‘സ്വയം കുസൃതി ഒപ്പിച്ച് അതിനെതിരെ പരാതിപ്പെടുന്നത് ഐ.എ.എസുകാരില്‍ കൂടി വരുന്നു’ -മല്ലുഹിന്ദു ഗ്രൂപ്പ് വിവാദത്തില്‍ ‘കലക്ടര്‍ ബ്രോ’ എൻ. പ്രശാന്ത്;
തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ-വാണിജ്യ ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരെ തുറന്നടിച്ച് എൻ. പ്രശാന്ത്. സിവില്‍ സർവിസ് ഉന്നതോദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരിലേക്ക് വിരല്‍ചൂണ്ടുന്ന വിവരങ്ങളാണ് കലക്ടർ ബ്രോയെന്ന പേരില്‍ അറിയപ്പെട്ട എൻ. പ്രശാന്ത് ഐഎഎസ് ഫേസ്ബുക് കുറിപ്പിലൂടെ വെളിപ്പെടുത്തുന്നത്.’സ്വയം കുസൃതികള്‍ ഒപ്പിച്ച ശേഷം ആ കുസൃതിക്കെതിരെ പരാതിപ്പെടുന്ന പ്രവണത ഐ.എ.എസുകാരില്‍ കൂടി വരുന്നില്ലേ എന്ന് നാം ശങ്കിക്കേണ്ടിയിരിക്കുന്നു. ”ഉന്നതി” ചെയർമാനും എനിക്കും കാര്യങ്ങള്‍ ഓർമ്മയുണ്ടെങ്കിലും മറ്റ് ചിലരുടെ ഓർമ്മശക്തി ആരോ ‘ഹാക്ക്’ ചെയ്തതാണോ എന്നൊരു സംശയം! ‘മെറ്റ’ക്കൊരു കത്തയച്ചാലോ?’ -പ്രശാന്ത് ചോദിക്കുന്നു.താൻ ചെയർമാനായിരുന്ന എസ്.സി, എസ്.ടി വകുപ്പിനു കീഴിലുള്ള ‘ഉന്നതി’യുമായി ബന്ധപ്പെട്ട ഒരു പത്രവാർത്തയെ വിശകലനം ചെയ്താണ് പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. തനിക്കെതിരായ വാർത്തക്ക് പിന്നില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ആണെന്നും അദ്ദേഹം പറയുന്നു. ‘ഇപ്പോള്‍ വാർത്ത വന്നതിന് പിന്നില്‍ ജയതിലക് എന്ന വ്യക്തി തന്നെയാണ് മാടമ്ബള്ളിയിലെ യഥാർത്ഥ ചിത്തരോഗി. തിടമ്ബിനേയും തിടമ്ബേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയില്‍ തിടമ്ബേല്‍ക്കാൻ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകള്‍ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ്’ -പ്രശാന്ത് വ്യക്തമാക്കുന്നു.’ഉന്നതി’യുമായി ബന്ധപ്പെട്ട കുറേ ഫയലുകള്‍ കാണ്‍മാനില്ലെന്നും എൻ. പ്രശാന്ത് ചുമതല വഹിച്ചപ്പോള്‍ അവിടെ എന്തൊക്കെയോ ഗുരുതര വീഴ്ചകളുണ്ടായെന്നുമൊക്കെയാണ് വാർത്ത. എന്നാല്‍, കഴിഞ്ഞ മാർച്ച് മാസം തനിക്ക് സ്ഥാനമാറ്റമുണ്ടായപ്പോള്‍ അന്നത്തെ ചെയർമാനും മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണന് ഉന്നതിയുടെ എല്ലാ രേഖകളും ഫയലുകളും ഒദ്യോഗികമായി കൈമാറിയിരുന്നു. വാർത്ത കണ്ടശേഷം കെ. രാധാകൃഷ്ണനെ വിളിച്ച് സംസാരിക്കുകയും പ്രസ്തുത രേഖകള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥർ രേഖാമൂലം ഒപ്പിട്ട് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ഓർത്ത് പറയുകയും ചെയ്തു