പ്രതികാര റോഡ് ഷോ ; എല്‍ഡിഎഫ് ഓഫീസിലേക്ക് ലോറി ഇടിച്ചു കയറ്റാനും ശ്രമം ; ചേലക്കരയില്‍ നാടകീയ നീക്കങ്ങളുമായി പി വി അൻവര്‍

തൃശ്ശൂർ : ചേലക്കരയില്‍ പിവി അൻവറിന്റെ പ്രതികാര റോഡ് ഷോ. 30 ലോറികളുമായി എത്തി നഗരത്തെ സ്തംഭിപ്പിച്ചായിരുന്നു പ്രചാരണ ഷോ നടത്തിയത്.റോഡ് ഷോക്ക് പോലീസ് അനുമതി നിഷേധിച്ചതിന്റെ പ്രതികാരം ആയിട്ടായിരുന്നു ഡിഎംകെയുടെ ഈ നാടകീയ നീക്കങ്ങള്‍. സംഭവത്തില്‍ ചേലക്കരയിലെ ആവശ്യഗതാഗത സൗകര്യങ്ങള്‍ പോലും മണിക്കൂറുകളോളം സ്തംഭിച്ചു.പ്രകടനത്തിനിടെ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറ്റാനും ശ്രമം ഉണ്ടായി. ചേലക്കര ഉപതിരഞ്ഞെടുപ്പിലെ ഡിഎംകെയുടെ സ്ഥാനാർത്ഥി എൻ കെ സുധീറിന്റെ പ്രചാരണത്തിനോട് അനുബന്ധിച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകേണ്ട വഴിയാണ് പി വി അൻവർ 30ഓളം ലോറികള്‍ കൊണ്ടുവന്ന് തടസ്സപ്പെടുത്തിയത്.ലോറികള്‍ നിരയായി നീണ്ടുകിടന്നതോടെ റോഡിലെ ഗതാഗതം പൂർണമായും സ്തംഭിച്ചു. ഇതോടെ പോലീസ് വാഹനങ്ങള്‍ക്കരികിലെത്തി തടഞ്ഞു. തുടർന്ന് പോലീസും ഡിഎംകെ പ്രവർത്തകരുമായി വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രകോപിതരായ ഡിഎംകെ പ്രവർത്തകർ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറ്റാൻ ശ്രമിച്ചത്.മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനാല്‍ ആണ് പി വി അൻവറിന്റെ പാർട്ടിയുടെ റോഡ് ഷോ തടഞ്ഞത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിനുള്ള പ്രതികാര നടപടി ആയിരുന്നു അൻവറിന്റെ ഭാഗത്തുനിന്നും ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തി കൊണ്ട് ഉണ്ടായത്. ഡിഎംകെയുടെ ഈ നീക്കം തടയാൻ പോലീസിന് കഴിയാഞ്ഞതും സ്ഥിതിഗതികള്‍ വഷളാക്കി. അതേസമയം 30 ലോറികളുമായി നടത്തിയ റോഡ് ഷോയില്‍ പി വി അൻവർ പങ്കെടുത്തിരുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *