷിസ്ഥലങ്ങളുമെല്ലാം നിരപ്പാക്കിയിരുന്നു. എന്നാല്‍, യന്ത്രസാമഗ്രികളുടെ അപര്യാപ്തത മൂലം നടപടി പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. യുഎസ് ബുള്‍ഡോസർ ഇടപാട് തടഞ്ഞത് ഇതിനെയും സാരമായി ബാധിക്കുമെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ പറയുന്നത്. അതിർത്തിയിലെ നീക്കത്തെ നേരത്തെ തന്നെ യുഎസ് ശക്തമായി എതിർത്തിരുന്നു.യുഎസിന്റെ സാമ്പത്തിക സഹായം കൂടാതെ ഇസ്രായേല്‍ സ്വന്തമായി പണം നല്‍കി ബോയിങ്ങില്‍നിന്നു വാങ്ങിയ നൂറുകണക്കിനു യുദ്ധസാമഗ്രികളാണ് അമേരിക്കയില്‍ തന്നെ കിടക്കുന്നത്. ടണ്‍കണക്കിനു ഭാരമുള്ള സാമഗ്രികളാണ് ഓരോന്നും. സാധാരണക്കാർക്കെതിരെ ഉപയോഗിക്കുമെന്നു കാണിച്ചാണ് ഇത് ഇസ്രായേലിലേക്ക് അയ്ക്കുന്നത് അമേരിക്ക തടഞ്ഞത്. ഇതോടെ സ്വകാര്യ കമ്പനികളില്‍നിന്ന് വാടകയ്‌ക്കെടുത്താണ് വിവിധ യുദ്ധസാമഗ്രികള്‍ ഐഡിഎഫ് ഉപയോഗിക്കുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *