പ്രഭാത നടത്തം അവസാനിപ്പിച്ച് നിയുക്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്;
ഇന്ത്യന്‍ സുപ്രീം കോടതിയുടെ അമ്പത്തിയൊന്നാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ്.ഇപ്പോള്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഒരു ശീലം ഉപേക്ഷിച്ചിരിക്കുകയാണ്. മറ്റൊന്നുമല്ല പ്രഭാതനടത്തം! തന്റെ വീടിന് ചുറ്റുമുള്ള ലോദി ഗാര്‍ഡന്‍ പ്രദേശത്ത് കുറച്ച് ദൂരം എന്നും നടക്കുന്ന സ്വഭാവം എല്ലാ പ്രഭാതങ്ങളിലും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തെ ആരും തിരിച്ചറിയാറും ഇല്ലായിരുന്നു. എന്നാല്‍ അടുത്ത ചീഫ് ജസ്റ്റിസായി അധികാരമേല്‍ക്കാനുള്ള നിര്‍ദേശം ലഭിച്ചതിന് പിന്നാലെ പ്രഭാത നടത്തില്‍ ഒപ്പം സുരക്ഷാ ഉദ്യോഗസ്ഥനെയും ഒപ്പം കൂട്ടണമെന്ന നിര്‍ദേശമുണ്ടായി. എന്നാല്‍ അത് പതിവില്ലാത്ത ഒരു കാര്യമായതിനാല്‍ ഇനി നടക്കാന്‍ താന്‍ പോകുന്നില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു അദ്ദേഹം.ദില്ലി സര്‍വകലാശാല ക്യാമ്ബസ് ലോ സെന്ററില്‍ നിന്നും നിയമ ബിരുദം സ്വന്തമാക്കിയ അദ്ദേഹത്തെ ദില്ലിയുടെ മുക്കിലും മൂലയിലുമുള്ള എല്ലാവര്‍ക്കുമറിയാം. ഇപ്പോഴും തന്റെ സ്‌കൂള്‍ കോളേജ് സഹപാഠികളുമായി ബന്ധം കാത്തുസൂക്ഷിക്കുന്ന അദ്ദേഹം സ്വയം ഡ്രൈവ് ചെയ്ത് അവരുടെ വീടുകളില്‍ പോകാറുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാമറ കണ്ണുകളില്‍ നിന്നും പബ്ലിസിറ്റിയില്‍ നിന്നും മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന അദ്ദേഹം ഇപ്പോഴും സിംപ്ലിളാണെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.മെയില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ എത്തുന്ന അദ്ദേഹത്തെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് നിര്‍മാണ്‍ ഭവനിലെ പോളിംഗ് സെന്ററില്‍ സ്വന്തം കാറിലെത്തി വോട്ടു ചെയ്ത് മടങ്ങുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക കാറില്‍ സുരക്ഷ ഉദ്യോഗസ്ഥരോടൊപ്പം എത്തുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ചീഫ് ജസ്റ്റിസായി ആറു മാസമായിരിക്കും ജസ്റ്റിസ് ഖന്നയുടെ കാലവധി. അദ്ദേഹം മെയ് 13, 2025ല്‍ വിരമിക്കും.